ക്രിസ്മസ് തലേന്ന് ‘10 രൂപ’ ആശ്വാസവുമായി സ്വർണം; അനങ്ങാതെ വെള്ളി
Mail This Article
സംസ്ഥാനത്ത് സ്വർണവില ഗ്രാമിന് ഇന്ന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ നിന്നശേഷമാണ് ഇന്ന് വില താഴ്ന്നത്. ഗ്രാമിന് 7,090 രൂപയിലും പവന് 56,720 രൂപയിലുമാണ് വ്യാപാരം. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,860 രൂപയായി. വെള്ളിവില ഗ്രാമിന് 95 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.
ക്രിസ്മസ് അവധിയുടെ ആലസ്യത്തിലാണ് രാജ്യാന്തര വിപണി. ഔൺസിന് 2,620 ഡോളർ നിലവാരത്തിൽ തന്നെ വില തുടരുന്നു. അതേസമയം, മറ്റ് കറൻസികൾക്കെതിരെ ഡോളർ ശക്തിയാർജിക്കുന്നത് സ്വർണത്തിന്റെ രാജ്യാന്തരതലത്തിലെ വാങ്ങൽച്ചെലവ് കൂടാനിടയാക്കുമെന്നാണ് വിലയിരുത്തൽ. മാത്രമല്ല, ഡോളറിനെതിരെ രൂപ തളരുന്നത് ഇന്ത്യയിലെ ആഭ്യന്തര വിലയുടെ കയറ്റത്തിന് ആക്കവും കൂട്ടുമെന്ന് നിരീക്ഷകർ വാദിക്കുന്നു.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് 2025ൽ അടിസ്ഥാന പലിശനിരക്ക് കാര്യമായി കുറയ്ക്കില്ലെന്ന വിലയിരുത്തലും ഡോളറിന് കുതിപ്പേകും. ഇസ്രയേൽ-ഹമാസ്, റഷ്യ-യുക്രെയ്ൻ യുദ്ധങ്ങൾക്ക് ശമനമില്ലാത്തതും ആഗോളതലത്തിൽ സ്വർണത്തിന് മികച്ച ഡിമാൻഡ് ഉണ്ടെന്നതും വിലയെ ഉയരത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business