പെൻഷൻ ഫണ്ടുകളെ ഒഴിവാക്കി ഇനി ജീവിക്കാനാകില്ലെന്ന് പി എഫ് ആർ ഡി എ ചെയർമാൻ
Mail This Article
മുതിർന്ന പൗരന്മാരുടെ എണ്ണവും ജീവിത ചെലവുകളും വർധിച്ചു വരുന്ന സാഹചര്യത്തിൽ പെൻഷൻ ഫണ്ടുകൾ ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുകയാണെന്ന് പിഎഫ്‌ആര്‍ഡിഎ ചെയര്‍മാന്‍ ഡോ. ദീപക് മൊഹന്തി പറഞ്ഞു. ജോലിയിൽ നിന്ന് വിരമിച്ച ശേഷം ശമ്പളത്തിന്റെ 60–70 ശതമാനമെങ്കിലും ഉണ്ടെങ്കിലേ പിന്നീടുള്ള കാലം ജീവിച്ചു പോകാനാകു എന്നാണ് അവസ്ഥ. അതു കൊണ്ടു തൊഴിലിടത്തിൽ നിന്നുള്ള പെൻഷൻ , അല്ലെങ്കിൽ സര്‍ക്കാർ നൽകുന്ന അടിസ്ഥാന പെൻഷൻ, അതുമല്ലെങ്കിൽ വ്യക്തിഗതമായുള്ള പെൻഷൻ ഇവയേതെങ്കിലും ഉറപ്പാക്കിയേ പറ്റു. പക്ഷെ ഇപ്പോഴും രാജ്യത്ത് പെൻഷൻ പദ്ധതികളെക്കുറിച്ച് കാര്യമായ അവബോധമില്ല. ഈ സ്ഥിതി മാറേണ്ടിയിരിക്കുന്നുവെന്ന് മൊഹന്തി കൂട്ടിചേർത്തു.
പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി (പിഎഫ്‌ആര്‍ഡിഎ) അവതരിപ്പിക്കുന്ന നാഷണല്‍ പെന്‍ഷന്‍ പദ്ധതിയിൽ സർക്കാർ ജീവനക്കാർക്കും സാധാരണക്കാർക്കും ഒരു പോലെ ചേരാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. എത്രയും നേരത്തെ പദ്ധതിയിൽ ചേരുന്നതിലൂടെ കോമ്പൗണ്ടിങ്ങിന്റെ നേട്ടവും ലഭ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ഇപ്പോൾ 1.6 കോടി പേർ എൻപിസിൽ അംഗങ്ങളാണ്. 13.5 ലക്ഷം കോടി രൂപയുടെ ഫണ്ട് കൈകാര്യം ചെയ്യുന്നുണ്ട്. സ്വകാര്യ മേഖലയിലെ എൻപിഎസ് വരിക്കാരുടെ എണ്ണം രാജ്യത്തൊട്ടാകെ 61 ലക്ഷവും, കേരളത്തിൽ 2 ലക്ഷവും കൊച്ചിയിൽ 35,238 മാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കോർപ്പറേറ്റ് രംഗത്ത് ഇന്ത്യയിൽ 21,70,791 ഉം കേരളത്തിൽ 84,729 ഉം വരിക്കാർ എന്നതാണ് കണക്ക്. കൊച്ചിയില്‍ നിന്നുള്ള കോർപ്പറേറ്റ് വരിക്കാരുടെ എണ്ണം 14,988 ആണ്.
അതേ സമയം രാജ്യത്തൊട്ടാകെ 39,38,762 സാധാരണക്കാര്‍ എൻ പിഎസ് വരിക്കാരാണ്.കേരളത്തിലിത് 121,667 ഉം കൊച്ചിയിലിത് 20,250 പേരുമാണ്. കൊച്ചിയിൽ 100 കമ്പനികൾ എൻ പി എസിൽ ചേർന്നിട്ടുണ്ട്. കേരളമൊട്ടാകെ 215 കമ്പനികൾ ആണ് എൻ പി എസിൽ ചേർന്നിട്ടുള്ളത്.
എന്‍ പി എസ് വാൽസല്യ
അടുത്ത കാലത്തു കുട്ടികൾക്കായി അവതരിപ്പിച്ച എൻ പി എസ് വാൽസല്യക്ക് കേരളത്തിൽ നിന്നു 3600 അക്കൗണ്ടുകളാണ് ഇതിനകം ആരംഭിച്ചിട്ടുള്ളത്. ദേശീയതലത്തിൽ 70,000 കുട്ടികൾക്ക് അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. ഡിജിറ്റലായി വളരെ എളുപ്പത്തിൽ അക്കൗണ്ട് ആരംഭിക്കാനാകുമെന്നതാണ് പ്രത്യേകത. എല്ലാ ബാങ്കുകളും എൻ പി എസ് വാൽസല്യ അക്കൗണ്ടുകൾ ആരംഭിക്കാൻ സൗകര്യമൊരുക്കുന്നുണ്ട്.
ഈ വര്‍ഷം നവംബറിലെ കണക്കുകള്‍ പ്രകാരം എന്‍പിഎസിലും അടല്‍ പെന്‍ഷന്‍ യോജനയിലും ആകെ കൈകാര്യം ചെയ്യുന്ന ആസ്‌തികള്‍ 13.4 ലക്ഷം കോടി രൂപയാണ്. 7.9 കോടി വരിക്കാരുമുണ്ട്. കേരളത്തില്‍ എന്‍പിഎസ് സ്വീകരിക്കുന്ന കാര്യത്തില്‍ പ്രോല്‍സാഹനജനകമായ വളര്‍ച്ചയാണു കാണുന്നത്. എന്‍പിഎസിലെ സ്വകാര്യ മേഖലയിലെ അക്കൗണ്ടുകളില്‍ 3.38 ശതമാനം കേരളത്തില്‍ നിന്നാണ്. കേരളത്തില്‍ നിന്നുള്ള 216 കോര്‍പറേറ്റുകള്‍ എന്‍പിഎസില്‍ റജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ദേശീയ തലത്തില്‍ 18,152 കോര്‍പറേറ്റുകളാണ് തങ്ങളുടെ ജീവനക്കാര്‍ക്കായി ഈ പദ്ധതി സ്വീകരിച്ചിട്ടുള്ളത്.