‘എനിക്ക് എട്ടുകാലിയെ ഇഷ്‌മാണ്, താങ്കൾക്കോ?’: ഡേവിഡ് ആറ്റൻബറോട് കുഞ്ഞു രാജകുമാരി
Mail This Article
പ്രകൃതിവാദിയും ബ്രോഡ്കാസ്റ്ററുമായ സർ ഡേവിഡ് ആറ്റൻബറോയും ബ്രിട്ടീഷ് രാജകുടുംബത്തിലെ കുരുന്നുകളും തമ്മിലുള്ള ചോദ്യോത്തര വേളയുടെ ഒരു വിഡിയോ ശ്രദ്ധേയമാകുന്നു. കെൻസിങ്ടൺ കൊട്ടാരത്തിന്റെ ഔദ്യോഗിയ ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വില്യം രാജകുമാരന്റേയും കേറ്റ് രാജകുമാരിയുടേയും മക്കളായ ജോർജ്, ഷാർലറ്റ്, ലൂയിസ് എന്നിവരുമായാണ് ഡേവിഡ് ആറ്റൻബറോയുടെ സംഭാഷണം. തന്റെ തൊണ്ണൂറ്റി നാലാമത്തെ വയസ്സിലാണ് ഇദ്ദേഹം ഇന്‍സ്റ്റഗ്രാമിൽ സജീവമാകുന്നത്. മണിക്കൂറുകൾക്കുള്ളിൽ അദ്ധേഹത്തിന്റെ ഫോളോവേഴ്സിന്റെ എണ്ണം പത്ത് ലക്ഷം കടന്നു.
ജോർജ്, ഷാർലറ്റ്, ലൂയിസ് എന്നിവരുടെ സംശയങ്ങൾക്ക് ഡേവിഡ് ആറ്റൻബറോ മറുപടി പറയുന്ന വിഡിേയാ വളരെ വേഗമാണ് വൈറലായത്. പ്രകൃതിയെക്കുറിച്ചും വന്യജീവി സംരക്ഷണത്തെക്കുറിച്ചുമാണ് മൂന്നു പേരുടേയും ചോദ്യങ്ങൾ. ഏത് മൃഗമാണ് സമീപഭാവിയിൽ അന്യംനിന്നു പോകാൻ സാധ്യതയുള്ളതെന്നായിരുന്നു ഏഴുവയസുകാരൻ ജോർജ് രാജകുമാരന് അറിയേണ്ടിയിരുന്നത്.
അങ്ങനെയൊന്ന് ഉണ്ടാകാതിരിക്കട്ടെയെന്നും, ഏതെങ്കിലും മൃഗത്തിന് അത്തരമൊരു ഭീഷണിയുണ്ടായാൽ നമുക്ക് അതിനെതിരെ ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്നും അദ്ദേഹം പറയുന്നു. ഒരുകാലത്ത് വംശനാശ ഭീഷണി നേരിട്ട മൗണ്ടൻ ഗൊറില്ലയെ കുറിച്ചും അദ്ദേഹം ജോർജിന് വിവരിച്ചുകൊടുത്തു .
അടുത്തത് ഷാർലറ്റിന്റെ ഊഴമായിരുന്നു. തനിക്ക് എട്ടുകാലിയെ ഇഷ്‌മാണ്, താങ്കൾക്കതിനെ ഇഷ്ടമാണോ എന്നായിരുന്നു ഈ കുഞ്ഞു രാജകുമാരിയ്ക്ക് അറിയേണ്ടിയിരുന്നത്. എട്ടുകാലി വളരെ ബുദ്ധിയുള്ള ജീവിയാണെന്നും അത് എങ്ങനെയാണ് വല നെയ്യുന്നതെന്നുമെല്ലാം അദ്ദേഹം ഷാർലറ്റിനു പറഞ്ഞു കൊടുത്തു.
ഏത് മൃഗത്തിനെയാണ് ഡേവിഡ് ആറ്റൻബറോയ്ക്ക് ഇഷ്ടം എന്നായിരുന്നു രണ്ടുവയസ്സുകാരൻ ലൂയിസിന്റെ ചോദ്യം. തനിേക്കറ്റവും ഇഷ്ടം കുരങ്ങിനെയാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു.
English Summary : Royal childreninteraction with david attenborough viral video