കല്യാണം ‘ആഡംബര’മായോ? കണക്ക് ശരിയല്ലെങ്കിൽ പിന്നാലെ വരും ആദായനികുതി വകുപ്പ്
Mail This Article
ഓരോ കല്യാണവും ആഘോഷമാണ്. സെലബ്രിറ്റികളുടെയും അതിസമ്പന്നരുടെയും കല്യാണമാണെങ്കിലോ ഉത്സവമേളം തന്നെയായിരിക്കും. എന്നാലിപ്പോൾ, ഇത്തരം ആഡംബര കല്യാണങ്ങളിലേക്ക് അന്വേഷണത്തിന്റെ അമ്പെയ്യുകയാണ് ആദായനികുതി വകുപ്പ്. കണക്കില്ലാ കാശ് വെളുപ്പിക്കാൻ ഇത്തരം ആഡംബര കല്യാണങ്ങളെ മറയാക്കിയെന്ന സംശയത്തിന്മേലാണ് ഈ നീക്കം.
ഇന്ത്യയിലെ വിവാഹ ഡെസ്റ്റിനേഷനുകളിൽ ഏറ്റവും മുന്നിലുള്ള രാജസ്ഥാനിലെ ജയ്പുരിൽ നിന്നുള്ള 20ഓളം ആഡംബര കല്യാണ സംഘാടകർക്കെതിരെ (വെഡിങ് പ്ലാനേഴ്സ്) അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. 7,500 കോടിയിലേറെ രൂപയുടെ കള്ളപ്പണം ഈ കല്യാണങ്ങൾക്കായി ഈവർഷം ‘പൊടിച്ചു’ എന്ന സംശയമാണ് അന്വേഷണത്തിന് പിന്നിലെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലെ ഹവാല ഏജന്റുമാർ ഉൾപ്പെടെയുള്ള വലിയൊരു നെറ്റ്‍വർക്ക് തന്നെ ഇത്തരം കല്യാണങ്ങൾക്ക് പിന്നിലുണ്ടെന്ന സംശയവുമുണ്ട്.
പണമിടപാടുകളെ ചുറ്റിപ്പറ്റിയാണ് പ്രധാന അന്വേഷണം. വിദേശത്ത് നടത്തിയ കല്യാണങ്ങളും അന്വേഷണപരിധിയിലുണ്ട്. കുറഞ്ഞത് 4-5 കോടി രൂപ ചെലവുള്ളതാണ് ആഡംബര കല്യാണങ്ങൾ. ഇത്തരം കല്യാണങ്ങളുടെ മേൽനോട്ടവും ഒരുക്കങ്ങളുമാണ് വെഡിങ് പ്ലാനർമാർ നടത്തുക. ഇവർക്കുള്ള തുകയിൽ പാതിയോളവും കറൻസിയായാണ് കൈമാറിയതെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business