ചാഞ്ചാടിയാടി വിപണീ... ചരിഞ്ഞാടിയാടി ഓാാഹരി...
Mail This Article
തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള മാവേലി എക്സ്പ്രസിലെ ട്രെയിൻ യാത്രയിൽ അദ്നൻ സാമിയുടെ പ്രശ്സതമായ ആ പാട്ടുകേട്ട് ഒന്നു മയങ്ങുകയായിരുന്നു ഞാൻ. എതിർ സീറ്റിൽ ഇരുന്നിരുന്ന സുഹൃത്തിന്റെ മൂളക്കം കേട്ട് ഞാൻ ഉണർന്നു.
" ഓരോ ഇടിവും ഓഹരി വാങ്ങാനുള്ള അവസരമാണ് എന്നു പറഞ്ഞവനെ കിട്ടിയിരുന്നേൽ എടുത്ത് കിണറ്റിൽ ഇടാമായിരുന്നു." കയ്യിലെ ടാബ് അടച്ചു വെച്ച് സുഹൃത്ത് ആക്രോശിച്ചു.
പാട്ട് നിർത്തി സുഹൃത്തിനോട് ചോദിച്ചു.
"എത്ര പോയി"
"സാമാന്യം നീറ്റായിട്ട് തന്നെ പോയിട്ടുണ്ട്."
സുഹൃത്തിന്റെ ശബ്ദത്തിൽ ഗദ്ഗദവും ദേഷ്യവും.
ഓഹരിക്കാര്യത്തിൽ അവൾ പുപ്പുലിയാണ്. ശാസ്ത്രീയമായി വിപണിയെ പഠിച്ചും നിരീക്ഷിച്ചും അശാസ്ത്രീയമായി പണം നഷ്ടപ്പെടുത്തുന്നവൾ. എന്നാൽ അതിന്റെ ഒരു മട്ടും ഭാവവും ഒട്ടുമില്ല താനും.
പത്തമ്പതിനായിരം രൂപ കൊടുത്ത് ഓൺലൈൻ ക്ലാസ് പഠിച്ച് ഓഹരി ട്രേഡിങിന്റെ ഇന്നേവരെ ലോകത്ത് ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നവൾ.
ഞാൻ ഒരു പരമ്പരാഗത പിന്തിരിപ്പൻ. സമൂഹത്തിന് സംഭവിച്ചിട്ടുള്ള അപചയങ്ങളെല്ലാം ഓഹരി വിപണിയെ അനലൈസ് ചെയ്യുന്ന ടൂളുകളെയും ബാധിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നയാൾ.
പണ്ടത്തെ ആപ്തവാക്യങ്ങളെ അങ്ങനെ തന്നെ മുഖവിലയ്ക്ക് എടുക്കരുത് എന്ന് എപ്പോഴും മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുന്നയാൾ.
അതുകൊണ്ട് തന്നെ സുഹൃത്തിന്റെ ഗദ്ഗദം എനിക്കിഷ്ടപ്പെട്ടു.
"ഇപ്പോൾ എന്താണ് സംഭവിച്ചത്" ഞാൻ ചോദിച്ചു.
നല്ല ഇടിവ് കണ്ടാണ് ഞാൻ വാങ്ങുന്നത് അടുത്ത നിമിഷം വീണ്ടു ഇടിയും. എന്നാൽ പുല്ല് വിറ്റേക്കാമെന്ന് കരുതി വിറ്റു കഴിയുമ്പോൾ വില കുത്തനെ കയറും. ഇനിയും കയറുമെന്ന് കരുതി ഞാൻ വീണ്ടും വാങ്ങിയാൽ അപ്പോൾ ഇടിയും. അങ്ങനെ ഇനി ഞാൻ വാങ്ങുന്നില്ല എന്ന് തീരുമാനിച്ചു. അപ്പോഴതാ ആ ഓഹരി കുതിപ്പോട് കുതിപ്പ്.
അതാണ് കാര്യം
ഈയിടെയായി എപ്പോഴും വിവാദത്തിലാകുന്ന ഒരു കമ്പനിയുടെ ഓഹരിയെ കുറിച്ചു പറയുമ്പോൾസുഹൃത്തിന്റെ ശബ്ദത്തിൽ വേദനയുടെ നനവും ജാള്യതയുടെ ഉപ്പും.
അതിൽ അൽപ്പം മുളക് കൂടി പുരട്ടാൻ ഞാൻ തീരുമാനിച്ചു.
"അല്ല ഇത്തരം സിറ്റുവേഷനിൽ എന്തു ചെയ്യണമെന്ന് ഓൺലൈൻ ക്ലാസുകളിലൊന്നും പഠിപ്പിച്ചിട്ടില്ലേ."
സുഹൃത്തിന് ദേഷ്യം വന്നു. " ഓൺലൈൻ ക്ലാസുകാരെ എന്തിനാ കുറ്റം പറയുന്നത്. അവർ പഠിപ്പിക്കുന്നത് ഒന്നുമല്ലല്ലോ ഞങ്ങൾ പ്രാക്ടീസ് ചെയ്യുന്നത്. ശാസ്ത്രീയമായി എല്ലാം ചെയ്താൽ എവിടെ ലാഭം കിട്ടാനാ "
അപ്പോൾ അതാണ് കാര്യം. ശാസ്ത്രീയമായി എല്ലാം മനസിലാക്കിയിട്ട് എല്ലാം അശാസ്ത്രീയമായി ചെയ്താൽ എവിടെ ലാഭം വരാനാ. ഞാൻ പറഞ്ഞു. നിക്ഷേപകരുടെ ആർത്തിയും പേടിയും ആണ് അന്നും ഇന്നും എന്നും ഓഹരി വിപണിയുടെ ഗതിവിഗതികളെ നിയന്ത്രിക്കുന്നത്. അതിന്റെ കൂടെ നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ മാനിപ്പുലേഷനും കൂടി ആകുമ്പോൾ ഓഹരി വിപണിയുടെ ഗതിവിഗതികൾ പ്രവചനാതീതമാകും. ഇക്കൂട്ടത്തിൽ കളിക്കാൻ കമ്പനി പ്രമോട്ടർമാർകൂടി ഇറങ്ങിയാൽ പിന്നെ പറയേണ്ട. ഇത്തരമൊരു കളത്തിലേക്ക് റീട്ടെയ്ൽ ഇൻവെസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ കാര്യങ്ങൾ കുറേക്കൂടി ആഴത്തിൽ മനസിലാക്കുന്നതാണ് നല്ലത്.
"അയ്യോ കേട്ടിട്ട് പേടിയാകുന്നു. ഓഹരി വിപണിയിൽ ആരും നിക്ഷേപിക്കരുത് എന്നാണോ പറഞ്ഞു വരുന്നത്." അവളുടെ മറുപടി കട്ട പരിഹാസമായിരുന്നു."
കളിയാക്കേണ്ട, ഞാൻ അങ്ങനെയേ അല്ല ഉദ്ദേശിച്ചത്. ഭയം വേണ്ട ജാഗ്രത മതി. ചില കമ്പനികളേക്കുറിച്ച് മോശം എന്ന് തോന്നിക്കുന്ന വാർത്ത വരുമ്പോൾ ആ ഓഹരിയുടെ വില കുത്തനെ ഇടിയുന്നത് പണ്ടൊക്കെ ഓർഗാനിക് ആരുന്നു. എന്നാൽ ഇന്ന് പലപ്പോഴും അങ്ങനെയാണെന്ന് പറയാൻ കഴിയില്ല. പുറത്തുവരുന്നതിന് മുമ്പേ തന്നെ ആ വാർത്ത പല സമ്മർദ്ദ ഗ്രൂപ്പുകളും കളിക്കാരും അറിഞ്ഞിട്ടുണ്ടാകും.
അവർ ഇക്കാര്യം എന്നാണോ അറിഞ്ഞത് അപ്പോൾ തന്നെ ആ മോശം വാർത്തയുടെ പ്രതിഫലനം ഓഹരി വിലയിൽ സംഭവിച്ചിട്ടുണ്ടാകും. വാർത്ത വരുമ്പോൾ വില കുറയുമെന്നതിനാൽ അതിനു മുന്നേ ഇക്കൂട്ടർ ആ കമ്പനിയുടെ ഓഹരി കുറഞ്ഞ വിലയിൽ വിറ്റിട്ടിട്ടുണ്ടാകും. വിപണിയിൽ പിന്നീട് യഥാർത്ഥത്തിൽ നമ്മൾ കാണുന്നത് പലതും നാടകമാകും.
കമ്പനി പ്രതിസന്ധിയെ അതിജീവിച്ചെന്ന പ്രതീതി ഉണ്ടാകുമ്പോൾ ഓഹരി വില തിരിച്ച് കയറുന്നതുപോലും ഇന്നത്തെ കാലത്ത് ഓർഗാനിക് എന്നോ ജനുവിൻ എന്നോ വിശ്വസിക്കാൻ കഴിയില്ല.
ഓഹരി വിലയിൽ പോസിറ്റീവായും നെഗറ്റീവ് ആയും സ്വാധീനം ചെലുത്താന്നുള്ള വിവരങ്ങൾക്ക് മാത്രമായി ഗവേഷണം നടത്താൻ റിസർച്ച് സ്ഥാപനങ്ങൾ മൽസരിക്കുന്ന കാലമാണ്. ഞാൻ പറഞ്ഞു നിർത്തി.
ഇതാണ് സാഹചര്യമെങ്കിൽ റിട്ടെയ്ൽ ഇൻവെസ്റ്റേഴ്സിന് ഒരിക്കലും ഓഹരി വിപണിയിൽ നിന്ന് നേട്ടമുണ്ടാക്കാൻ കഴിയില്ലല്ലോ. സുഹൃത്ത് നിരാശ കലർന്ന ശബ്ദത്തിൽ ചോദിച്ചു.
ഇതാദ്യമായാണ് ഞാൻ പറയുന്ന കാര്യത്തിൽ അൽപ്പം വിശ്വാസം അവൾ കാണിക്കുന്നത്.
അതിന്റെ സന്തോഷത്തിൽ പതിവ് ക്യാപ്സൂൾ പുറത്തെടുത്തു.
" നല്ല അടിസ്ഥാന ഗുണമുള്ള ഓഹരികളിൽ നിക്ഷേപം നടത്തുക. ക്ഷമയോടെ കാത്തിരിക്കുക. കമ്പനിയുടെ പ്രവർത്തന രീതികൾ ഇടയ്ക്കിടെ വിശകലനം ചെയ്യുക. ശരിയായ ട്രാക്കിൽ അല്ലെങ്കിൽ കൂടുതൽ കാര്യങ്ങൾ കൂടി മനസിലാക്കി വിറ്റഴിക്കുക" എന്നെ തടസപ്പെടുത്തിക്കൊണ്ട് അവൾ ഇടയ്ക്കു കയറി.
" പണ്ടാരോ എഴുതി വെച്ച ഈ ഫിലോസഫിയും കേട്ടിരിക്കുന്നതിനേക്കാൾ നല്ലത് വല്ല വിപണിക്കും തല വയ്ക്കുന്നതാ
കാത്തിരിക്കാനൊന്നും എനിക്ക് പറ്റില്ല. പറ്റുമാരുന്നേ ഞാൻ വല്ല സബർജിൽ കൃഷിയും ചെയ്യില്ലാരുന്നോ. അവൾ രൂക്ഷമായി നോക്കി.
ക്ഷമയില്ലാത്തവർക്കുള്ളതല്ല ഓഹരി വിപണി. ഇത്തരം ഫിലാസഫി മാത്രമേ ഓഹരി വിപണിയിൽ വർക്ക് ആവുകയുള്ളൂ. വാഹനം ഓടിക്കാൻ കുറുക്കുവഴി ഒന്നുമില്ല. വേണമെങ്കിൽ ഡ്രൈവറില്ലാ വണ്ടി വാങ്ങി യാത്ര ചെയ്യാം. ഞാനും വിട്ടുകൊടുത്തില്ല.
അനിശ്ചിത്വം, അതാണ് ഓഹരി വിപണിയുടെ ബ്യൂട്ടി ബ്രോ. റിസ്ക് എടുക്കുന്നവർക്കേ ത്രില്ല് ആസ്വദിക്കാൻ പറ്റുകയുള്ളൂ. ഓഹരി വിപണിയിൽ നിന്ന് ലാഭം മാത്രമല്ല ത്രില്ലും കിട്ടണം. വിത്ത് ഔട്ട് റിസ്ക് ഈ ഭൂഗോളം വെറും വട്ടപ്പൂജ്യം. അവൾ പരിഹാസം തുടർന്നു.
ത്രിൽ കിൽസ് യുവർ വാലറ്റ്. അത് മാത്രമേ എനിക്ക് പറയാനുള്ളൂ. അനിശ്ചിതത്വമല്ല ഫണ്ടമെന്റൽസാണ് ഓഹരി വിപണിയുടെ ബ്യൂട്ടി- ആ ഫണ്ടമെന്റൽസിൽ വിശ്വസിച്ച് നിക്ഷേപിച്ചാൽ പിന്നീട് ദുഖിക്കേണ്ടി വരില്ല-ഞാനും തിരിച്ചടിച്ചു
ചത്താലും വേണ്ടില്ല ഞാനിനി നിങ്ങളോട് ഓഹരി വിപണിയെക്കുറിച്ച് സംസാരിക്കില്ല എന്നു പറഞ്ഞ് അവൾ ഒറ്റ ചാട്ടത്തിന് മുകളിലെ ബർത്തിൽ കയറി പുതിപ്പിട്ട് മൂടി ചുരുണ്ടു കൂടി.
ഞാൻ അപ്പോൾ അദ്നൻ സമിയോട് വീണ്ടും പാടാൻ പറഞ്ഞു.
ചാഞ്ചാടിയാടി ഉറങ്ങു നീ ചരിഞ്ഞാടിയാടി ഉറങ്ങു നീ ആകാശത്തൂഞ്ഞാലാടു നീ കാണാക്കിനാക്കണ്ടുറങ്ങു നീ
(പെഴ്സണൽ ഫിനാൻസ് അനലിസ്റ്റും എൻട്രപ്രണർഷിപ്പ്മെൻ്ററും ആണ് ലേഖകൻ. ഇമെയ്ൽ jayakumarkk8@Gmail.com)