‘ക്രെഡിറ്റ് ലൈൻ’ സംവിധാനത്തിൽ സ്മോൾ ഫിനാൻസ് ബാങ്കുകളും
Mail This Article
ന്യൂഡൽഹി∙ ക്രെഡിറ്റ് കാർഡുകൾക്ക് പകരം യുപിഐ വഴി തന്നെ വായ്പാ സേവനം ലഭ്യമാക്കുന്ന ‘ക്രെഡിറ്റ് ലൈൻ’ സംവിധാനത്തിൽ ഇനി സ്മോൾ ഫിനാൻസ് ബാങ്കുകളും വരും. നിലവിൽ ക്രെഡിറ്റ് കാർഡുകൾ നൽകുന്ന സേവനം, കാർഡ് ഇല്ലാതെ യുപിഐ ഐഡിയിലൂടെ ലഭ്യമാക്കുന്നതാണ് ക്രെഡിറ്റ് ലൈൻ.
വായ്പാ സേവനത്തിന്റെ പലിശനിരക്ക്, വായ്പാ പരിധി, കാലാവധി അടക്കമുള്ളവ ബാങ്കുകൾക്ക് നിശ്ചയിക്കാം. ബാങ്കുകൾ നൽകുന്ന ക്രെഡിറ്റ് ലൈൻ യുപിഐയുമായി ബന്ധിപ്പിക്കാൻ കഴിയും. നിലവിൽ ബാങ്ക് അക്കൗണ്ടുമായോ റുപേയ് ക്രെഡിറ്റ് കാർഡുമായി ബന്ധിപ്പിച്ചോ ആണ് യുപിഐ ഇടപാടുകൾ.
ക്രെഡിറ്റ് കാർഡുകളുമായി ബന്ധിപ്പിക്കുന്നതിനു പകരം ഇനി യുപിഐ തന്നെ ഒരു വെർച്വൽ ക്രെഡിറ്റ് കാർഡായി പ്രവർത്തിക്കും. അതായത് ബാങ്ക് നൽകുന്ന വായ്പ യുപിഐ വഴി നമുക്ക് ലഭിക്കും. ഒട്ടേറെ കാർഡ് കൊണ്ടുനടക്കുന്നത് ഒഴിവാക്കാമെന്നു മാത്രമല്ല, കാർഡ് സ്വൈപ് ചെയ്യാൻ സൗകര്യമില്ലാത്തയിടങ്ങളിലും വായ്പയായി ലഭിച്ച തുക എളുപ്പത്തിൽ ഉപയോഗിക്കാം.
മറ്റ് പ്രഖ്യാപനങ്ങൾ
∙ ധനകാര്യമേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉത്തരവാദിത്തത്തോടെ നടപ്പാക്കുന്നത് പഠിക്കാൻ വിദഗ്ധരുടെ സമിതിയെ ആർബിഐ നിയമിക്കും.
∙ സൈബർ തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് (മ്യൂൾ) എടുക്കുന്ന രീതി തടയാനായി മ്യൂൾഹണ്ടർ എഐ എന്ന സംവിധാനം ഏർപ്പെടുത്തും.
∙ തീരുമാനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ പോഡ്കാസ്റ്റുകൾ ആരംഭിക്കും.