വീണിതല്ലോ കിടക്കുന്നു, ഡോളറിനെതിരെ അനുദിനം തളർന്ന് രൂപ: മൂല്യം 85.91ൽ
Mail This Article
കൊച്ചി∙ ഡോളറിനെതിരെ രൂപയുടെ ഇടിവു തുടരുന്നു. ഇന്നലെ 17 പൈസ കൂടി ഇടിഞ്ഞതോടെ മൂല്യം 85.91 ആയി കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്.
ഡോളർ കരുത്താർജിക്കുന്നതും ക്രൂഡ്‌ഓയിൽ വില ഉയരുന്നതുമാണ് രൂപയുടെ വീഴ്ചയ്ക്കു കാരണം. വിദേശ നിക്ഷേപകരുടെ പിൻമാറ്റവും ഓഹരി വിപണികളിലെ തകർച്ചയും ഡോളർ ഡിമാൻഡ് ഉയർത്തുകയാണ്. ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് 6.4 ശതമാനമായിരിക്കുമെന്ന കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ (എൻഎസ്ഒ) അനുമാനവും രൂപയെ തളർത്തി.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ 85.82നാണ് ഇന്നലെ ഡോളറിനെതിരെ രൂപ വ്യാപാരം തുടങ്ങിയത്. ചൊവ്വാഴ്ച രൂപയ്ക്ക് 6 പൈസയുടെ നഷ്ടം നേരിട്ടിരുന്നു.റിസർവ് ബാങ്ക് ഡോളർ വിറ്റഴിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച 11 പൈസയുടെ നേട്ടം രൂപയുടെ മൂല്യത്തിലുണ്ടായെങ്കിലും, ഇടിവിനെ കാര്യമായി പ്രതിരോധിക്കാനാവുന്നില്ല. കറൻസിയുടെ മൂല്യമിടിയുന്നത് റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിലും കുറവു വരുത്തുന്നുണ്ട്.
10 വർഷ യുഎസ് കടപ്പത്രങ്ങളുടെ വരുമാനം 4.7% ആയി ഉയർന്നതും രൂപയുടെ മൂല്യത്തകർച്ചയുടെ ആക്കം കൂട്ടി. പലിശ ഇളവു വൈകിക്കാനുള്ള ഫെഡറൽ റിസർവ് തീരുമാനം യുഎസ് കടപ്പത്രങ്ങളെ നിക്ഷേപകർക്കിടയിൽ പ്രിയപ്പെട്ടതാക്കുകയാണ്. ഡോളർ ഇൻഡക്സ് 108.76 നിലവാരത്തിലാണ്.ബ്രെന്റ് ക്രൂഡ് വില ഇന്നലെ ഒരു ശതമാനത്തോളം ഉയർന്ന് ബാരലിന് 77.74 ഡോളറിലെത്തി.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business