ADVERTISEMENT

പുതുവർഷപ്പിറവി ദിനത്തിൽ സ്വർണവിലയുടെ മുന്നേറ്റം. കേരളത്തിൽ ഗ്രാമിന് 40 രൂപ വർധിച്ച് 7,150 രൂപയായി. 320 രൂപ ഉയർന്ന് 57,200 രൂപയാണ് ഗ്രാം വില. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. ആ ‘നഷ്ടം’ ഇന്ന് സ്വർണവില നികത്തി. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 30 രൂപ ഉയർന്ന് 5,905 രൂപയായി. വെള്ളിവിലയിൽ മാറ്റമില്ല; ഗ്രാമിന് 93 രൂപ. രാജ്യാന്തര സ്വർണവില ഔൺസിന് 2,624 ഡോളർ നിലവാരത്തിൽ തുടരുകയാണ്.

സ്വർണവിലയുടെ മുന്നേറ്റ ആവേശം അടങ്ങിയിട്ടില്ലെന്നും 2025 ‘സ്വർണവർഷമായി’ മാറുമെന്നുമാണ് നിരീക്ഷക പ്രവചനങ്ങൾ. വിലക്കുതിപ്പ് തുടരാനുള്ള സാധ്യതകൾ നോക്കാം.

1) പലിശനിരക്ക് കുറയും

ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്ക് ഉൾപ്പെടെ ആഗോളതലത്തിൽ പ്രമുഖ ബാങ്കുകളെല്ലാം 2025ൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്നാണ് സൂചനകൾ. റിസർവ് ബാങ്ക് ഫെബ്രുവരിയിലെ ധനനയ നിർണയ യോഗത്തിൽ റീപ്പോനിരക്ക് 0.25% കുറച്ചേക്കാം. പലിശനിരക്ക് താഴുന്നത് കടപ്പത്രങ്ങൾ, ബാങ്ക് സ്ഥിരനിക്ഷേപങ്ങൾ എന്നിവയെ അനാകർഷകമാക്കും. ഇത് സ്വർണനിക്ഷേപ പദ്ധതികളിലേക്ക് നിക്ഷേപം ഒഴുകാൻ വഴിവയ്ക്കും. വില ഉയരും.

2) ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ

ഇസ്രയേൽ-ഹമാസ്, റഷ്യ-യുക്രെയ്ൻ യുദ്ധങ്ങൾക്ക് 2025ലും ശമനമില്ലെങ്കിൽ അത് ആഗോള സമ്പദ്‍വ്യവസ്ഥ, രാജ്യാന്തര വ്യാപാരം, ഓഹരി-കടപ്പത്ര വിപണികൾ എന്നിവയ്ക്ക് തിരിച്ചടിയാകും. ഇതും സ്വർണനിക്ഷേപ പദ്ധതികൾക്കാണ് ഗുണമാകുക.

Image: iStock/Devrimb
Image: iStock/Devrimb

3) കരുതൽ സ്വർണശേഖരം

ഇന്ത്യയുടെ ഉൾപ്പെടെ വിദേശനാണയ ശേഖരത്തിൽ നല്ലൊരു പങ്ക് സ്വർണമുണ്ട്. ആഗോള സമ്പദ്‍രംഗം അനിശ്ചിതാവസ്ഥയിലാകുകയും കറൻസി മൂല്യം അസ്ഥിരപ്പെടുകയും ചെയ്താൽ റിസർവ് ബാങ്ക് ഉൾപ്പെടെ കേന്ദ്രബാങ്കുകൾ വിദേശനാണയ ശേഖരത്തിൽ ഡോളറും മറ്റും കൂട്ടിച്ചേർക്കുന്നതിന് പകരം സ്വർണം വാങ്ങിക്കൂട്ടിയേക്കും. 2024ൽ ഇത് ദൃശ്യമായിരുന്നു. 2025ലും ഈ പ്രവണത തുടരാം. സ്വർണ ഡിമാൻഡ് വർധിക്കുന്നത് വിലക്കുതിപ്പിന് വളമാകും.

4) ട്രംപിന്റെ നയങ്ങൾ

യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ഈമാസം ചുമതലയേൽക്കും. അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങളും നികുതി പരിഷ്കാരങ്ങളും ആഗോള വ്യാപാരയുദ്ധത്തിന് വഴി തുറന്നേക്കാം. ഇത് ഓഹരി വിപണിക്ക് തിരിച്ചടിയായാൽ അതും സ്വർണത്തിന് ഗുണം ചെയ്യും. ഇറക്കുമതിച്ചുങ്കം വർധിപ്പിക്കൽ, ആഭ്യന്തര നികുതി കുറയ്ക്കൽ, ഗവൺമെന്റിന്റെ സാമ്പത്തികച്ചെലവ് ഉയർത്തൽ എന്നിങ്ങനെയുള്ള ട്രംപിന്റെ നടപടികൾ യുഎസിൽ പണപ്പെരുപ്പം കൂടാൻ ഇടവരുത്തിയേക്കാം. ഇത് പലിശനിരക്ക് ഉയർന്നതലത്തിൽ നിലനിർത്താൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിനെ നിർബന്ധിതരാക്കും. ഇത് സ്വർണക്കുതിപ്പിന്റെ ആക്കം കുറയ്ക്കാൻ സഹായിക്കും.

നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.  (Photo by Andrew Harnik / GETTY IMAGES NORTH AMERICA / Getty Images via AFP)
നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. (Photo by Andrew Harnik / GETTY IMAGES NORTH AMERICA / Getty Images via AFP)

എവിടെവരെ ഉയരും സ്വർണം?

ഫിച്ച്, ജെഎം ഫിനാൻഷ്യൽ സർവീസസ് തുടങ്ങിയവ ഉൾപ്പെടെയുള്ള രാജ്യാന്തര ഏജൻസികളുടെ വിലയിരുത്തൽ പ്രകാരം 2025 അവസാനത്തോടെ സ്വർണവില ഔൺസിന് 2,900-3,000 ഡോളർ എത്തിയേക്കും. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില 65,000-70,000 രൂപയാകും. രൂപയുടെ മൂല്യം ദുർബലമാകുന്നതും സ്വർണവിലയുടെ കുതിപ്പിന്റെ വേഗം കൂട്ടും. അതേസമയം, 2026ൽ ലാഭമെടുപ്പ് തകൃതിയായേക്കാമെന്നും വില 2,300 ഡോള‍ർ വരെ തിരിച്ചിറങ്ങിയേക്കാമെന്നും ഓസ്ട്രേലിയൻ ഓഫിസ് ഓഫ് ദ് ചീഫ് ഇക്കണോമിസ്റ്റ് കരുതുന്നു. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ പവൻവില 55,000 രൂപയ്ക്ക് താഴെയെത്തിയേക്കാം.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Gold Price Today: 2025 Begins with Gold Price Surge; Experts Predict a Golden Year Ahead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com