2024 'സ്വർണ വർഷ'മായതെന്തുകൊണ്ട്? പരമ്പരാഗത നിക്ഷേപങ്ങളിൽ വിശ്വാസം നഷ്ടപെട്ടോ? സ്വർണത്തിളക്കം തുടരുമോ?
Mail This Article
സ്വർണത്തിന് തിളക്കമേറിയ വർഷമായിരുന്നു 2024. സ്വർണ വില കണ്ട് കണ്ണ് മഞ്ഞളിച്ച മാസങ്ങളും 2024ൽ ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് 2024 'സ്വർണ വർഷം' ആയത്? 2025 ലും സ്വർണത്തിന്റെ തേരോട്ടം തുടരുമോ? ചൈനയുടെ കളികളാണോ സ്വർണ വില ഉയർത്തിയത്? റിയൽ എസ്റ്റേറ്റിൽ നിന്ന് സ്വര്‍ണത്തിലേക്ക് പണം ഒഴുകുന്നുണ്ടോ? കുറെയേറെ കാര്യങ്ങൾ ഒരുമിച്ച് സംഭവിച്ചതായിരുന്നു 2024ൽ സ്വർണം പിടികിട്ടാതെ ഉയരാൻ കാരണമായത്. ഇതിൽ സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ പ്രശ്നങ്ങളുൾപ്പടെ ഉണ്ടായിരുന്നു.
ഭൗമ-രാഷ്ട്രീയ അസ്ഥിരത
റഷ്യ യുക്രെയ്ൻ സംഘർഷം മൂർച്ഛിച്ചത് വിപണികളെ ഭയപ്പെടുത്തിയിരുന്നു. ഇത് പരമ്പരാഗത നിക്ഷേപ മാർഗങ്ങളിൽ നിന്നും മാറി നടക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ച ഘടകമായി. ഓഹരികളിൽ നിന്നും ക്രിപ്റ്റോ കറൻസികളിൽ നിന്നും സ്വര്‍ണത്തിലേക്ക് ഒഴുക്ക് കൂടാൻ ഇത് കാരണമായി. പേടിക്കാതെ എന്നും നിക്ഷേപിക്കാവുന്ന ആസ്തി' എന്ന് പറഞ്ഞു പതിഞ്ഞ ആ സിദ്ധാന്തം, ശരിയാണെന്ന് സ്വർണം വീണ്ടും ഈ വർഷവും അരക്കിട്ടുറപ്പിച്ചു കാണിച്ചു. ഇസ്രായേൽ-ഗാസ സംഘർഷവും ഇതിന് എരിവ് കൂട്ടി. കാലാകാലങ്ങളായി യുദ്ധം,ക്ഷാമം, സാമ്പത്തിക അസ്ഥിര അന്തരീക്ഷം എന്നിവയെല്ലാം അതിജീവിക്കാൻ സ്വർണത്തിൽ കൂടുതൽ നിക്ഷേപം നടത്താൻ വ്യക്തികളും ധനകാര്യ സ്ഥാപനങ്ങളും കേന്ദ്ര ബാങ്കുകളും ശ്രദ്ധിച്ചിരുന്നു. ആഗോളതലത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നത് സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടുന്നുണ്ട്. കേന്ദ്ര ബാങ്കുകൾ എല്ലാം സ്വർണത്തിൽ നിക്ഷേപിക്കുന്നു. ഇസ്രായേൽ ഹമാസ് സംഘർഷം തുടരുന്നതും, റഷ്യ യുക്രെയ്ൻ യുദ്ധം അവസാനിക്കാത്തതും, പണപ്പെരുപ്പം ഒരു രീതിയിലും മെരുങ്ങാത്തതും സ്വർണത്തിന്റെ തിളക്കം വരും വർഷങ്ങളിൽ വർധിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ഫെഡ് നിരക്ക് കുറച്ചത്
ഫെഡ് പലിശ നിരക്കുകൾ കുറയ്ക്കുമ്പോൾ സാധാരണയായി സ്വർണം ശക്തി പ്രാപിക്കാറുണ്ട്. ഈ വർഷവും ഈ കാര്യം സ്വർണത്തിന്റെ വില കൂട്ടി. പലിശ നിരക്കുകൾ കുറക്കുമ്പോൾ പണപ്പെരുപ്പം കൂടുമെന്ന കാര്യമാണ് ഇതിനു പിന്നിലുള്ളത്. മൂന്ന് പ്രാവശ്യമാണ് 2024 ൽ അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ നിരക്കുകൾ കുറച്ചത്. 'അമേരിക്കൻ സമ്പദ് വ്യവസ്ഥയിൽ അനിശ്ചിതത്വം ഉണ്ടോ' എന്ന ചർച്ചകൾ ഫെഡ് നിരക്ക് കുറച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. മാന്ദ്യത്തെക്കാൾ മോശമായത് എന്തെങ്കിലും അമേരിക്കൻ സമ്പദ് വ്യവസ്ഥയെ കാത്തിരിക്കുന്നുണ്ടോ...അതുകൊണ്ടാണോ പലിശ നിരക്കുകൾ കുറയ്ക്കുന്നത് എന്നായിരുന്നു പ്രധാന ചർച്ച. എന്തായാലും ഇത് കണ്ടു സ്വർണത്തിനു വെറുതെ ഇരിക്കാനായില്ല. സ്വർണം പുതിയ ഉയരങ്ങളിലേക്ക് നടന്നു കയറാൻ തന്നെ നിശ്ചയിച്ചു.
കേന്ദ്ര ബാങ്കുകളുടെ സ്വർണം വാങ്ങൽ
കേന്ദ്ര ബാങ്കുകൾ കണ്ണും പൂട്ടി സ്വർണം വാങ്ങി കൂട്ടിയ വർഷമായിരുന്നു 2024. ഇന്ത്യയുടെ റിസർവ് ബാങ്ക് എല്ലാ മാസവും സ്വർണം സ്ഥിരമായി വാങ്ങിയിരുന്നു. സ്വർണ ഖനനത്തിൽ അടുത്ത വർഷങ്ങളിൽ കുറവ് ഉണ്ടാകും എന്ന ആശങ്കയും വാങ്ങി കൂട്ടലിനു പുറകിൽ ഉണ്ടായിരുന്നു. എമേർജിങ് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നുണ്ടെങ്കിലും, അത് പാശ്ചാത്യ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ സ്വർണ ശേഖരത്തിന്റെ അടുത്തെത്താൻ വർഷങ്ങൾ എടുക്കുമെന്നാണ് റിപ്പോർട്ടുകൾ. 2022 സെപ്റ്റംബർ അവസാനത്തെ ആർബിഐ കണക്കുകൾ പ്രകാരം സെൻട്രൽ ബാങ്കിന് 53727 കോടി ഡോളറിന്റെ ഫോറെക്‌സ് കരുതൽ ശേഖരം ഉണ്ടായിരുന്നു, അതിൽ 4221 കോടി ഡോളർ മൂല്യമുള്ള സ്വർണം സൂക്ഷിച്ചിരുന്നു, ബാക്കിയുള്ളവ പ്രധാനമായും വിദേശ കറൻസികളായി സൂക്ഷിച്ചിരിക്കുന്നു. പണപ്പെരുപ്പം കൂടുന്ന സാഹചര്യത്തിൽ യൂറോ, പൗണ്ട്, യെൻ തുടങ്ങിയ കറൻസികളുടെ മൂല്യത്തിലുണ്ടായ ഇടിവ് ഇന്ത്യയുടെ ഫോറെക്സ് കരുതൽ ശേഖരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇന്ത്യയെപ്പോലുള്ള ചരക്ക് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ കറന്റ് അക്കൗണ്ട് ബാലൻസിനെ ഇത് മോശമായി ബാധിക്കും. അതുകൊണ്ടു ഫിയറ്റ് കറൻസിയുടെ മൂല്യത്തിലുണ്ടാകുന്ന ഏതൊരു ഇടിവും സ്വർണ കരുതൽ ശേഖരം ഉയർത്തുന്നതിലൂടെ നേരിടാം.അതിനാൽ റിസർവ് ബാങ്ക് സ്വർണം വാങ്ങുന്നത് അതിന്റെ കരുതൽ ശേഖരം വൈവിധ്യവല്‍ക്കരിക്കാൻ കൂടിയാണ്.
'ചൈന ചതിച്ചു'
സാമ്പത്തിക മാന്ദ്യം, ഓഹരി ബെയർ മാർക്കറ്റ്, ദുർബലമായ പ്രോപ്പർട്ടി മാർക്കറ്റ് എന്നിവ കണ്ട ചൈനീസ് ജനതക്ക് സ്വർണം വളരെ ആകർഷകമായ ആസ്തിയായി മാറിയിരിക്കുന്നു.
ചൈനയുടെ കേന്ദ്ര ബാങ്കും, സാധാരണക്കാരായ ചൈനക്കാരും സ്വർണം വാങ്ങി കൂട്ടാൻ കഴിഞ്ഞ രണ്ടു വർഷങ്ങളായി കൂടുതൽ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ കണക്കുകൾ നോക്കുമ്പോൾ ചൈനീസ് കേന്ദ്ര ബാങ്കാണ് മറ്റ് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളേക്കാൾ സ്വർണം വാങ്ങി കൂട്ടിയിരിക്കുന്നത് എന്ന് കാണാം. കഴിഞ്ഞ 17 മാസങ്ങളായി സ്വർണം വാങ്ങുന്ന ഈ പ്രവണത തുടർന്ന് കൊണ്ടിരിക്കുകയുമാണ്. ചൈനയുടെ സ്വർണം വാങ്ങലാണ് രാജ്യാന്തര തലത്തിൽ സ്വർണത്തിന്റെ വില ഉയർത്തുന്ന ഒരു കാരണം. എന്തുകൊണ്ടാണ് ചൈനക്കാർ പെട്ടെന്ന് സ്വർണ നിക്ഷേപങ്ങളിലേക്ക് തിരിഞ്ഞത്? പരമ്പരാഗത നിക്ഷേപങ്ങളിൽ ചൈനക്കാരുടെ വിശ്വാസം നഷ്ടപ്പെട്ടതാണ് സ്വർണ നിക്ഷേപത്തിലേക്ക് ചൈനക്കാർ തിരിയാൻ കാരണം എന്ന് റിപ്പോർട്ടുകളുണ്ട്.
റിയൽ എസ്റ്റേറ്റ്
റിയൽ എസ്റ്റേറ്റാണ് സമ്പാദ്യം വളർത്താൻ ഏറ്റവും നല്ല നിക്ഷേപം എന്ന് വിശ്വസിച്ചു അതിൽ നിക്ഷേപിച്ചവരെല്ലാം കൈപൊള്ളി വിഷമിച്ചിരിക്കുന്ന കാഴ്ചയാണ് ചൈനയിൽ നിന്നും വരുന്നത്. കുറച്ചു വർഷങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന റിയൽ എസ്റ്റേറ്റ് അഗ്നിപർവതം പൊട്ടിത്തെറിക്കുന്ന അവസ്ഥയിൽ എത്തിയത് ചൈനീസ് സമ്പദ് വ്യവസ്ഥയെ ചക്രശ്വാസം വലിപ്പിക്കുകയാണ്. പല ബാങ്കുകളും നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കാത്തതും, റിയൽ എസ്റ്റേറ്റ് പ്രതിസന്ധി കടുക്കുന്നതും, സർക്കാർ പ്രതിഷേധങ്ങളെ അടിച്ചൊതുക്കുന്നതുമെല്ലാം സമ്പദ് വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം കുറച്ചിട്ടുണ്ട്.
ചൈനയിൽ 85 ശതമാനത്തോളം വീടുകളും പണി പൂർത്തിയാകുന്നതിനു മുൻപായാണ് വിറ്റഴിക്കുന്നത്. അതായതു കെട്ടിടങ്ങൾ പൂർത്തിയാകുന്നതിനു മാസങ്ങളോ, വർഷങ്ങളോ മുൻപ് വായ്പകൾ ആരംഭിക്കും. 2020 മുതൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായതോടെ വീടുകൾ ഉപഭോക്താക്കൾക്ക് കൃത്യസമയത്ത് പണിതീർത്തു കൊടുക്കുവാൻ പറ്റാത്ത അവസ്ഥയിലായി. 30 പ്രോജക്റ്റുകൾക്കാണ് ആദ്യം പ്രശ്നം വന്നതെങ്കിൽ പിന്നീട് അത് 300ലേക്കെത്തി. ഡവലപ്പർമാരുടെ കയ്യിലെ പണം തീർന്നത്തോടെ ഒരു പ്രൊജക്റ്റിനു പോലും മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥയുമായി. മാസങ്ങളോളം പണമടച്ചിട്ടും വീടുകൾ സമയത്തിനു ലഭിക്കാത്തതിനാൽ ഉപഭോക്താക്കൾ വായ്പ അടവിൽ മുടക്കം വരുത്തി. ഇത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. ഇതിനിടക്ക് 2021 മുതൽ സർക്കാർ പല കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നുണ്ട്. സർക്കാരിന്റെ ഈ പ്രവർത്തി മൂലം പല ഡവലപ്പർമാരും പാപ്പരായി. നിർമാണ അനുമതികൾ ഇല്ലാതെ പണിത അംബരചുംബികളായ പല കെട്ടിടങ്ങളും ചൈനയിൽ പൊളിച്ചു നീക്കിയത് എവർഗ്രാന്‍ഡേ അടക്കമുള്ള കമ്പനികൾക്ക് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കി. എവർഗ്രാന്‍ഡേ പോലുള്ള ഭീമൻ കമ്പനികൾക്ക് വായ്പ പലിശ കൃത്യ സമയത്ത് അടച്ചു തീർക്കാൻ പറ്റാത്തതും, രാജ്യാന്തര ബോണ്ട് അടവ് മുടക്കിയതുമെല്ലാം പ്രശ്നങ്ങളുടെ ആക്കം കൂട്ടി .ഇതെല്ലാം റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ചാൽ 'സ്വത്ത് വളരുകയല്ല തകരുകയാണ്' എന്ന മനസ്ഥിതി ചൈനയിൽ വളർത്തി. ഇതും 'സ്വർണമാണ് സുരക്ഷിതം' എന്ന രീതിയിൽ ചിന്തിക്കാൻ ചൈനക്കാരെ പ്രേരിപ്പിച്ചു.
ഓഹരി വിപണി
ചൈനീസ് ഓഹരി വിപണി (എസ് എസ് ഇ കോംപോസിറ്റ് ഇൻഡക്സ് ) ആദായം നോക്കിയാൽ 5 വർഷത്തിൽ നെഗറ്റീവ് ആദായമാണ് നൽകുന്നത്. ഒരു വർഷത്തെ കണക്കില്‍ നെഗറ്റീവ് 4 ശതമാനമാണ് കാണിക്കുന്നത്. ഓഹരി വിപണിയെക്കാൾ ലാഭം സ്വർണമാണ് എന്ന ചിന്തയും ചൈനക്കാരതിലേയ്ക്ക് പണമൊഴുക്കാനിടയാക്കി. അമേരിക്കൻ ഓഹരി വിപണിയെ പോലെയല്ല ചൈനീസ് ഓഹരി വിപണി പ്രവർത്തിക്കുന്നത് എന്നതും വിദഗ്ധർ ചൂണ്ടി കാണിക്കുന്ന ഒരു വസ്തുതയാണ്. അമേരിക്കയിൽ കോർപറേറ്റുകൾ ഓഹരി വിപണിയിൽ നിന്ന് പണം സ്വരൂപിക്കാൻ താല്പര്യം കാണിക്കുമ്പോൾ ചൈനയിൽ അതല്ല അവസ്ഥ. ചൈനയിലെ വൻകിട കമ്പനികൾ കൂടുതലായി ബാങ്ക് വായ്പകളെയാണ് ആശ്രയിക്കുന്നത്. അതുപോലെ ചൈനയിലെ ചെറുകിട നിക്ഷേപകർ പണം വർഷങ്ങളോളം ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ താല്പര്യപ്പെടുന്നില്ല. ചെറിയ ലാഭം ആകുമ്പോൾ തന്നെ നിക്ഷേപം പിൻവലിക്കുന്നതാണ് അവരുടെ രീതി. ചൈനക്കാർക്ക് അവരുടെ തന്നെ ഓഹരി വിപണിയിൽ അത്ര വിശ്വാസം ഇല്ല എന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തായ്‌വാനുമായുള്ള പ്രശ്നങ്ങളും റിയൽ എസ്റ്റേറ്റ് പ്രതിസന്ധിയും കയറ്റുമതി കുറഞ്ഞതും വിദേശ നിക്ഷേപം കുറഞ്ഞതും ചൈനീസ് ഓഹരി വിപണിയെ തളർത്തിയ മറ്റ് ഘടകങ്ങളാണ്.
ഫണ്ടുകൾ മരവിപ്പിക്കുമോ എന്ന പേടി
റഷ്യ യുക്രെയ്ൻ യുദ്ധം തുടങ്ങിയതോടെ അമേരിക്ക റഷ്യയുടെ പല ഫണ്ടുകളും മരവിപ്പിച്ചിരിക്കുകയാണ്. റഷ്യയോട് അടുത്ത് നിൽക്കുന്ന ചൈനയുടെ ഫണ്ടുകളും ഇത്തരത്തിൽ മരവിപ്പിച്ചാലോ എന്ന പേടി മൂലം ചൈന സ്വർണ നിക്ഷേപം കൂട്ടുന്നു എന്നും വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു. റഷ്യക്ക് കോടികണക്കിന് സ്വത്ത് ഉണ്ടെങ്കിലും ഒന്നും ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥിതി വിശേഷം ഉണ്ടായതിനാൽ അത്തരമൊരു സാഹചര്യം നാളെ തങ്ങൾക്കും വരാം എന്നൊരു ദീർഘവീക്ഷണ മനോഭാവം ചൈനക്കാർക്കുണ്ട് എന്ന് ചുരുക്കം. ചൈനയുടെ ചില മേഖലകളിലെ വളർച്ച അമേരിക്കക്ക് ഭീഷണിയാണ് എന്നുള്ള കാര്യവും ഇവിടെ കൂട്ടി വായിക്കാം. അതുകൊണ്ടു അമേരിക്കക്ക് ചൈനയുടെ മേൽ എപ്പോഴും ഒരു കണ്ണുണ്ട് . റഷ്യക്ക് മാത്രമല്ല അഫ്ഗാനിസ്ഥാൻ, ഇറാൻ, ഇറാഖ്, ചില ആഫ്രിക്കൻ രാജ്യങ്ങൾ, ചില ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എന്നിവയെല്ലാം തന്നെ അമേരിക്കയുടെ 'പണം പിടിച്ചുവയ്ക്കൽ' നയത്തിന്റെ തിക്ത ഫലങ്ങൾ അനുഭവിക്കുന്നവരാണ്.
ഡീ ഡോളറൈസേഷൻ
ആഗോള സാമ്പത്തിക ശക്തി കേന്ദ്രങ്ങൾ മാറുന്നതിന്റെ സൂചനയായും ഈ പണമൊഴുക്കിനെ വിദഗ്‌ധർ കാണുന്നു. വർഷങ്ങളോളം പട്ടിണി പാവങ്ങളുടെ രാജ്യം എന്ന് മുദ്ര കുത്തപ്പെട്ടിരുന്ന ഇന്ത്യയും രാജ്യാന്തര സാമ്പത്തിക, രാഷ്ട്രീയ തീരുമാനങ്ങളുടെ ഗതി നിർണയിക്കാൻ തുടങ്ങിയതോടെ അമേരിക്കക്ക് ചെറിയ രീതിയിലെങ്കിലും പല കാര്യങ്ങളിലും ഇപ്പോൾ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുന്നുണ്ട്. അതിന്റെകൂടെ അമേരിക്കയെ പാഠം പഠിപ്പിക്കാൻ രാജ്യങ്ങളെല്ലാം സ്വർണ നിക്ഷേപത്തിലേക്ക് മാറുന്നതാണ് പുതിയ തലവേദന.
കഴിഞ്ഞ പത്തു വർഷങ്ങളായി അമേരിക്കൻ ട്രഷറി നിക്ഷേപം ചൈന പടിപടിയായി കുറച്ചു കൊണ്ടുവരികയാണ്. അമേരിക്കൻ ഡോളറിന് മേലുള്ള ആശ്രിതത്വം കുറക്കാനാണ് ഇത്.സ്വർണം വാങ്ങുന്നത് തുടർന്നാൽ ഡോളറിന്റെ ശക്തി ക്ഷയിപ്പിക്കാം എന്ന് പല രാജ്യങ്ങളും കരുതുന്നുണ്ട്. ഡീ ഡോളറൈസേഷൻ രാജ്യാന്തര തലത്തിൽ ഒരു പ്രവണതയായി തീർന്നിട്ടുണ്ട്.
ആഭരണങ്ങൾ വാങ്ങലും, സ്വർണ നിക്ഷേപവും ഇനിയും ഇന്ത്യയിൽ തുടരുമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട്. ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതിന് ശേഷം, ഇന്ത്യയിൽ സ്വർണ ഡിമാൻഡ് ശക്തമായി തുടരുകയാണ്. ഇറക്കുമതി ചുങ്കം കുറയ്ക്കുന്നതിന് മുമ്പുള്ളതിനേക്കാൾ വാങ്ങൽ ശക്തമായി തുടരുമെന്ന് വ്യവസായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സമൂഹത്തിന്റെ മേൽത്തട്ടിലുള്ളവർ ഡിജിറ്റൽ സ്വർണത്തിലാണ് ഇപ്പോൾ കൂടുതൽ നിക്ഷേപിക്കുന്നതെങ്കിൽ താഴെ തട്ടുകാർ സ്വർണ ആഭരങ്ങളിലാണ് നിക്ഷേപം നടത്തുന്നത്. സാധാരണക്കാർക്ക് സ്വർണം അല്ലാതെ മറ്റ് നിക്ഷേപ മാർഗങ്ങൾ അത്ര അറിയാത്തതാണ് സ്വർണത്തിലേക്ക് പണമൊഴുക്കാനുള്ള കാരണം.
സ്വർണം പരിമിതം
ഖനികളിൽ നിന്നുള്ള സ്വര്‍ണ ഉൽപ്പാദനം പരിമിതമാണ്. നിലവിലുള്ള കരുതൽ ശേഖരം തീരുന്നു എന്ന സൂചനകൾ പല ഖനികളിൽ നിന്നുമുണ്ട്. കൂടാതെ പതിറ്റാണ്ടുകളായി സ്വർണ ഉൽപ്പാദനം കുറയുകയാണ്. പുതിയ സ്വർണ ഖനികൾ ഇപ്പോഴും കണ്ടെത്തുന്നുണ്ടെങ്കിലും വൻ നിക്ഷേപങ്ങളില്ല. കൂടാതെ കണ്ടെത്തുന്ന പല ഖനികളിലെയും സ്വർണം ഖനനം ചെയ്യുന്നതിനും ഭൂമിശാസ്ത്രപരമായി ബുദ്ധിമുട്ടുകളുണ്ട്.
സാമ്പത്തിക അനിശ്ചിതത്തിന്റെ കാലഘട്ടത്തിൽ മറ്റേത് ആസ്തികളെക്കാളും സ്വർണം കൂടുതൽ വിശ്വസനീയമായതാണ് എന്ന ചിന്താഗതി സാമ്പത്തിക ലോകത്ത് നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അമേരിക്കൻ ബാങ്കിങ് പ്രതിസന്ധി മൂലം സാമ്പത്തിക ലോകം ഉലയുമ്പോൾ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപം ഒഴുകുന്നു.
2025 ൽ സ്വർണ തിളക്കം തുടരുമോ?
ഒരു അസറ്റ് ക്ലാസ് എന്ന നിലയിൽ സ്വർണ വില ഡോളർ വിലയുമായി വിപരീതമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വർണത്തിന്റെ വില ഡോളറിലായതിനാൽ, ഡോളറിന്റെ വർദ്ധനവ് സ്വർണത്തെ നിക്ഷേപമെന്ന നിലയിൽ ആകർഷകമാക്കും. അമേരിക്കൻ സമ്പദ് വ്യവസ്ഥയിലെ ഉപഭോക്തൃ ഡിമാൻഡ് കുറഞ്ഞാലും സ്വർണം ശക്തിപ്പെടും. ലോകം ഈ വർഷം അവസാനം മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമെന്ന പ്രവചനങ്ങളും സ്വർണത്തിന് ഡിമാൻഡ് കൂട്ടി. എന്നാൽ ഇപ്പോഴുള്ള സാമ്പത്തിക അനിശ്ചിതത്വം 2030 വരെയെങ്കിലും തുടരുമെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ 2030-ഓടെ ഗോൾഡ് ബുള്ളിയൻ വിപണി 13155 കോടി ഡോളർ മൂല്യം കൈവരിക്കുമെന്ന് SkyQuest പ്രവചിക്കുന്നു. സാമ്പത്തിക അനിശ്ചിതത്വം ഒരു സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ആവശ്യം വര്‍ധിപ്പിക്കുന്നതോടൊപ്പം സാമ്പത്തിക അസ്ഥിരതയുടെയോ മാന്ദ്യത്തിന്റെയോ വേളയിൽ സ്വർണം സ്ഥിരതയും മൂല്യ സംരക്ഷണവും നൽകുന്നു. ഇതും സ്വർണ ബുള്ളിയൻ വിപണിയുടെ വളർച്ചയ്ക്ക് കരുത്തേകും. അമേരിക്കയിലെ ഗാർഹിക നിക്ഷേപം കുറയുന്നതും ക്രെഡിറ്റ് കാർഡ് കടം കൂടുന്നതും ഡോളർ ക്ഷയിക്കുന്നതും സ്വർണ വില ഉയർത്തുമെന്നാണ് മറ്റ് കണക്കു കൂട്ടലുകൾ.