കിരാനകൾ അടച്ചുപൂട്ടുന്നു, 'ക്വിക് കൊമേഴ്‌സ്' കൊഴുക്കുന്നു, 'വില യുദ്ധ'ത്തിനിടയിൽ ഇന്ത്യയുടെ വളർച്ച കുറയുന്നോ?
Mail This Article
ഇന്ത്യയിൽ ഉപഭോഗം മൊത്തത്തിൽ താഴ്ന്ന നിലയിലാണ്. എഫ് എം സി ജി കമ്പനികൾ ഇക്കാര്യം കുറച്ചു നാളുകളായി ആവർത്തിച്ചു പറയുന്നുണ്ട്. പണപ്പെരുപ്പം കൂടുമ്പോൾ, കൈയിൽ ചെലവഴിക്കാനുള്ള പണം കുറയുന്നതാണ് താഴെ തട്ടിലേയും ഗ്രാമങ്ങളിലെയും ഉപഭോഗം കുറയാനുള്ള പ്രധാന കാരണം. ഇത് തന്നെയാണ് കമ്പനികളുടെ ലാഭത്തെയും പരോക്ഷമായി ബാധിക്കുന്നത്. ഇന്ത്യൻ ചെറുകിട റീറ്റെയ്ൽ കടകളിൽ(കിരാന കടകൾ) ദീപാവലി സീസണിൽ പോലും വിചാരിച്ച കച്ചവടം ഉണ്ടായില്ല. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ കിരാന കടകൾ പലതും അടച്ചു പൂട്ടലിന്റെ വക്കിലാണ്. ആയിരക്കണക്കിന് ചെറുകിട കടക്കാരാണ് ഈ വർഷം ആദ്യം മുതൽ കച്ചവടം അവസാനിപ്പിച്ചത്.
ക്വിക് കോമേഴ്‌സ് കളം പിടിക്കുന്നു
ഇൻസ്റ്റമാർട്ട്, ബ്ലിങ്കിറ്റ്, സെപ്റ്റോ, ബിബി നൗ തുടങ്ങി 'ക്വിക് കോമേഴ്‌സ്' കമ്പനികൾ ഇന്ത്യൻ നഗരങ്ങളിലെ ഉപഭോക്താക്കളെ മൊത്തത്തിൽ കൈയ്യിലെടുത്തിരിക്കുകയാണ്. കടുത്ത 'പ്രൈസ് വാർ'കളിലൂടെയാണ് ഇവർ കളം പിടിക്കുന്നത്. 30 ശതമാനം മുതൽ 50 ശതമാനം വരെ വിലകുറവ് ഒട്ടുമിക്ക ഉൽപന്നങ്ങൾക്കും നൽകിയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നതും, നിലനിർത്തുന്നതും. ഇത്രയും വിലക്കുറവിൽ ചെറുകിട കടകൾക്ക് ഒരു രീതിയിലും സാധനങ്ങൾ വിൽക്കാനാകില്ല. മൊത്തക്കച്ചവടക്കാർക്കും കൂടുതൽ സാധനങ്ങൾ ഒറ്റയടിക്ക് ചെലവാകുന്നതിനാൽ മാർജിൻ കുറഞ്ഞാലും ക്വിക്ക് കൊമേഴ്‌സ് കമ്പനികളെയാണ് പ്രിയം.
കിരാനകൾ പൂട്ടുന്നതും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും
ഇന്ത്യയിലെ കിരാന സ്റ്റോറുകൾ അടച്ചുപൂട്ടുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ പല തരത്തിൽ പ്രതികൂലമായി ബാധിക്കും. ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനത്തെ പിന്തുണയ്ക്കുന്ന ബിസിനസുകളാണ് കിരാന സ്റ്റോറുകൾ. ഈ കടകൾ പൂട്ടുന്നത് വലിയ രീതിയിൽ തൊഴിൽ നഷ്ടത്തിന് കാരണമാകുന്നുണ്ട്. കിരാനകൾ പൂട്ടുമ്പോൾ വിതരണ ശൃംഖല തടസപ്പെടുന്നത് താഴെ തട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. പ്രാദേശിക വിതരണക്കാരും, കർഷകരും, ട്രാൻസ്പോർട്ടർമാരും, വിൽപ്പനയ്ക്കും വിതരണത്തിനും കിരാന സ്റ്റോറുകളെ ആശ്രയിക്കുന്നു. കിരാന സ്റ്റോറുകൾ പൂട്ടുമ്പോൾ, ഈ അനൗപചാരിക വിതരണ ശൃംഖലകൾ തടസപ്പെടും.
കിരാന സ്റ്റോറുകൾ അടച്ചതോടെ ഉപഭോക്താക്കൾ റീട്ടെയിൽ അല്ലെങ്കിൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുകയാണ്.ആദ്യം പകുതി വിലയ്ക്ക് വരെ പലചരക്ക് സാധനങ്ങളും പച്ചക്കറികളും നൽകുമെങ്കിലും പിന്നീട് ഇവ കുത്തനെ വിലകൂട്ടി മാത്രം വിൽക്കുന്ന ബിസിനസ് മോഡലിലേക്ക് മാറും. അതുപോലെ
വ്യക്തിഗത സേവനത്തിനും ക്രെഡിറ്റ് സൗകര്യങ്ങൾക്കും ഉപഭോക്തൃ വിശ്വാസത്തിനും പേരുകേട്ടതാണ് കിരാന സ്റ്റോറുകൾ. ഈ ഗുണങ്ങൾ വലിയ സ്റ്റോറുകളിലോ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലോ നൽകില്ല.
സമയ ലാഭം
സമയലാഭം എന്ന കാര്യത്തിലാണ് ഇന്ത്യയിലെ ദ്രുത വാണിജ്യ വിപണി വളരുന്നത്. പച്ചക്കറികളും, പഴങ്ങളും വാങ്ങാൻ പുറത്തിറങ്ങിയാൽ ഗതാഗത കുരുക്കിൽപെട്ട സമയം പോകുന്നതിനു പുറമെ, കടകളിലും കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. കൂടുതൽ വില കൊടുത്താലും, സമയം ലാഭിക്കാനായാൽ അതാണ് നല്ലത് എന്ന് ഇന്ത്യൻ ഉപഭോക്താവ് ചിന്തിച്ചു തുടങ്ങിയപ്പോഴാണ് ബ്ലിങ്കിറ്റ്,സെപ്റ്റോ, സ്വിഗി തുടങ്ങിയ കമ്പനികൾ വളരാൻ തുടങ്ങിയത്.
Blinkit, Swiggy, Zepto എന്നിവ ഇന്ത്യയിലെ ദ്രുത വാണിജ്യ വിപണി വിഹിതത്തിന്റെ 90 ശതമാനം കൈവശം വയ്ക്കുന്നു. ഏകദേശം 40-45 ശതമാനം ഇതിൽ ബ്ലിങ്കിറ്റിനാണ്. ഇന്ത്യയുടെ കുതിച്ചുയരുന്ന ദ്രുത വാണിജ്യ വ്യവസായം FY26-ഓടെ 1000 കോടി ഡോളറായും FY34– ഓടെ 7800 കോടി ഡോളറായും വളരുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് CLSA-യുടെ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്.
സമ്പന്നർക്ക് വില കുറവിൽ, സാധാരണക്കാർക്ക് വില കൂടുതൽ
സമ്പന്നർ ഓൺലൈൻ ഡെലിവറി പ്ലാറ്റ് ഫോമുകൾ വഴി സാധനങ്ങൾ വാങ്ങുമ്പോൾ വളരെ വിലക്കുറവിൽ ലഭിക്കുന്നുണ്ട്. കൂടുതൽ വാങ്ങിയാൽ കൂടുതൽ കിഴിവുകളും ഉണ്ട്. അതുപോലെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ 200 മുതൽ 1000 രൂപ വരെ വിലക്കിഴിവ് മൊത്തം ബില്ലിന് ലഭിക്കുന്ന ഡെലിവറി സേവനങ്ങളും നഗരങ്ങളിൽ സാധാരണമാണ്. ഒരേ പ്ലാറ്റ് ഫോമിൽ നിന്നും വാങ്ങുമ്പോൾ ലഭിക്കുന്ന ഡിസ്‌കൗണ്ട് കൂപ്പണുകളും കോഡുകളും സ്ഥിരം വാങ്ങുന്നവർക്ക് ലഭിക്കും. ചുരുക്കി പറഞ്ഞാൽ 1000 രൂപയുടെ സാധനത്തിന് സെപ്റ്റോയുടെ 'സൂപ്പർ സേവർ' വഴി വാങ്ങുമ്പോൾ 500 രൂപ കൊടുത്താൽ മതിയാകും എന്നതാണ് അവസ്ഥ. എന്നാൽ സാധാരണക്കാർ ഇതേ സാധനങ്ങൾ ചെറിയ കടകളിൽ നിന്നും വാങ്ങുമ്പോൾ1000 രൂപയുടെ സാധനങ്ങൾക്ക് അതിൽ കൂടുതൽ കൊടുക്കേണ്ടി വരുന്നു. അതായത് 'ക്വിക്ക് കോമേഴ്‌സ്' പ്ലാറ്റ് ഫോമുകൾ അസമത്വം പരോക്ഷമായി വളർത്തുന്നു എന്ന് പറയാതെ വയ്യ.
ചെറുകിട കച്ചവടക്കാരെ മാത്രമല്ല ഇന്ത്യയിലെ ദ്രുത വാണിജ്യ വിപണി ബാധിക്കുന്നത്. ഡി മാർട്ട്, റിലയൻസ് തുടങ്ങിയ വമ്പൻ ചെയിൻ ഷോപ്പുകൾക്കും ഇന്ത്യയിലെ ദ്രുത വാണിജ്യ വിപണി ഭീഷണി ഉയർത്തുന്നുണ്ട്. കടകളിലേക്ക് ആളുകളെ എത്തിക്കുന്നത് ഇത്തരം വമ്പൻ കമ്പനികൾക്ക് ഇപ്പോൾ ബുദ്ധിമുട്ടാണ്. കടകളിൽ നല്കുന്നതിനേക്കാൾ ഓഫർ ദ്രുത വാണിജ്യ വിപണി കമ്പനികൾ നൽകുമ്പോൾ എന്തിനു പുറത്തു പോയി ഷോപ്പ് ചെയ്തു സമയവും, പണവും കളയണം എന്ന് ഇന്ത്യക്കാർ മാറി ചിന്തിക്കാൻ തുടങ്ങി.
സർക്കാർ ചെലവുകൾ കുറച്ചു
തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്ര സർക്കാർ ചെലവുകൾ വെട്ടിക്കുറച്ചത് തിരിച്ചടിയായത് സാധാരണക്കാർക്കാണ്. പണപ്പെരുപ്പത്തിൽ മാത്രമല്ല, വേതന വളർച്ചയിലും ഇന്ത്യയിൽ കഴിഞ്ഞ മാസങ്ങളിൽ മാന്ദ്യം കാണിക്കുന്നുണ്ട്. വേതനം വളരാത്തതിനാൽ ഉപ്പു തൊട്ടു കാറുകൾ വരെ എല്ലാ സാധനങ്ങൾക്കും പൊതുവെ ഡിമാൻഡ് കുറവാണ്. ഗാർഹിക ഉപഭോഗം ഇന്ത്യയിൽ അടുത്ത മാസങ്ങളിലും കുറയുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. രണ്ടു വർഷത്തിനിടയിലെ കുറഞ്ഞ വളർച്ച നിരക്കിൽ നിന്നും ഇന്ത്യക്ക് കരകയറാൻ സർക്കാർ നയങ്ങൾ തന്നെ വേണ്ടിവരുമെന്നാണ് കരുതുന്നത്.