അന്ന് ഞാന്‍ 100 കോടി മുടക്കി; കേരളത്തില്‍ നിക്ഷേപിക്കാന്‍ അത് മറ്റുള്ളവര്‍ക്ക് ആത്മവിശ്വാസം നല്‍കി: ഗൾഫാർ മുഹമ്മദ് അലി
Mail This Article
രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്റര്‍ എന്ന ആശയം കേട്ടുകേള്‍വിപോലുമില്ലാത്ത കാലത്ത് കൊച്ചിയില്‍ അത്തരമൊരു പദ്ധതി തുടങ്ങി 'മൈസ്' ടൂറിസത്തില്‍ വിപ്ലവം തീര്‍ത്ത സംരംഭകനാണ് ഗൾഫാർ കൺവൻഷൻ സെന്റർ ആൻഡ് ഹോട്ടൽസ് സ്ഥാപകൻ ഗള്‍ഫാര്‍ മുഹമ്മദ് അലിയെന്ന ഡോ.പി. മുഹമ്മദ് അലി.
മുന്‍മുഖ്യമന്ത്രി ഇ. കെ. നായനാരുടെ ചോദ്യത്തിന്റെ തുടര്‍ച്ചയായാണ് താന്‍ കൊച്ചിയില്‍ രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്റര്‍ തുടങ്ങിയതെന്ന് മുഹമ്മദ് അലി പറയുന്നു.
'അന്ന് നായനാര്‍ സര്‍ ചോദിച്ചു. നിങ്ങള്‍ ഗള്‍ഫുകാര്‍ കാശുണ്ടാക്കിയിട്ട് കേരളത്തിന് എന്താണ് കാര്യം.' 'ഞാന്‍ പറഞ്ഞു 25000ത്തോളം മലയാളികള്‍ എന്റെ കൂടെ ജോലി ചെയ്യുന്നുണ്ട്.' അദ്ദേഹം തിരിച്ചുപറഞ്ഞു, പണി പഠിച്ചവര്‍ക്ക് എവിടെപ്പോയാലും ജോലികിട്ടും. നിങ്ങള്‍ നാട്ടില്‍ നിക്ഷേപം നടത്തൂ.'
ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്റര്‍ നിലനില്‍ക്കുന്ന കൊച്ചിയിലെ മരടില്‍ അന്ന് ഒന്നുമുണ്ടായിരുന്നില്ല. ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററും ഹോട്ടലുമെല്ലാം ചേര്‍ന്ന് കൊച്ചിയുടെ മുഖം തന്നെ മാറ്റിമറിച്ചു. ഇതില്‍ നിര്‍ണായക പദ്ധതിയായി മാറി കണ്‍വന്‍ഷന്‍ സെന്റര്‍-മുഹമ്മദ് അലി പറയുന്നു.
'ഒരു നഗരത്തിന്റെ അടിസ്ഥാന സൗകര്യത്തിന്റെ ഭാഗമാണത്. നഗരത്തിലേക്ക് ആളുകള്‍ വരണമെങ്കില്‍ അടിസ്ഥാനസൗകര്യം വികസിക്കേണ്ടത് പ്രധാനമാണ്. കൊച്ചി എയര്‍പോര്‍ട്ട് വരുന്ന കാലം കൂടിയായിരുന്നു അത്. നാട്ടില്‍ വരുന്നവര്‍ക്ക് താമസിക്കാന്‍ മികച്ച സൗകര്യങ്ങള്‍ വേണമല്ലോ. അനുബന്ധ സൗകര്യങ്ങള്‍ വേണം. 1992ല്‍ ബോസ്റ്റണിൽ പോയപ്പോഴാണ് എനിക്ക് കണ്‍വന്‍ഷന്‍ സെന്റര്‍ എന്ന ആശയം ലഭിച്ചത്. അവിടെ പോയപ്പോള്‍ അന്നെനിക്ക് താമസിക്കാന്‍ സ്ഥലം കിട്ടിയില്ല. അവിടെ വലിയ രണ്ട് കോണ്‍ഫറന്‍സ് നടക്കുകയായിരുന്നു അപ്പോള്‍,' രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്റര്‍ തുടങ്ങിയതിനെക്കുറിച്ച് മുഹമ്മദ് അലി പറയുന്നു.
1999ല്‍ ആദ്യമായി ഒരു രാജ്യാന്തര ഡോക്ടേഴ്‌സ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. 9000 ഡോക്ടര്‍മാരാണ് പങ്കെടുത്തത്. അതോടെ എന്റെ വിഷന്‍ യാഥാര്‍ത്ഥ്യമായി. ഞാന്‍ സാറ്റിസ്‌ഫൈഡായി. പിന്നീട് സംഭവിച്ചത് ചരിത്രം-അദ്ദേഹം പറയുന്നു.
എല്ലാവരും കേരളത്തില്‍ നിന്ന് ഓടിപ്പോകുന്ന കാലത്ത് നടപ്പാക്കിയ പദ്ധതിയാണത്. 'ഞാന്‍ 100 കോടി രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കിയത്. നമ്മുടെ സംസ്ഥാനത്തിനും മറ്റ് നിക്ഷേപകര്‍ക്കും വലിയ ആത്മവിശ്വാസം നല്‍കി അത്.' മൈസ് ടൂറിസത്തിന് ഏറ്റവുമധികം കുതിപ്പ് നല്‍കിയത് ഗള്‍ഫാര്‍ കണ്‍വന്‍ഷന്‍ സെന്ററായിരുന്നു.
'കേരളത്തില്‍ അന്ന് ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി പോലുമില്ല. ഇന്ന് 2000ത്തോളം ഇവന്റ് മാനേജ്‌മെന്റ് കമ്പനികളുണ്ട്. അതാണ് കണ്‍വന്‍ഷന്‍ സെന്റര്‍ വരുത്തിയ മാറ്റം.'
എല്ലാ മേഖലകളിലും പുതിയ പാത വെട്ടിത്തുറക്കുന്ന പദ്ധതികള്‍ തുടങ്ങാനാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. ഒമാനില്‍ ആദ്യമായി എന്‍ജിനീയറിങ് കോളജ് തുടങ്ങിയതും മുഹമ്മദ് അലിയായിരുന്നു.
കോണ്‍ട്രാക്ട് ബിസിനസാണ് നിലവില്‍ കൂടുതല്‍ ഏറ്റെടുത്ത് നടത്തുന്നത്. 65000ത്തോളം പേര്‍ ഗ്രൂപ്പിന്റെ ഭാഗമായി ജോലി ചെയ്യുന്നുണ്ട്. രാജ്യത്തെ പല ഹൈവേ പദ്ധതികളും നടപ്പാക്കുന്നതും ഇദ്ദേഹമാണ്.
കേരളം ഇനി ശ്രദ്ധിക്കേണ്ടത്
മൈസ് ടൂറിസം കേരളത്തില്‍ ഇപ്പോള്‍ മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നുണ്ട്. എന്നാല്‍ 44 നദികളുള്ള സംസ്ഥാനത്ത് കുടിവെള്ളത്തിന് ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. എല്ലാവരിലേക്കും കുടിവെള്ളം എത്തിക്കണം.
മാലിന്യ ശേഖരണം, സംസ്‌കരണം, പുനചംക്രമണം, മലിനജല മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലാണ് ഇനി കേരളത്തില്‍ ഇന്നവേഷന്‍ വേണ്ടത്-അദ്ദേഹം പറയുന്നു.