പ്രവാസികൾക്ക് ഇരട്ടി നേട്ടം വാഗ്ദാനം ചെയ്ത് കെഎസ്എഫ്ഇ ഡ്യുവോ
Mail This Article
പ്രവാസി മലയാളികൾക്ക് ഇഷ്ടമുള്ള തുക ഓൺലൈനായി നിക്ഷേപിച്ച് ഉയർന്ന പലിശ നേടാം. ഒപ്പം ഈ നിക്ഷേപത്തിൽനിന്ന് മാസത്തവണ കൃത്യമായി അടച്ച് പ്രവാസി ചിട്ടിയുടെ നേട്ടങ്ങളുമെടുക്കാം. കെഎസ്എഫ്ഇ ഡ്യുവോ എന്ന നൂതനമായ നിക്ഷേപപദ്ധതിയിലൂടെ കെഎസ്എഫ് ഇ പ്രവാസികൾക്ക് വാഗ്ദാനം ചെയ്യുന്ന ഇരട്ടി നേട്ടമാണിത്. ഓരോ ദിവസവും അക്കൗണ്ടിലുള്ള തുകയുടെ പലിശ കണക്കാക്കി ഓരോ മൂന്നു മാസത്തിലും നിക്ഷേപത്തോടു കൂട്ടിച്ചേർക്കുക വഴി കൂട്ടുപലിശയുടെ മികച്ച ആനുകൂല്യവും കെഎസ്എഫ്ഇ ഇതിലൂടെ പ്രവാസികൾക്ക് ഉറപ്പാക്കുന്നു.
മാത്രമല്ല, ഡ്യുവോയിൽ ചിട്ടിയുടെ മാസത്തവണ ഓട്ടമാറ്റിക് ആയി സെറ്റ് ചെയ്യാമെന്നതിനാൽ മുടക്കം കൂടാതെ കൃത്യ തിയതിൽ തവണയടയ്ക്കാം. ചിട്ടിത്തിയതി മറക്കുന്നതുമൂലമുള്ള നഷ്ടങ്ങൾ ഒഴിവാക്കാനും കൃത്യമായി അടച്ച് പരമാവധി ലാഭം നേടാനും കഴിയും.
നേട്ടങ്ങൾ
∙ ഒരേ സമയം ചിട്ടിയുടെയും നിക്ഷേപത്തിന്റെയും ഇരട്ടനേട്ടം. മാത്രമല്ല ഈ നിക്ഷേപം കുറിയുടെ ജാമ്യമായും നൽകാം.
∙ കാലാകാലങ്ങളിൽ പദ്ധതിയിലൂടെ കെഎസ്എഫ്ഇ നൽകുന്ന പലിശ ഏറ്റവും മികച്ചതുതന്നെയായിരിക്കും. എന്നാൽ ലഭിക്കുന്ന പലിശ വരുമാനത്തിന് ആദായനികുതി ബാധകമാണ്.
∙ ചിട്ടി തവണ അടവ് ഓട്ടമാറ്റിക്കായി അക്കൗണ്ടിൽനിന്നു പോവുന്നരീതിയിൽ സെറ്റുചെയ്യാം. തീയതി ഓർത്തുവയ്ക്കേണ്ട.
∙ ഉയർന്ന നിക്ഷേപത്തിനു പരിധിയില്ല. കുറഞ്ഞത് 5 മാസതവണ അടയ്ക്കണം.
∙ നിക്ഷേപ കാലാവധി മൂന്നു വർഷം വരെയാണ്. നിക്ഷേപത്തിന് മൂന്നു മാസത്തിൽ കൂട്ടുപലിശ കണക്കാക്കും.
∙ നിബന്ധനകൾക്കു വിധേയമായി എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. ഓട്ടമാറ്റിക് പേയ്മെന്റും എപ്പോൾ വേണമെങ്കിലും മാറ്റാം.
∙ എല്ലാ ഇടപാടും ഓൺലൈനായി ചെയ്യാം.
ചിട്ടിയുടെ മികവുകൾ
ഒരേസമയം നിക്ഷേപത്തിന്റെയും വായ്പയുടെയും ഗുണങ്ങൾ സംയോജിപ്പിക്കുന്ന ചിട്ടി മികച്ച സാമ്പത്തികപദ്ധതിയാണ്. മലയാളിയുടെ സാമ്പത്തിക അച്ചടക്കത്തിന്റെയും നിക്ഷേപത്തിന്റെയും കരുതിവയ്ക്കലിന്റെയും ഭാഗമായ ചിട്ടിക്ക് സംസ്ഥാന സർക്കാരിന്റെ ഉറപ്പുകൂടി നൽകുന്ന സ്ഥാപനമാണ് കെഎസ്എഫ്ഇ. 1982ലെ കേന്ദ്ര ചിട്ടിനിയമം അനുസരിച്ചു നടത്തുന്നതിനാൽ പൊതുജനങ്ങൾക്ക് നിയമപരിരക്ഷയും ഉറപ്പ്.
1969 മുതൽ സേവനം ലഭ്യമാക്കുന്ന കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടികളിൽ ഇപ്പോൾ 130ൽപരം രാജ്യങ്ങളിൽനിന്നു ചേരാം. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദേശത്തടക്കം കേരളത്തിനു പുറത്തുനിന്നു ചിട്ടി നടത്താനും വിളിക്കാനും സാധ്യമാണ് എന്നതാണ് പ്രവാസി ചിട്ടിയുടെ മികവ്. ചിട്ടിയുടെ നേട്ടം എടുക്കുന്നതിനൊപ്പം കേരളത്തിന്റെ വികസനപ്രവർത്തനങ്ങളിൽ പങ്കാളിയാകാനും അവസരം ലഭിക്കും.