ADVERTISEMENT

ബാങ്ക് അക്കൗണ്ട് ഉടമ മരിച്ചാല്‍ അക്കൗണ്ടിലെ പണമെല്ലാം നോമിനിയ്ക്കാണ് അവകാശപ്പെട്ടത്. നോമിനി രേഖകളുമായി വന്നാല്‍ ബാങ്ക് അവര്‍ക്ക് പണമെല്ലാം നല്‍കണം. എന്നാല്‍ നോമിനി ഇതൊന്നുമറിയാതിരുന്നാലോ? അങ്ങനെ അറിവൊന്നുമില്ലാതിരിക്കെ നോമിനിയും മരണപ്പെട്ടാലോ? അക്കൗണ്ടിലെ പണമെല്ലാം ആര്‍ക്കും അവകാശമില്ലാതെ പോകും. ഇന്ത്യയില്‍ ഇത്തരത്തില്‍ അവകാശികളില്ലാതെ കിടക്കുന്നത് 78,000 കോടിയോളം രൂപയാണ് എന്നാണ് ആര്‍ബിഐ കണക്ക്.

ഈ സ്ഥിതി ഒഴിവാക്കാന്‍ നിലവിലുള്ള നോമിനേഷന്‍ രീതിയെല്ലാം പൊളിച്ചെഴുതപ്പെടുകയാണ്. പാര്‍ലമെന്റ് കഴിഞ്ഞയിടെ പാസാക്കിയ ബാങ്കിങ് ലോസ് ഭേദഗതി ബില്‍ 2024 അനുസരിച്ച് ബാങ്ക് ഇടപാടുകാര്‍ക്ക് ബാങ്ക് അക്കൗണ്ട്, ഫിക്‌സഡ് ഡിപ്പോസിറ്റ് എന്നിവയില്‍ നാല് പേരെ വരെ നോമിനികളായി വയ്ക്കാം. അവകാശികളില്ലാതെ നിക്ഷേപം നഷ്ടപ്പെടുന്നത് ഒഴിവാക്കാനും തര്‍ക്കങ്ങളില്ലാതാക്കാനും ഇത് നിക്ഷേപകര്‍ക്ക് ഗുണം ചെയ്യും.

കാലാവധി പൂര്‍ത്തിയാക്കിയിട്ടും 10 വര്‍ഷമായി പിന്‍വലിക്കാതെ കിടക്കുന്ന നിക്ഷേപങ്ങളാണ് അവകാശികളില്ലാത്ത നിക്ഷേപമായി പരിഗണിക്കുന്നത്. തൊട്ട് മുന്‍  സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 26 ശതമാനം വര്‍ധനയാണ് അവകാശികളില്ലാത്ത നിക്ഷേപത്തിൽ ഉണ്ടായത്.  ഇത്തരത്തിലുള്ള നിക്ഷേപ തുക ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും ആര്‍ബിഐയുടെ ഡിപ്പോസിറ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് ഫണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കണം. ഇത്തരത്തില്‍ തങ്ങളുടെ പണം അവകാശികളില്ലാത്ത നിക്ഷേപ വിഭാഗത്തില്‍ പെട്ടിട്ടുണ്ടോ എന്നറിയാന്‍ ഒരു പോര്‍ട്ടലും ആര്‍ബിഐ വികസിപ്പിച്ചിട്ടുണ്ട്. അണ്‍ക്ലെയ്മ്ഡ് ഡിപ്പോസിറ്റ് ഗേറ്റ് വേ ടു ആക്‌സസ് ഇന്‍ഫര്‍മേഷന്‍-UDGAM- എന്നാണ് ഇതിന്റെ പേര്.

വിവിധ ബാങ്കുകളിലെ ഇത്തരം ഡിപ്പോസിറ്റുകളെക്കുറിച്ച് ഏകീകൃത വിവരങ്ങള്‍ പോര്‍ട്ടലില്‍ നിന്ന് ലഭ്യമാകും. അവകാശികളില്ലാത്ത ഇത്തരം നിക്ഷേപങ്ങളുടെ 90 ശതമാനവും രാജ്യത്തെ 30 ബാങ്കുകളിലാണ്. പേരും ഫോണ്‍ നമ്പരും നല്‍കി റജിസ്റ്റര്‍ ചെയ്ത് വിവരങ്ങള്‍ തേടാം.  അതിനുശേഷം അക്കൗണ്ട് ഉടമയുടെ പേര്, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, ബാങ്കിന്റെ പേര് എന്നിവ നല്‍കി സേര്‍ച്ച് ചെയ്യാം. ഇങ്ങനെ കണ്ടെത്തിയ നിക്ഷേപം ഏതു ബാങ്കിലാണോ ഉള്ളത് ആ ബാങ്കിനെ നേരിട്ട് ബന്ധപ്പെട്ട് മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം.

English Summary:

Learn about the new banking law allowing up to four nominees for your bank account, ensuring your deposits are protected and easily transferred to your loved ones.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com