ഓണാഘോഷം കൊറോണ മുടക്കി; ഒറിജിനലിനെ വെല്ലുന്ന പേപ്പർ പൂക്കളവുമായി റേച്ചൽ
Mail This Article
ഒമാനിലെ ഇന്ത്യൻ സ്‌കൂളിൽ കെജി 2 വിദ്യാർത്ഥിനിയാണ് അഞ്ചു വയസുകാരിയായ റേച്ചൽ മറിയം മാത്യു. ഓർമ വച്ചകാലം മുതൽക്ക് റേച്ചലിന് ഓണം എന്നാൽ വലിയ ആഘോഷത്തിന്റെ നാളുകളാണ്. ബന്ധുക്കളും അച്ഛനമ്മമാരുടെ സുഹൃത്തുക്കളുമൊക്കെയായി നൂറോളം ആളുകൾ ഓണാഘോഷത്തിനായി വീട്ടിൽ ഒത്തു കൂടും. പിന്നെ ഒരുമിച്ച് പൂക്കളം ഒരുക്കിയും സദ്യയുണ്ടാക്കിയും ഗംഭീരമായി തന്നെ ഓണം ആഘോഷിക്കും.
എന്നാൽ ഇക്കുറി ആ പതിവെല്ലാം തന്നെ കൊറോണയിൽ മുങ്ങിപ്പോയി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കേണ്ടതുള്ളതിനാൽ എല്ലാവരുടെയും ഓണാഘോഷം അവരവരുടെ വീടുകളിൽ തന്നെയായി ഒതുങ്ങി. ഇതോടെ സങ്കടം മുഴുവൻ റേച്ചലിന്റെ മുഖത്തായിരുന്നു. ഏറെ സന്തോഷത്തോടെ ആസ്വദിച്ചുണ്ടാക്കിയിരുന്ന പൂക്കളം ഇത്തവണ ഉണ്ടാകില്ല എന്നറിഞ്ഞതോടെ കുഞ്ഞു റേച്ചൽ പിണങ്ങി.
പൂക്കൾവാങ്ങാനോ, ഓണം ആഘോഷിക്കാനോ വേണ്ടി പുറത്തിറങ്ങുന്നത് അപകടം ക്ഷണിച്ചു വരുത്തലാകും എന്ന് ഉറപ്പുള്ളതിനാൽ മാതാപിതാക്കൾ റേച്ചലിനെ പരമാവധി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അപ്പോഴാണ് കക്ഷി ഒരു കലക്കൻ ഐഡിയയുമായി വരുന്നത്. പൂക്കൾ ഇല്ലെങ്കിൽ വേണ്ട നമ്മുക്ക് പേപ്പർ കൊണ്ട് ഒരു പൂക്കളം ഉണ്ടാക്കാം. റേച്ചലിന്റെ ആഗ്രഹത്തിന് മാതാപിതാക്കളും എതിരു നിന്നില്ല.
പല നിറത്തിലുള്ള ക്രാഫ്റ്റ് പേപ്പർ വാങ്ങി, അത് നിശ്ചിത വലുപ്പത്തിൽ മുറിച്ചുണ്ടാക്കി. പേപ്പറുകൾ മുറിക്കുന്നതിന് മാതാപിതാക്കളും കൂടെ ചേർന്നു. ഒടുവിലിതാ ഓണാഘോഷത്തിന്റെ നേരമായപ്പോഴേക്കും കുഞ്ഞു റേച്ചൽ ഒറിജിനലിനെ വെല്ലുന്ന രീതിയിൽ കിടിലനൊരു പൂക്കളം തയ്യാറാക്കി. വെളുത്ത പേപ്പർ പ്രതലത്തിൽ പേപ്പർ പറന്നു പോകാതിരിക്കാൻ പശ ബേസ് ആക്കിയാണ് പൂക്കളം നിർമിച്ചത്.
കളർഫുൾ ആയ പൂക്കളത്തിന്റെ വിഡിയോ മാതാപിതാക്കൾ യൂ ട്യൂബിൽ പങ്കിട്ട് റേച്ചലിന്റെ വകയുള്ള ഓണാശംസയായി പലർക്കും അയച്ചു കൊടുത്തു. ഇപ്പോൾ ഈ കൊച്ചു മിടുക്കിയുടെ കൊറോണക്കാലത്തെ പൂക്കളത്തിന് എല്ലാവരിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. 'ഉള്ളത് കൊണ്ട് ഓണം പോലെ' എന്ന വാക്യം ഇപ്പോഴാണ് യഥാർത്ഥത്തിൽ പ്രവർത്തികമായിരിക്കുന്നത്.
English Summary : Paper pookkalm by little Rachel