പുതുവർഷ അർമാദത്തിൽ സ്വർണം; ഇന്നും വിലയിൽ മുന്നേറ്റം, വെള്ളിയും മേലോട്ട്
Mail This Article
പുതുവർഷ പിറവിദിനത്തിലെ വിലക്കയറ്റാവേശം രണ്ടാംദിനത്തിലും തുടർന്ന് സ്വർണവില. കേരളത്തിൽ ഇന്ന് ഗ്രാമിന് 30 രൂപ ഉയർന്ന് വില 7,180 രൂപയായി. 240 രൂപ വർധിച്ച് പവൻവില 57,440 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കൂടിയിരുന്നു. 18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 25 രൂപ ഉയർന്ന് 5,930 രൂപയായി. വെള്ളി വിലയും കൂടി. ഗ്രാമിന് ഒരു രൂപ വർധിച്ച് 94 രൂപയിലാണ് ഇന്ന് വ്യാപാരം.
രാജ്യാന്തര സ്വർണവില ഔൺസിന് ഇന്നലത്തെ 2,624 ഡോളറിൽ നിന്ന് ഇന്ന് 2,632 ഡോളറിൽ എത്തി. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്ക് ശമനമില്ലാത്തതും ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമയും സ്വർണവില കൂടാൻ ഇടയാക്കുകയാണ്. അതേസമയം, യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് ഇനി കാര്യമായി വെട്ടിക്കുറയ്ക്കില്ലെന്ന വിലയിരുത്തൽ വിലക്കുതിപ്പിന്റെ ആക്കം കുറയ്ക്കുന്നുമുണ്ട്.
പുതുവർഷത്തിൽ രാജ്യാന്തര, ആഭ്യന്തര സ്വർണവില പുതിയ ഉയരത്തിലേക്ക് കുതിച്ചേക്കാമെന്നാണ് വിലയിരുത്തലുകൾ. അതിന്റെ കാരണങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business