സംരംഭകരെ വഴിതെറ്റിക്കുന്ന ആ 10 മാർക്കറ്റിങ് അന്ധവിശ്വാസങ്ങൾ ഇവയാണ്
Mail This Article
കാലങ്ങളായി മാർക്കറ്റിങുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ചില അന്ധവിശ്വാസങ്ങളുണ്ട്. ഈ അന്ധവിശ്വാസങ്ങൾ മുറുകെപ്പിടിച്ച് മാർക്കറ്റിങ് തന്ത്രങ്ങൾ തെറ്റായ രീതിയിൽ പ്രയോഗിക്കുകയോ അല്ലെങ്കിൽ തീരെ പ്രയോഗിക്കാതിരിക്കുകയോ ചെയ്ത് തിരിച്ചടികൾ ഏറ്റു വാങ്ങേണ്ടി വന്ന നിരവധി സംരംഭകരെ നേരിട്ടറിയാം. പലയാവർത്തി പറഞ്ഞ് കേട്ടിട്ടുള്ള 10 മാർക്കറ്റിങ് കെട്ടുകഥകൾ ചുവടെ നൽകുന്നു.
1. മാർക്കറ്റിങ് പണച്ചെലവേറിയതാണ്
ഏറെ പഴക്കമുള്ള കെട്ടുകഥകളിലൊന്നാണ് ഇത്. സത്യമെന്തെന്നാൽ ചെലവേറിയതും ചെലവ് കുറഞ്ഞതും തീരെ ചെലവില്ലാത്തതുമായ മാർക്കറ്റിങ് തന്ത്രങ്ങൾ നിലവിലുണ്ട്. അതിൽ തങ്ങളുടെ ആവശ്യത്തിന് യോജിക്കുന്ന കൊക്കിലുതുങ്ങുന്ന തന്ത്രം തിരഞ്ഞെടുക്കണമെന്ന് മാത്രം.
2. മാർക്കറ്റിങ് എന്നാൽ വില്‍പ്പന മാത്രമാണ്
മാർക്കറ്റിങ് എന്നാൽ വില്‍പ്പനയും കൂടിയാണ് എന്നതാണ് സത്യം. വില്‍പ്പനക്ക് പുറമെ ഉപഭോക്താവിന്റെ ആവശ്യങ്ങൾ അറിയുക, ബ്രാൻഡിനെ/സംരംഭത്തെക്കുറിച്ച് അവബോധമുള്ള ഉപഭോക്താക്കളെ വാർത്തെടുക്കുക എന്നിങ്ങനെ തുടങ്ങി വില്‍പ്പനാനന്തര സേവനങ്ങൾ വരെയും മാർക്കറ്റിങ്ങാണ്.
3. പഴയ മാർക്കറ്റിങ് ഇനിയില്ല
ഡിജിറ്റൽ മാർക്കറ്റിങിന്റെ കടന്ന് വരവോടു കൂടി ടെലിവിഷൻ പരസ്യങ്ങളും പത്രപ്പരസ്യങ്ങളും പരസ്യ ബോർഡുകളുമുൾപ്പെടെയുള്ള പഴയകാല മാർക്കറ്റിംങിന് ഇനി പ്രസക്തിയില്ലെന്നാണ് പലരും ധരിക്കുന്നത്. എന്നാൽ ഇവയുടെ എല്ലാത്തിന്റെയും കാര്യക്ഷമമായ സംയോജനമാണ് വേണ്ടത്.
4. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലും സാന്നിധ്യമുണ്ടാകണം
ഈ ബോധ്യവും തീർത്തും തെറ്റാണ്. എല്ലാ സംരംഭത്തിനും എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളും യോജിച്ചുവെന്ന് വരില്ല. ഉദാഹരണത്തിന്, അസംസ്‌കൃത വസ്തുക്കൾ ഉൽപ്പാദകർക്ക് വിപണനം നടത്തുന്ന സംരംഭകർക്ക് ലിങ്ക്ഡ് ഇൻ ആകും അനുയോജ്യം. എന്നാൽ, തുണിത്തരങ്ങൾ നേരിട്ട് ഉപഭോക്താവിലേക്കെത്തുന്ന സംരംഭത്തിന് ലിങ്ക്ഡ് ഇൻ പേരിന് പോലും പ്രയോജനപ്പെടില്ല.
5. മാർക്കറ്റിങ് എന്നാൽ പെട്ടെന്നുള്ള വില്‍പ്പന
ഒട്ടു മിക്ക സംരംഭകർക്കും മാർക്കറ്റിങ് തന്ത്രങ്ങൾ ഏതെങ്കിലും പ്രയോഗിച്ച് കഴിഞ്ഞാൽ ഉടനടി ഫലം കാണണം. എന്നാലങ്ങനെയൊന്ന് പ്രതീക്ഷിക്കുക പോലും വേണ്ട. പതിയെ മാത്രമേ മാർക്കറ്റിങ് തന്ത്രങ്ങളുടെ ഫലങ്ങൾ കണ്ട് തുടങ്ങൂ.
6. ക്രിയാത്മകത മാത്രമുണ്ടെങ്കിൽ മുന്നേറാം
ക്രിയാത്മകതയും ആവശ്യമാണ്. എന്നാൽ അത് മാത്രമുണ്ടായിട്ട് തീരെ കാര്യമില്ല. ക്രിയാത്മകമായ പരസ്യ കാമ്പയ്നുകൾ വഴി സംരംഭത്തിലെത്തിയ ഉപഭോക്താവിന് മികച്ച ഉത്പന്നം/സേവനം നൽകാനായില്ലെങ്കിൽ എത്ര തുക ക്രിയാത്മകതക്ക് വേണ്ടി ചെലവഴിച്ചിട്ടും കാര്യമില്ല.
7. ലഘു സംരംഭങ്ങൾക്ക് മാർക്കറ്റിങ് വേണ്ടേ വേണ്ട
സംരംഭം ചെറുതെങ്കിൽ മാർക്കറ്റിങ് വേണ്ടതില്ല എന്നതാണ് മറ്റൊരു വിശ്വാസം. തീർത്തും തെറ്റാണിത്. ഓൺലൈൻ ലിസ്റ്റിങ് പോലെയുള്ള ഏറ്റവും അടിസ്ഥാനപരമായ മാർക്കറ്റിങ് പോലുമില്ലെങ്കിൽ ലഘുസംരംഭങ്ങൾക്ക് പിടിച്ച് നിൽക്കാൻ ബുദ്ധിമുട്ടാണ്.
8. മാർക്കറ്റിങ് ലളിതമാണ്, ആർക്കും ചെയ്യാം
അതിസങ്കീർണ്ണമായൊരു മേഖലയാണ് മാർക്കറ്റിങ്. മനുഷ്യരെയാണ് ആകർഷിക്കേണ്ടതെന്നോർക്കണം. വൈദഗ്ധ്യമില്ലാത്തവരാണ് മാർക്കറ്റിങ് തന്ത്രങ്ങൾ മെനയുന്നതെങ്കിൽ പാളിച്ചയുറപ്പ്.
9. പുതിയ ഉപഭോക്താക്കളെ എത്തിക്കുന്നത് മാത്രമാണ് മാർക്കറ്റിങ്
പുതിയ ഉപഭാക്താക്കളെയെത്തിക്കുന്നതിനൊപ്പം നിലവിലെ ഉപഭോക്താക്കൾ സംരംഭം വിട്ട് പോകാതെ നോക്കേണ്ടതും മാർക്കറ്റിങ് ചുമതലകളിൽ പെടുന്നതാണ്.
10. മികച്ച ഉത്പന്നം/സേവനം ഉണ്ടെങ്കിൽ പിന്നെന്തിന് മാർക്കറ്റിങ്
എത്ര മികച്ച ഉത്പന്നം/സേവനം ആണെങ്കിലും ആദ്യമായൊരു തവണയെങ്കിലും ഉപയോഗിച്ചാൽ മാത്രമല്ലേ മികച്ചതെന്നറിയൂ. അവിടെയും വേണം മാർക്കറ്റിങ്.
(ലേഖകൻ ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസ്, പിലാനിയിൽ (BITS Pilani) മാർക്കറ്റിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സറാണ്. MSME കൺസൾട്ടിങ് രംഗത്തും പ്രവർത്തിച്ച് വരുന്നു. മൊബൈൽ: 9645060757)