ഓഹരി വിപണിയിലും വൈറസ് ആക്രമണം
Mail This Article
കൊച്ചി∙ എച്ച്എംപിവി വൈറസ് പേടിയിൽ വിപണി വീണു. സെൻസെക്സ് 1258 പോയിന്റും നിഫ്റ്റി 388 പോയിന്റും ഇന്നലെ ഇടിഞ്ഞു. ഇടിവ് 1.6%. ഇതോടെ സെൻസെക്സ് 78,000 പോയിന്റിനു താഴെയെത്തി. 23,616 പോയിന്റിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. കമ്പനികളുടെ മൂന്നാംപാദ ഫലങ്ങൾ സംബന്ധിച്ച ആശങ്ക, ഡോണൾഡ് ട്രംപിന്റെ വരാനിരിക്കുന്ന നയതീരുമാനങ്ങൾ, ദുർബലമാകുന്ന കറൻസി എന്നിവയെല്ലാം വിപണിയിലെ വിൽപന സമ്മർദം വർധിപ്പിക്കുന്നുണ്ട്. ഫാർമ, ഹെൽത്ത്കെയർ മേഖലയ്ക്ക് ഇന്നലത്തെ ഇടിവിൽ കോട്ടം തട്ടിയില്ല. രാജ്യത്ത് എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിതച്ചതോടെയാണ് വിപണികൾ വൻ തോതിലുള്ള ഇടിവിലേക്കു പോയത്. മിഡ്ക്യാപ്, സ്മോൾക്യാപ് വിഭാഗങ്ങളിലെ ഓഹരികളിൽ കനത്ത ഇടിവു നേരിട്ടത് റീട്ടെയ്ൽ നിക്ഷേപകരുടെ ആസ്തിയിൽ വലിയ കുറവു വരുത്തി. സമോൾക്യാപ് സൂചിക 3.17 ശതമാനവും മിഡ്ക്യാപ് സൂചിക 2.44 ശതമാനവും ഇന്നലെ ഇടിഞ്ഞു. നിക്ഷേപകരുടെ ആസ്തിയിൽ ഇന്നലെ മാത്രമുണ്ടായ കുറവ് 10.98 ലക്ഷം കോടി രൂപയുടേതാണ്.
സെൻസെക്സ് ഒരു ലക്ഷം കടക്കുമെന്ന് മോർഗൻ സ്റ്റാൻലി
അതേസമയം, സെൻസെക്സ് ഈ വർഷം തന്നെ ഒരു ലക്ഷം പോയിന്റ് കടന്നു മുന്നേറുമെന്ന പ്രവചനവുമായി ആഗോള ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി. അനുകൂല സാഹചര്യം ലഭിച്ചാൽ 1,05,000 പോയിന്റുവരെ (30%) വർഷാവസാനത്തോടെ സെൻസെക്സ് സൂചിക ഉയരാം. എണ്ണവില പരിധി വിട്ട് ഉയരാത്തത്, പണപ്പെരുപ്പം കുറയുന്നത്, റിസർവ് ബാങ്കിന്റെ വരാനിരിക്കുന്ന പലിശ ഇളവുകൾ തുടങ്ങിയവ വിപണിക്ക് അനുകൂലമാകുമെന്നും മോർഗൻ സ്റ്റാൻലി വിലയിരുത്തുന്നു.