ADVERTISEMENT

പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി വയനാട്ടിൽനിന്നും വരും’ എന്നൊരു ചൊല്ലുണ്ട്. സ്വന്തം കഴിവിന്റെ മികവുകൊണ്ട് ഇരിക്കുന്നിടത്തേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്ന ഒട്ടേറേപ്പേർക്ക് ചേരുന്നതാണിത്. ഒരിടത്ത് ഡാൻസിന്റെ ‘ഉടുത്തുകെട്ട്’ തയ്ക്കുന്ന മാസ്റ്ററും അസിസ്റ്റന്റ് തയ്യൽക്കാരുമുണ്ട്. കാറ് ദൂരെയിട്ട്, ഇടുങ്ങിയ വഴിയിലൂടെ നടന്നുവേണം വീടിനോടു ചേർന്ന ആ കടയിലെത്താൻ. പക്ഷേ, സ്കൂൾ–കോളജ് കുട്ടികളും അവരുടെ മാതാപിതാക്കളുമെല്ലാം വരുന്നു. ഭരതനാട്യത്തിനും മറ്റും വേണ്ട രീതിയിൽ സാരി തയ്ച്ചുകിട്ടാൻ.

ഇതേ സ്ഥിതി മികച്ച ബ്ലൗസ് തയ്യൽക്കാർക്കുമുണ്ട്. ഡിജിപിയുടെ ഭാര്യവരെ വന്നു ക്യൂ നിൽക്കും. നിരനിരയായി കാറുകളും ബൈക്കുകളും കാത്തുകിടക്കും. തയ്യൽക്കൂലി കൂടുതലാവാം. പക്ഷേ, പണമല്ല, മികവാണു കാര്യം.

അങ്ങു ദൂരെ ഇടുക്കുവഴിയിലൂടെ പാടുപെട്ടു പോയി ഒരു ഊണുകടയിലെത്തുന്നു. വിദേശ കാറുകൾ അടുത്തുള്ള പറമ്പിൽ വിശ്രമിക്കുന്നു. പത്തുനൂറു പേരെങ്കിലും ഭക്ഷണം കഴിക്കാനുണ്ട്. ഇത്ര പാടുപെട്ട് വഴി കണ്ടുപിടിച്ച് ഇവിടംവരെ വരുന്നതെന്തുകൊണ്ട്? ആ ഭക്ഷണരുചിയുടെ പേരും പ്രശസ്തിയുമാണത്. 

തിരുനൽവേലിയിലെ ഇരുട്ടുകട ഹൽവ ഒരു ചെറിയ കടയാണ്. ആളെ പറ്റിക്കാൻ അതേ മോഡലിൽ പല മോഡേൺ കടകളും ‘തിരുനൽവേലി ഹൽവ’ എന്ന ബോർഡ്‌വച്ച് കാത്തിരിപ്പുണ്ട്. പക്ഷേ, രാത്രി മാത്രം തുറക്കുന്ന (അതാണ് ഇരുട്ടുകട എന്നു പേര്) ഒറിജിനൽ കടയിലെ ഹൽവയുടെ രുചി വേറെങ്ങുമില്ല. തിരക്കും അവിടെയാണ്. 

ഒരേ ഭക്ഷണം വിൽക്കുന്ന കുറെ കടകളിൽ ഒരിടത്തുമാത്രം തിരക്ക്. മറ്റുള്ള സ്ഥലങ്ങളിൽ തിരക്കില്ല. ഇതേ സ്ഥിതി കുറ്റാലത്തെ ബോർഡർ ചിക്കൻകടയിലുമുണ്ട്. ജനത്തിന് അറിയാം ഏതാണ് ഒറിജിനൽ എന്ന്. കോപ്പിയടിക്കാർക്ക് വലിയ രക്ഷയില്ല. ഒറിജിനൽ കടയിൽ തിരക്കു കൂടുമ്പോൾ കുറെ ‘സ്പിൽഓവർ’ ബിസിനസ് കിട്ടുമെന്നു മാത്രം.

വഴിയേ പോകുന്നവരെ മാടിവിളിച്ച് കേറ്റാൻനോക്കുന്ന കടക്കാരുണ്ട്. അവിടെ ഗുണമില്ല എന്നതിന് അതുതന്നെ തെളിവ്. ഗുണനിലവാരമുള്ള കടയിലേക്ക് ആരെയും വിളിച്ചുകയറ്റേണ്ട കാര്യമില്ല. 

പ്രമുഖ ഫിനാൻഷ്യൽ ജേണലിസ്റ്റും കോളമിസ്റ്റുമാണ് ലേഖകൻ

ഡിസംബർ ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്

English Summary:

Quality trumps all! Learn how exceptional products and services naturally attract customers, even with high prices or inconvenient locations. Discover inspiring examples from Kerala and beyond.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com