ചിട്ടിയെ കൂടുതൽ പ്രിയങ്കരമാക്കും, ലക്ഷ്യമിടുന്നത് 1 ലക്ഷം കോടിയുടെ ബിസിനസ്: കെ. വരദരാജൻ
Mail This Article
ഓഹരി, മ്യൂച്ചൽ ഫണ്ട്, സ്വർണം ഇവയൊക്കെയുണ്ടെങ്കിലും മലയാളികൾക്കെന്നും പ്രിയങ്കരമായ നിക്ഷേപമാർഗമാണ് ചിട്ടി. ചിട്ടിയെ കൂടുതൽ ജനകീയമാക്കുക, ചെറുപ്പക്കാർക്കിടയിലും സ്വീകാര്യതയുയർത്തുക, ആഗോളതലത്തിലേയ്ക്ക് സാന്നിധ്യമുയർത്തുക എന്നിങ്ങനെ നിരവധി കാര്യങ്ങൾ പ്രാവർത്തികമാക്കുകയാണ് കേരള സർക്കാര്‍ സംരംഭമായ തൃശൂരിലെ കെഎസ്എഫ്ഇ. 2025ൽ കെഎസ്എഫ്ഇ ലക്ഷ്യമിടുന്നത് ഒരു ലക്ഷം കോടി രൂപയുടെ ബിസിനസാണെന്ന് ചെയർമാൻ കെ. വരദരാജൻ പറയുന്നു. അതിനുള്ള പദ്ധതികളെക്കുറിച്ച് മനോരമ ഓൺലൈനോട് വിശദീകരിക്കുകയാണദ്ദേഹം:
∙ ലക്ഷം കോടി രൂപയുടെ ബിസിനസാണ് 2025 ൽ കെഎസ്എഫ്ഇ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞല്ലോ? എങ്ങനെയാണിത് സാധ്യമാക്കുക?
കഴിഞ്ഞ സാമ്പത്തിക വർഷത്തെ 87,000 കോടി രൂപയുടെ വിറ്റുവരവിനെ അപേക്ഷിച്ച് ഇത്തവണത്തെ ബിസിനസിൽ 16,000 കോടിയുടെ വർധന നേടാനായി. അത് കണക്കാക്കുമ്പോൾ അടുത്ത വര്‍ഷവും കെഎസ്എഫ്ഇ യ്ക്ക് ഒരുലക്ഷം കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവ് നേടാനാകും. ഒപ്പം തന്നെ വായ്പ പോലെയുള്ള മറ്റ് ഉൽപ്പന്നങ്ങളിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഉദാഹരണത്തിന് സ്വർണപ്പണയ വായ്പ 10,000 കോടിയാക്കി വർധിപ്പിക്കണം. അതു പോലെ സർക്കാർ ജീവനക്കാരുടെ ഭവന വായ്പയും ഞങ്ങൾ ലക്ഷ്യമിടുന്നു. സർക്കാർ ജീവനക്കാരുടെ ഭവന വായ്പ ഇപ്പോൾ ബാങ്കുകളെ ഏൽപ്പിച്ചിരിക്കുകയാണെങ്കിലും അവർക്കത് കാര്യക്ഷമമായി നൽകാനാകുന്നില്ല. കെഎസ്എഫ്ഇ യുടെ 700 ശാഖകളിലൂടെ അത് ഞങ്ങൾക്ക് കൈകാര്യം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
∙ ഇതിനെല്ലാം കൂടുതൽ ജീവനക്കാരും ശാഖകളുമൊക്കെ വേണ്ടി വരില്ലേ?
തീർച്ചയായും. നിലവിൽ കെഎസ്എഫ്ഇയ്ക്ക് 700 ശാഖകളാണുള്ളത്. 9,000 നടുത്ത് ജീവനക്കാരുമുണ്ട്. പക്ഷെ വിപുലീകരണത്തിന്റെ അടുത്ത ഘട്ടത്തിൽ ഇതു രണ്ടും മതിയാകില്ല. പിഎസ് സി വഴി 2,200 പേരെക്കൂടി നിയമിക്കുന്നുണ്ട്. 40 ശതമാനം ചിട്ടിയും കാൻവാസ് ചെയ്യുന്നത് ജീവനക്കാരാണ്. അവരെ സഹായിക്കുന്നതിനായി ബിസിനസ് പ്രമോർട്ടർമാരെയും നിയമിക്കുന്നുണ്ട്. എല്ലാ പഞ്ചായത്തിലും കെഎസ്എഫ്ഇക്ക് ഒരു ശാഖ എന്നതാണ് ലക്ഷ്യം.
∙ എന്താണ് ബിസിനസ് പ്രമോർട്ടർമാരുടെ റോൾ?
കെഎസ്എഫ്ഇ ജീവനക്കാർക്ക് പുറമേ ചിട്ടി കാൻവാസ് ചെയ്യുന്നവരാണ് ബിസിനസ് പ്രമോർട്ടർമാർ. ചെറുപ്പക്കാർക്ക്, പ്രത്യേകിച്ച് വീട്ടമ്മമാരായ വനിതകൾക്ക് വരുമാനത്തിനുള്ള അവസരമാണിത്. വാഹനം ഓടിക്കുന്നവർക്ക് അനുയോജ്യമേഖലയാണ്. ഇങ്ങനെ ചേരാൻ താൽപ്പര്യമുള്ളവർക്ക് കിലയിലാണ് പരിശീലനം നൽകുന്നത്. 6 മാസം 7,500 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. മാസം മൂന്ന് ലക്ഷം രൂപയുടെ ഒരു ചിട്ടികിട്ടിയാൽ പോലും ആദായകരമാണ്. തന്നെയുമല്ല ഒരിക്കൽ ചിട്ടിയിൽ ചേർന്നവർ തുടർന്നും ചേരുമെന്നതിനാൽ അവർക്ക് ആ ഇടപാടുകാരെ എപ്പോഴും കൂടെ നിർത്താനുമാകും. ഇത്തരത്തിൽ ഇതിനകം 400 പേരെ നിയമിച്ചിട്ടുണ്ട്. ആകെ 2,000 പേരെ നിയമിക്കാനാണുദ്ദേശിക്കുന്നത്. ഇതിന്റെ വിശദവിവരങ്ങൾ അടുത്തുള്ള ശാഖകളിൽ നിന്നു ലഭിക്കും. ഇത്തരത്തിൽ ഗൾഫിലും യുകെ പോലുള്ള രാജ്യങ്ങളിലുമൊക്കെ എൻആർഐ ചിട്ടികൾക്ക് വേണ്ടി കാൻവാസ് ചെയ്യുന്നതിനായി വിദേശത്തുള്ളവർക്കും കെഎസ്എഫ്ഇയോട് ചേർന്ന് പ്രവർത്തിക്കാനാകും. ഇതിന്റെ വിശദ വിവരങ്ങൾ തിരുവനന്തപുരത്തെ ഡിജിറ്റൽ പ്രമോഷൻ സെന്ററിൽ നിന്ന് ലഭ്യമാണ്.
∙ കെഎസ്എഫ്ഇ യുടെ അടുത്ത പദ്ധതികൾ എന്തൊക്കെയാണ്?
അതിഥി തൊഴിലാളികൾക്ക് ചിട്ടി നിക്ഷേപത്തിന് അവസരം ഒരുക്കുകയാണ് ഒരു ശ്രമം. അതിനുള്ള അനുമതി അടുത്ത് തന്നെ സർക്കാരിൽ നിന്ന് ലഭ്യമാകും. അവർക്ക് ചിട്ടി പിടിച്ച് ഇവിടെത്തന്നെ നിക്ഷേപിക്കാം. ചിട്ടി വട്ടമെത്തിയാൽ തുക ലഭ്യമാകും. അവർക്ക് ഈടില്ലാതെ വായ്പയും ലഭ്യമാക്കും. ചിട്ടി അടച്ചു കൊണ്ടിരുന്നാൽ മതി.
ചെറുകിട ബിസിനസുകാർക്ക് പ്രതിദിന – പ്രതിവാര കലക്‌ഷൻ ചിട്ടി ലഭ്യമാക്കാനും ഉദ്ദേശമുണ്ട്. ബിസിനസ് പ്രമോട്ടർമാർ പ്രവർത്തന സജ്ജരാകുന്നതോടെ ഈ പദ്ധതി ആകർഷകമായി കൊണ്ടുപോകാനാകും. കെഎസ്എഫ്ഇ യുടെ 5000ലധികം ഏജന്റുമാർക്ക് ചിട്ടി കലക്‌ഷനുള്ള ആപ്പും ആരംഭിച്ചു കഴിഞ്ഞു. ഇതെല്ലാം ചിട്ടിപ്പിരിവ് കൂടുതൽ ആകർഷകവും അനായാസവുമാക്കും.
മറ്റൊന്ന് പുതു തലമുറ ആൾക്കാർ ഇപ്പോൾ ചിട്ടിയിൽ അത്ര ആകൃഷ്ടരല്ല. ഓഹരി, മ്യൂച്ചൽഫണ്ട് എന്നിവയ്ക്കൊപ്പം ചിട്ടിയേയും അവർക്കിടയിൽ സ്വീകാര്യമാക്കണം. അതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ വായ്പ കൊടുക്കുന്ന പദ്ധതി ഇപ്പോഴുണ്ട്. അത് കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് പലിശ ഇളവുൾപ്പടെ പല ആനുകൂല്യങ്ങളും നൽകുന്നുണ്ട്.
അടുത്ത ഘട്ടത്തിൽ കെഎസ്എഫ്ഇ ഒരു കമ്പനി രൂപീകരിച്ച് ഇൻഷുറൻസ്, സ്റ്റാർട്ടപ്പ് വായ്പ തുടങ്ങി വ്യത്യസ്ത മേഖലകളിലേയ്ക്ക് കൂടി കടക്കാൻ ഉദ്ദേശിക്കുന്നു. സർക്കാർ ജീവനക്കാരെ ഭവനവായ്പയുടെ പരിധിയിൽ കൊണ്ടു വരിക, വ്യക്തിഗത വായ്പയുടെ പരിധി 25 ലക്ഷമായി ഉയർത്തുക, ഭവന വായ്പ കൂടുതൽ ഊർജിതമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഇതോടൊപ്പമുണ്ട്.