ഓഹരി വിപണിയിലൂടെ കുടുംബങ്ങൾ സമ്പാദ്യം ഉയർത്തണം: റാംകി
Mail This Article
അങ്കമാലി: രാജ്യത്ത് കൂടുതല്‍ ആളുകള്‍ ഓഹരിവിപണിയിലേക്ക് വരണമെന്നും അതു വഴി കുടുംബങ്ങളുടെ സമ്പാദ്യം ഉയർത്തണമെന്നും ഷെയർവെല്‍ത്ത് സെക്യൂരിറ്റിസ് മാനേജിങ് ഡയറക്ടറും സെബി രജിസ്ട്രേഡ് റിസർച്ച് അനലിസ്റ്റുമായ ടി.ബി. രാമകൃഷ്ണന്‍ (റാംകി) പറഞ്ഞു. ഫിസാറ്റ് ബിസിനസ് സ്കൂളും മലയാള മനോരമ സമ്പാദ്യം മാസികയും ഷെയർവെല്‍ത്തും ചേർന്ന് ഫിസാറ്റില്‍ നടത്തിയ ഓഹരി നിക്ഷേപ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അമേരിക്കയില്‍ മ്യൂച്വല്‍ ഫണ്ട് വഴി ഓഹരിവിപണിയില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണം 52 ശതമാനമാണ്. അതവരുടെ രാജ്യപുരോഗതിക്ക് ഗുണം ചെയ്യുന്നുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ നിലവിലുള്ള വളർച്ച തുടരുന്ന സാഹചര്യത്തില്‍ ഏറ്റവും മികച്ച നിക്ഷേപമാർഗങ്ങളിലൊന്നായി ഓഹരിവിപണി മാറുകയാണെന്നും ഇത് കുടുംബങ്ങള്‍ തിരിച്ചറിയണമെന്നും സെമിനാർ നയിക്കവെ റാംകി പറഞ്ഞു.
ചെറുപ്പത്തില്‍ തന്നെ ചെറിയ തുകകള്‍ കൃത്യമായി എല്ലാ മാസവും ദീർഘകാലത്തേക്ക് മ്യൂച്വല്‍ ഫണ്ടിലും ഓഹരിവിപണിയിലും നിക്ഷേപിക്കണമെന്ന് ഫിസാറ്റ് ചെയർമാന്‍ പി.ആർ. ഷിമിത്ത് പറഞ്ഞു. സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ നിക്ഷേപമുണ്ടെങ്കില്‍ ഭാവി ആവശ്യങ്ങള്‍ക്ക് വേറെ പണം തേടേണ്ടിവരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ് തോമസ്, ഫിസാറ്റ് ബിസിനസ് സ്കൂള്‍ ഡയറക്ടർ ഡോ. എലിസബത്ത് ജോർജ്, ഷെയർവെല്‍ത്ത് സി.ഒ.ഒ ജോയ് എലുവത്തിങ്ങല്‍, ഡയറക്ടർമാരായ സനില്‍ എബ്രഹാം, ജോസഫ് പി. ആന്‍റണി, മലയാള മനോരമ സർക്കുലേഷന്‍ എക്സിക്യൂട്ടിവ് കുരുവിള ഈപ്പന്‍ എന്നിവർ പ്രസംഗിച്ചു.