വർഷാവസാനത്തോട് അടുക്കുമ്പോൾ സ്വർണത്തിന് വീണ്ടും വിലവർധന
Mail This Article
തുടർച്ചയായി മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ശനിയാഴ്ച സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും ഉയർന്ന് ഗ്രാമിന് 7,100 രൂപയിലും പവന് 56,800 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 7040 രൂപയും പവന് 56,360 രൂപയുമാണ് ഇന്നലെ സ്വർണത്തിന് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. രാജ്യാന്തര വിപണിയിൽ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ നിലവിൽ സ്വാധീനിക്കുന്നത്.
സംസ്ഥാനത്ത് ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ പവന് 57,200 രൂപയിൽ വ്യാപാരം ആരംഭിച്ച സ്വർണം തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയിരുന്നു. പിന്നീട് 58,000 രൂപയ്ക്ക് മുകളിൽ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ ശേഷം വീണ്ടും വില വിലയിടിയുകയിരുന്നു. കഴിഞ്ഞ ആഴ്‌ച തുടർച്ചയായി വില കുറഞ്ഞതോടെ സംസ്ഥാനത്ത് റീട്ടെയിൽ വില്‍പനയിൽ വർധനവുണ്ടായതായി വ്യാപാരികൾ പറഞ്ഞു. വിവാഹത്തിന് സ്വർണം വാങ്ങാനും അഡ്വാൻസ് ബുക്കിങിനും ഈ അവസരം ആളുകൾ പ്രയോജനപ്പെടുത്തി. അതേ സമയം ഈ വർഷത്തെ അവസാന ആഴ്ചയിലേക്ക് എത്തുമ്പോൾ സ്വർണം വീണ്ടും ഉയരുകയാണ്.