ADVERTISEMENT

ന്യൂഡൽഹി∙ സാമ്പത്തിക വളർച്ച നിരക്കിലെ ഇടിവിന് കാരണം ഉയർന്ന പലിശനിരക്ക് മാത്രമല്ലെന്ന് സ്ഥാനമൊഴിഞ്ഞ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. സ്ഥാനമൊഴിയുന്നതിനു മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലെ ഗവർണറുടെ പ്രസ്താവന കേന്ദ്രസർക്കാരിനുള്ള പരോക്ഷ മറുപടി കൂടിയായി.

‘വളർച്ച നിരക്കിലെ കുറവിന് പിന്നിൽ പല കാരണങ്ങളുണ്ട്. വ്യക്തികൾ അവരുടേതായ അഭിപ്രായങ്ങൾ പറയുന്നത് സ്വാഭാവികമാണ്. സാഹചര്യങ്ങൾക്കനുസരിച്ച് ഏറ്റവും മികച്ച തീരുമാനമെടുത്തു എന്ന കാര്യത്തിൽ റിസർവ് ബാങ്കിനുള്ളിലും പണനയസമിതിയിലും (എംപിസി) ഞങ്ങൾക്ക് ബോധ്യമുണ്ട്’–ദാസ് പറഞ്ഞു.

rbi

പലിശ ഉയർന്നുനിൽക്കുന്നതാണ് വളർച്ച നിരക്ക് കുറയാൻ കാരണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. അതുകൊണ്ട് നിരക്കുകൾ കുറച്ചു വളർച്ച ഉറപ്പാക്കാൻ ആർബിഐ തയാറാകണമെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ പരസ്യമായി ആവശ്യപ്പെടുന്ന സ്ഥിതിയുമുണ്ടായി. താങ്ങാനാവുന്ന ബാങ്ക് പലിശനിരക്കിനായി ധനമന്ത്രി നിർമല സീതാരാമനും രംഗത്തെത്തിയിരുന്നു.

രണ്ടാംപാദ (ജൂലൈ–സെപ്റ്റംബർ) വളർച്ചയിൽ വൻ ഇടിവു കൂടി നേരിട്ടതോടെ പലിശ കുറയ്ക്കാൻ ആർബിഐക്ക് മേൽ സമ്മർദം ഏറിയിരുന്നു. എന്നിട്ടും ശക്തികാന്ത ദാസ് തന്റെ അവസാന എംപിസി യോഗത്തിൽ ഇതിനു തയാറായില്ല. വിലക്കയറ്റത്തോത് സ്ഥിരതയോടെ 4 ശതമാനത്തിലെത്തിയാൽ മാത്രമേ പലിശ കുറയ്ക്കൂ എന്നതായിരുന്നു ദാസിന്റെ നിലപാട്.വിലക്കയറ്റത്തോതും സാമ്പത്തികവളർച്ചയും തമ്മിലുള്ള ബാലൻസ് വീണ്ടെടുക്കുകയാണ് ആർബിഐയുടെ മുന്നിലെ പ്രധാന വെല്ലുവിളിയെന്ന് ശക്തികാന്ത ദാസ് ഇന്നലെ പറഞ്ഞു. 

RBI-governer

വളർച്ചയിൽ ഇടിവുണ്ടായതിന്റെ അടിസ്ഥാന കാരണം വിലക്കയറ്റമാണെന്ന ആഖ്യാനമാണ് ശക്തികാന്ത ദാസ് അവസാന പണനയപ്രഖ്യാപനത്തിൽ പ്രധാനമായും പങ്കുവച്ചത്. അതുകൊണ്ട് പലിശനിരക്ക് കുറച്ച് വളർച്ച ഉറപ്പാക്കുന്നതിനു പകരം വിലക്കയറ്റത്തോത് നിയന്ത്രണത്തിൽ കൊണ്ടുവരികയാണ് വേണ്ടതെന്നാണ് ആർബിഐയുടെ നിലപാട്. സഞ്ജയ് മൽഹോത്ര റിസർവ് ബാങ്ക് ഗവർണറായി ഇന്ന് ചുമതലയേറ്റു. സാമ്പത്തികാര്യ സെക്രട്ടറി അജയ് സേത്തിന് റവന്യു സെക്രട്ടറിയുടെ അധികചുമതല നൽകി.

മൂന്നു തരം കറൻസി നോട്ടുകളിൽ ഒപ്പ് പതിപ്പിച്ച ഗവർണർ

മൂന്നു തരം കറൻസി നോട്ടുകളിൽ തന്റെ ഒപ്പ് പതിപ്പിക്കുകയെന്ന അപൂർവ അവസരമാണ് ശക്തികാന്ത ദാസിന് തന്റെ കരിയറിൽ ലഭിച്ചത്. മറ്റെല്ലാ കറൻസിയിലും ആർബിഐ ഗവർണറുടെ ഒപ്പാണുള്ളതെങ്കിൽ ഒരു രൂപ നോട്ടിൽ ധനകാര്യ സെക്രട്ടറിയുടെ ഒപ്പാണുണ്ടാവുക. 2017ൽ ധനകാര്യ സെക്രട്ടറിയായിരുന്ന ദാസിന്റെ ഒപ്പ് അന്നിറങ്ങിയ ഒരു രൂപ നോട്ടിലുണ്ട്. 2018ൽ റിസർവ് ബാങ്കിലെത്തിയതോടെ ബാക്കിയെല്ലാ നോട്ടുകളിലും ഗവർണർ എന്ന നിലയിലും ഒപ്പ് പതിഞ്ഞു.

ഏറ്റവുമൊടുവിൽ 2022ൽ ഡിജിറ്റൽ കറൻസിയായ (സിബിഡിസി) ‘ഇ–റുപ്പി’ ആർബിഐ പുറത്തിറക്കിയപ്പോൾ അതിലും ഒപ്പുണ്ടായിരുന്നു. ആദ്യമായാണ് 3 തരം നോട്ടുകളിലും ഒരാളുടെ ഒപ്പ് പതിയുന്നത്.

English Summary:

Outgoing RBI Governor Shaktikanta Das addresses economic slowdown, stating factors beyond interest rates are at play. Sanjay Malhotra takes charge as new Governor.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com