ADVERTISEMENT

ആർബിഐ ഗവർണർ മാറിയതിനൊപ്പം ചൈനീസ് സ്റ്റിമുലസ് പ്രഖ്യാപനവും  ഇന്ത്യൻ വിപണിയെ സ്വാധീനിച്ച ഇന്ന് അവസാന മണിക്കൂറിൽ ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ തിരിച്ചു വരവ് നടത്തിയെങ്കിലും ഇന്ത്യൻ വിപണിക്ക് നഷ്ടമൊഴിവാക്കാനായില്ല. 

ഇന്ന് 24677 പോയിന്റ് വരെ മാത്രം മുന്നേറാനായ നിഫ്റ്റി 24510 പോയിന്റിൽ പിന്തുണ നേടി 8 പോയിന്റ് നഷ്ടത്തിൽ 24610 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് ഒരു പോയിന്റ് മാത്രം മുന്നേറി 81510 പോയിന്റിലും ക്ളോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 169 പോയിന്റുകൾ മുന്നേറി 53577 പോയിന്റിലും ക്ളോസ് ചെയ്തു. 

നാസ്ഡാക് വീണിട്ടും വീഴാതെ നിന്ന ഇന്ത്യൻ ഐടി സെക്ടർ ഇന്ന് ഒരു ശതമാനത്തോളം മുന്നേറി ഇന്ത്യൻ വിപണിയെ മുന്നിൽ നിന്ന് നയിച്ചു. റിയൽറ്റി സെക്ടർ ഒരു ശതമാനത്തിൽ കൂടുതൽ മുന്നേറിയപ്പോൾ ഫിനാൻസ്, മെറ്റൽ, എഫ്എംസിജി സെക്ടറുകളും നഷ്ടമൊഴിവാക്കി.  

ഐടി പിന്തുണ 

ഇൻഫോസിസിനും, എൽടിഐ മൈൻഡ് ട്രീയ്ക്കും എച്ച്എസ്ബിസി വാങ്ങൽ പ്രഖ്യാപിച്ചതും വിപ്രോക്ക് ‘’ഹോൾഡ്’’ പ്രഖ്യാപിച്ചതും ഐടി മേഖലക്ക് നൽകിയ മുന്നേറ്റമാണ് ഇന്ന് ഇന്ത്യൻ വിപണിയെ താങ്ങി നിർത്തിയത്. ടിസിഎസ്സിനെയും ടെക് മഹീന്ദ്രയെയും എച്ച്എസ്ബിസി ഡൗൺ ഗ്രേഡ് ചെയ്തത് ഓഹരികൾക്ക് തിരുത്തലും നൽകി. 

ചൈനീസ് സ്റ്റിമുലസ് 

ചൈനീസ് കമ്മ്യൂണിസ്റ് പാർട്ടിയുടെ പോളിറ്റ്ബ്യുറോ അടുത്ത ഘട്ടം സാമ്പത്തിക ഉത്തേജന പദ്ധതികൾക്ക് അനുമതി നൽകിയത് ചൈനീസ് വിപണിക്ക് മുന്നേറ്റം നൽകിയപ്പോൾ ഇന്ത്യൻ വിപണിയെ അത് സമ്മർദ്ദത്തിലാക്കി. ഇന്ന് തുടക്കത്തിൽ 2.50%ൽ കൂടുതൽ മുന്നേറിയ ചൈനീസ് വിപണികൾ 1% നേട്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 

ചൈനയുടെ തുടർ ഉത്തേജന പരിപാടികളും, വ്യാവസായിക-ഉപഭോക്‌തൃ പ്രോത്സാഹന പദ്ധതികളും തുടർന്നും ഇന്ത്യൻ വിപണിയിൽ വില്പന കൊണ്ട് വന്നേക്കാം.  

ആർബിഐ ഗവർണർ 

അടുത്ത മൂന്ന് വർഷക്കാലത്തേക്ക് ഭാരതീയ റിസേർവ് ബാങ്കിനെ നയിക്കാനായി സർക്കാർ സർവീസിൽ നിന്ന് തന്നെ ആളെത്തിയത് സർക്കാരും കേന്ദ്രബാങ്കും തമ്മിലുണ്ടായേക്കാമായിരുന്ന ആശയക്കുഴപ്പം ഇല്ലാതാക്കുന്നത് വിപണിക്കും അനുകൂലമാണ്. 

ഫെബ്രുവരിയിൽ തന്നെ ആർബിഐ റിപ്പോ നിരക്ക് കുറക്കുമെന്ന വിപണി ധാരണ പുതിയ ഗവർണറുടെ വരവോടെ ബലപ്പെട്ടു. 

അധിക നികുതികൾ ഇന്ത്യക്ക് ഗുണം 

അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റമടക്കമുള്ള കാര്യങ്ങൾ കണക്കിലെടുത്ത് കാനഡക്കും, മെക്സിക്കോയ്ക്കും മേൽ 25% നികുതി ചുമത്തുക തന്നെ ചെയ്യുമെന്ന നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ അനുകൂലമാണ്. 

കാർ വില ഉയരും

മാരുതിയും ടാറ്റ മോട്ടോഴ്സും മഹീന്ദ്രയുമടക്കമുള്ള കാർ നിർമാതാക്കൾ 3% വീതം കാർ വിലകളിൽ വർദ്ധന വരുത്തുന്നത് കാർ ഓഹരികൾക്ക് അനുകൂലമാണ്. 

ഇലക്ട്രിക് കാറുകൾക്ക് വലിയ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ചതാണ് ടാറ്റ മോട്ടോഴ്സിന് വലിയ തിരുത്തൽ നൽകിയത്. വില്പന മുന്നേറ്റം വരുമാന വർധന നൽകുമ്പോൾ വില ഉയർത്തുന്നത് കാർ കമ്പനികളുടെ മാർജിനിലും വർദ്ധനവുണ്ടാക്കും. 

അമേരിക്കൻ പണപ്പെരുപ്പം നാളെ 

നാളെ വരാനിരിക്കുന്ന അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ തന്നെയായിരിക്കും അടുത്ത ആഴ്ച അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിയുടെയും ഗതി നിർണയിക്കുക. ഒക്ടോബറിൽ 2.60% വാർഷിക വളർച്ച കുറിച്ച അമേരിക്കയുടെ റീറ്റെയ്ൽ പണപ്പെരുപ്പം നവംബറിൽ കൂടുതൽ വളർച്ച കുറിച്ചിട്ടുണ്ടെങ്കിൽ ഫെഡ് റിസർവ് നിരക്ക് കുറക്കലിന്റെ തോതും പുനർ നിർണയിക്കപ്പെട്ടേക്കാം. ഫെഡ് നിരക്ക് കുറയ്ക്കുന്നത് ഡോളറിന്റെ മൂല്യത്തെയും, ബോണ്ട് യീൽഡിനെയും സ്വാധീനിക്കും. 

ഡിസംബർ 17, 18 തീയതികളിലാണ് അമേരിക്കൻ ഫെഡ് റിസർവിന്റെ 2024ലെ അവസാനയോഗം നടക്കുക. കഴിഞ്ഞ രണ്ട് യോഗങ്ങളിലും 25 ബേസിസ് പോയിന്റുകൾ വീതം ഫെഡ് നിരക്കിൽ കുറവ് വരുത്തിയ അമേരിക്കൻ ഫെഡ് റിസർവ് ഇത്തവണയും 25% നിരക്കിളവ് നടത്തുമെന്നാണ് വിപണിയുടെ അനുമാനം. 

സ്വർണം 

സിറിയയിലും, സൗത്ത് കൊറിയയിലെയും അശാന്തമായ രാഷ്ട്രീയ അന്തരീക്ഷം ഇന്നലെ സ്വർണത്തിന് വീണ്ടും മുന്നേറ്റം നൽകി. രാജ്യാന്തര വിപണിയിൽ സ്വർണ അവധി 2697 ഡോളറിലാണ് വ്യാപാരം തുടരുന്നത്. നാളെ വരുന്ന അമേരിക്കൻ സിപിഐ കണക്കുകൾ സ്വര്ണവിലയെ വീണ്ടും സ്വാധീനിക്കും. 

ഐപിഓ 

നാളെ ആരംഭിക്കുന്ന വിശാൽ മെഗാ മാർട്ട്, മോബി ക്വിക്, സായി ലൈഫ് സയൻസ് എന്നിവയുടെ ഐപിഓ വെള്ളിയാഴ്ച അവസാനിക്കും.വിശാൽ മെഗാ മാർട്ട് ഐപിഓ പരിഗണിക്കാം.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Share Market in Loss Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com