ADVERTISEMENT

സ്പെക്ട്രം വാങ്ങിയ ഇനത്തിൽ നൽകേണ്ട ബാങ്ക് ഗ്യാരന്റി ഒഴിവാക്കാൻ കേന്ദ്ര ക്യാബിനറ്റ് പച്ചക്കൊടി വീശിയതോടെ ടെലികോം കമ്പനികളുടെ ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് മികച്ച നേട്ടത്തോടെ. വോഡഫോൺ ഐഡിയയുടെ ഓഹരിവില ബിഎസ്ഇയിൽ ഒരുവേള 18 ശതമാനത്തിലേറെ മുന്നേറി. പൊതുമേഖലാ ടെലികോം കമ്പനിയായ എംടിഎൻഎല്ലിന്റെ ഓഹരികൾ 8 ശതമാനത്തിലധികം ഉയർന്നു.

ഭാരതി എയർടെൽ, ടാറ്റാ കമ്യൂണിക്കേഷൻസ്, ഭാരതി ഹെക്സാകോം എന്നിവയുടെ ഓഹരികളും നേട്ടം കുറിച്ചെങ്കിലും പിന്നീട് നഷ്ടത്തിലായി. റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലെ ജിയോ ഫിനാൻഷ്യൽ സർവീസസും ഒരു ശതമാനത്തോളം ഉയർന്നു. 12 ശതമാനത്തോളം നേട്ടത്തിലാണ് ടാറ്റാ ടെലികമ്യൂണിക്കേഷൻസ് ഓഹരിയുള്ളത്.

എന്താണ് നേട്ടത്തിന് പിന്നിൽ?
 

2022 വരെ സ്പെക്ട്രം ലേലത്തിലൂടെ സ്വന്തമാക്കിയ ഇനത്തിൽ ടെലികോം കമ്പനികൾ കെട്ടിവയ്ക്കേണ്ട ബാങ്ക് ഗ്യാരന്റി ഒഴിവാക്കാനുള്ള കേന്ദ്രസർക്കാർ നീക്കമാണ് ഓഹരികൾക്ക് ഇന്ന് കരുത്തായത്. ബാങ്ക് ഗ്യാരന്റി ഒഴിവാക്കുന്നതിനെ കേന്ദ്ര ടെലികോം വകുപ്പും അനുകൂലിച്ചിരുന്നു.

Photo Credit: Representative image created using AI Image Generator
Photo Credit: Representative image created using AI Image Generator

24,700 കോടി രൂപയായിരുന്നു ബാങ്ക് ഗ്യാരന്റിയായി വോഡഫോൺ ഐഡിയ (വിഐ) കെട്ടിവയ്ക്കേണ്ടിയിരുന്നത്. സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്ന വിഐക്ക് പലപ്പോഴും ബാങ്ക് ഗ്യാരന്റി കെട്ടിവയ്ക്കാനുള്ള സമയക്രമം പാലിക്കാനും കഴിഞ്ഞിരുന്നില്ല. 2024 സെപ്റ്റംബറിനും 2025 ഫെബ്രുവരിക്കും ഇടയിൽ ബാങ്ക് ഗ്യാരന്റി കെട്ടിവയ്ക്കണമെന്നായിരുന്നു വിഐക്ക് കേന്ദ്രം ആദ്യം നൽകിയിരുന്ന നിർദേശം. 

ഇക്കഴിഞ്ഞ സെപ്റ്റംബർ പാദത്തിൽ വിഐയുടെ കടബാധ്യത (അറ്റ കടം) 9,300 കോടി രൂപ വർധിച്ച് 2.12 ലക്ഷം കോടി രൂപയായിരുന്നു. ഭാരതി എയർടെൽ 2,200 കോടി രൂപ, റിലയൻസ് ജിയോ 4,400 കോടി രൂപ എന്നിങ്ങനെയുമാണ് ബാങ്ക് ഗ്യാരന്റിയായി നൽകേണ്ടിയിരുന്നത്. ബാങ്ക് ഗ്യാരന്റി ഭാരം ഒഴിവാക്കുന്നതോടെ, ബാങ്കുകളിൽ നിന്ന് കൂടുതൽ വായ്പ നേടാൻ സഹായകമാകുമെന്നാണ് വോഡഫോൺ ഐഡിയയുടെ വിലയിരുത്തൽ.

കേന്ദ്രസർക്കാരിന് സ്പെക്ട്രം, അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആർ) ഇനങ്ങളിലായി ആകെ 2.23 ലക്ഷം കോടി രൂപയാണ് വിഐ വീട്ടാനുള്ളത്. തുക വീട്ടാൻ വിഐക്ക് സാധിക്കാതിരുന്നതോടെ, ഇത് കേന്ദ്രം തത്തുല്യ ഓഹരിപങ്കാളിത്തമാക്കി മാറ്റിയിരുന്നു. നിലവിൽ സ്വകാര്യ കമ്പനി തന്നെയാണെങ്കിലും വിഐയിൽ 21% ഓഹരി പങ്കാളിത്തം കേന്ദ്രസർക്കാരിനുണ്ട്.

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Vodafone Idea Shares Skyrocket 18% on Bank Guarantee Waiver: The Indian telecom sector received a boost as the government decided to waive bank guarantees for spectrum acquired until 2022. This move led to a surge in telecom stocks, with Vodafone Idea witnessing an 18% jump in its share price. This relief comes as a significant positive for VI, burdened with a massive debt and struggling to meet bank guarantee deadlines.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com