പലിശ കുറയ്ക്കാതെ റിസർവ് ബാങ്ക്
Mail This Article
ന്യൂഡൽഹി∙ തുടർച്ചയായി പതിനൊന്നാം തവണയും പലിശനിരക്ക് കുറയ്ക്കാതെ റിസർവ് ബാങ്ക്. 6.5% എന്ന റീപ്പോ നിരക്ക് ഇക്കുറിയും മാറ്റാത്തതിനാൽ 2 മാസത്തേക്കു കൂടി ഭവന,വാഹന,വ്യക്തിഗത വായ്പകളുടെ പലിശ നിലവിലെ നിരക്കിൽ തുടരും. കനത്ത സാമ്പത്തിക വളർച്ചാ ഇടിവിനെത്തുടർന്ന് റിസർവ് ബാങ്ക് പലിശ കുറയ്ക്കണമെന്ന് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് സമ്മർദം ആർബിഐയ്ക്കുണ്ടായിരുന്നു.
ഇതുപോലും അതിജീവിച്ചാണ് പലിശ നിരക്ക് ആർബിഐ ഇക്കുറി നിലനിർത്തിയത്. അതേസമയം, രാജ്യത്തിന്റെ നടപ്പു സാമ്പത്തിക വർഷത്തെ വളർച്ചാ നിരക്ക് സംബന്ധിച്ച അനുമാനം 7.2 ശതമാനമായിരുന്നത് 6.6 ശതമാനമായി റിസർവ് ബാങ്ക് വെട്ടിക്കുറച്ചു. വിലക്കയറ്റം സംബന്ധിച്ച അനുമാനം 4.5 ശതമാനമായിരുന്നത് 4.8 ശതമാനമാക്കി ഉയർത്തുകയും ചെയ്തു.
വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികൾ പ്രതീക്ഷിച്ച തോതിൽ നടപ്പാകുന്നു എന്നതിന് കൂടുതൽ വിശ്വസനീയമായ തെളിവുകൾ ലഭിച്ചാൽ മാത്രമേ പലിശയിൽ മാറ്റമുണ്ടാകൂ എന്ന് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. ‘ഏത് നടപടിയെടുത്താലും അത് ഉചിതമായ സമയത്തായിരിക്കണം.’–ദാസ് പറഞ്ഞു.
സിആർആർ കുറച്ചു;വായ്പ ലഭ്യത കൂടും
പലിശനിരക്ക് കുറച്ചില്ലെങ്കിലും ബാങ്കുകളിലെ പണലഭ്യത (ലിക്വിഡിറ്റി) വർധിപ്പിച്ച് വായ്പാ ലഭ്യത ഉറപ്പാക്കാനായി കരുതൽ ധന അനുപാതം (സിആർആർ) 0.5% കുറച്ച് 4 ശതമാനമാക്കി.ബാങ്കുകൾ നിക്ഷേപമായി സ്വീകരിക്കുന്ന തുകയിൽനിന്നു റിസർവ് ബാങ്കിലേക്കു മാറ്റിവയ്ക്കേണ്ട കരുതൽധനത്തിന്റെ തോതാണിത്. സിആർആർ കുറയുമ്പോൾ വായ്പ നൽകാൻ ബാങ്കുകളുടെ കൈവശമുള്ള പണത്തിന്റെ അളവ് കൂടും. സിആർആർ കുറയുമ്പോൾ വായ്പ ലഭ്യത കൂടുകയും വിപണിയിൽ (ജനങ്ങളുടെ കയ്യിൽ) പണലഭ്യത ഉയരുകയും ചെയ്യും.
0.25% കുറയ്ക്കണമെന്ന് 2 അംഗങ്ങൾ
6 അംഗ എംപിസി കമ്മിറ്റിയിൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അടക്കം 4 പേർ പലിശനിരക്കിൽ ഇക്കുറി മാറ്റം വേണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോൾ ഡോ.നാഗേഷ് കുമാർ, ഡോ.രാം സിങ് എന്നിവർ 0.25% കുറവാണ് ആവശ്യപ്പെട്ടത്.
പലിശനിരക്ക് തീരുമാനിക്കുന്ന ആർബിഐ പണനയ സമിതിയുടെ (എംപിസി) അടുത്ത യോഗം ഫെബ്രുവരി 5–7 തീയതികളിലാണ്. വിലക്കയറ്റം ഉയർന്ന നിലയിൽ തുടരുന്നതാണ് പലിശ നിരക്ക് കുറയ്ക്കാത്തതിനു കാരണം. ഒക്ടോബറിൽ രാജ്യമാകെയുള്ള വിലക്കയറ്റത്തോത് 14 മാസത്തെ ഉയർന്ന നിരക്കായ 6.2 ശതമാനത്തിലെത്തിയിരുന്നു. പലിശയിൽ വരുത്തുന്ന വ്യത്യാസത്തിലൂടെ വിലക്കയറ്റത്തോത് 4 ശതമാനത്തിലെത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം.
വിലക്കയറ്റം ഉയർന്നു നിൽക്കുന്നതാണ് സാമ്പത്തിക വളർച്ചയെ ബാധിക്കുന്നതെന്നും, അത് കുറച്ചാൽ മാത്രമേ വളർച്ച ഉറപ്പാക്കാൻ കഴിയൂ എന്നാണ് ആർബിഐ വാദം. ഫെബ്രുവരിയിലെ എംപിസി യോഗത്തിൽ പലിശ കുറയ്ക്കുന്നത് സംബന്ധിച്ച സൂചനയും നൽകിയിട്ടില്ല. നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ സാമ്പത്തികവളർച്ച മെച്ചപ്പെടുമെന്നാണ് ഗവർണറുടെ വാദം.
ഒക്ടോബർ–ഡിസംബർ കാലയളവിലും ഭക്ഷ്യവിലക്കയറ്റം തുടരുമെന്നാണ് ആർബിഐ ചൂണ്ടിക്കാട്ടുന്നത്. നാലാം പാദത്തിൽ (ജനുവരി–മാർച്ച്) മാത്രമേ ഇതിൽ ഇളവ് പ്രതീക്ഷിക്കാൻ കഴിയൂ.