ADVERTISEMENT

മലയാളികൾ അനുഭവിച്ച വലിയ വിസ്മയങ്ങളിലൊന്നിന്റെ പേരാണ് ഗോപിനാഥ് മുതുകാട്. തന്റെ ഇന്ദ്രജാല പാരമ്പര്യത്തിന്റെ പിൻഗാമിക്കു മുതുകാട് നൽകിയ പേരും വിസ്മയ് എന്നാണ്. അച്ഛനെപ്പോലെ, വിരൽത്തുമ്പിൽ വിസ്മയം വിരിയിക്കുന്ന ഈ പതിനാലുകാരൻ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് അതുല്യമായൊരു നേട്ടത്തിന്റെ പേരിലാണ്. ലോകപ്രശസ്ത ഇല്യൂഷനിസ്റ്റ് സാക് കിങ് തന്റെ യുട്യൂബ് ചാനലിലേക്ക് വിസ്മയിന്റെ ഡിജിറ്റൽ മാജിക് വിഡിയോ തിരഞ്ഞെടുത്തു. ഹാലോവീൻ ജാകോ ഒ ലാന്റേൺ കംപ്യൂട്ടർ സ്ക്രീനിലേക്കിട്ട് ചോക്ലേറ്റുകൾ സഹിതം തിരിച്ചെടുക്കുന്ന വിസ്മയിന്റെ പ്രകടനമാണ് ‘മാജിക്കൽ മന്ത്’ പരിപാടിയിലേക്ക് സാക് കിങ് തിരഞ്ഞെടുത്തത്. തികച്ചും അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് വന്ന സന്തോഷത്തെക്കുറിച്ചും ഡിജിറ്റൽ മാജിക്കിനെക്കുറിച്ചും മനോരമ ഓൺലൈനിലെ കുട്ടിക്കൂട്ടുകാരോടു സംസാരിക്കുകയാണ് തിരുവനന്തപുരം പാങ്ങോട് ആർമി പബ്ലിക് സ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥി വിസ്മയ് മുതുകാട്.

 

സാക് കിങ്ങിന്റെ യുട്യൂബ് ചാനലിലെ ‘മാജിക്കൽ മന്ത്’ പരിപാടിയിൽ ഡിജിറ്റൽ മാജിക് പ്രകടനം നടത്താൻ അവസരം എന്ന നേട്ടത്തെപ്പറ്റി?

 

ഷോക്ക്ഡ് ആയി എന്നു തന്നെ പറയാം. വിഡിയോ അയച്ചുകൊടുക്കുമ്പോൾ അത് അദ്ദേഹം യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇത് ശരിക്കുമൊരു സർപ്രൈസ് തന്നെയായിരുന്നു. ഏപ്രിലിൽ സ്കൂളിൽനിന്ന് കുറച്ച് ഷോർട്ട് ഫിലിം ചെയ്യാനുള്ള പ്രോജക്ട് ലഭിച്ചിരുന്നു. എന്റെ കൈയിലുള്ള സോഫ്റ്റ്‌വെയറുകൾ അതിനു വേണ്ടി അപ്ഡേറ്റ് ചെയ്യേണ്ടി വന്നു. അപ്പോൾ ഒരു പരീക്ഷണം എന്ന നിലയിൽ അതിൽ കുറച്ചു വിഡിയോകൾ വെറുതേ ചെയ്തുനോക്കി. അപ്പോഴാണ് ഡിജിറ്റൽ മാജിക് ചെയ്യാൻ പറ്റും എന്നു മനസ്സിലായത്.

 

ഡിജിറ്റൽ എഡിറ്റിങ് ഇല്യൂഷൻ മേഖലയിലേക്ക് കടന്നു വരാൻ ആരാണ് പ്രചോദനം?

 

പരിശീലനം നടത്താൻ മാജിക് പ്ലാനറ്റിലെ ആളുകൾ സഹായിക്കും. പിന്നെയുള്ള കാര്യങ്ങൾ യുട്യൂബിൽ നോക്കി പഠിക്കും. പിന്നെ സ്വന്തം നിലയിൽ കുറേ പരീക്ഷണങ്ങൾ ചെയ്യും. ഡിജിറ്റൽ മാജിക് ചെയ്യണമെന്ന ആഗ്രഹത്തെക്കുറിച്ചറിഞ്ഞപ്പോൾ ചുറ്റുമുള്ളവരെല്ലാം നന്നായി പിന്തുണച്ചു. സാക്കിന്റെ വിഡിയോസ് യുട്യൂബിൽ കണ്ടപ്പോൾ അതുപോലെ മാജിക് ചെയ്യണമെന്നു തോന്നി. അതൊക്കെയാണ് ഡിജിറ്റൽ മാജിക്കിലേക്ക് തിരിയാനുള്ള പ്രചോദനം.

Vismay Muthukad With His Family
വിസ്മയ് കുടുംബത്തോടൊപ്പം

 

 ഡിജിറ്റൽ മാജിക് ലോകത്തിന്റെ സാധ്യതകളെന്തൊ ക്കെയാണ്? എപ്പോഴാണ് അതിലേക്ക് കൂടുതൽ ഇൻവോൾവ് ആയത്?

 

ലോക്ഡൗൺ സമയത്താണ് ഡിജിറ്റൽ മാജിക് ലോകത്തെക്കുറിച്ച് കൂടുതലറിഞ്ഞത്. വീട്ടിൽ വെറുതെയിരുന്നു മുഷിഞ്ഞപ്പോൾ ഓരോ വിഡിയോ ആയി ചെയ്തു നോക്കുകയായിരുന്നു. ആദ്യത്തെ വിഡിയോ മേയിലാണ് റിലീസ് ചെയ്തത്. അതിനു മുൻപ് ഡിജിറ്റൽ മാജിക് പരീക്ഷണങ്ങളൊന്നും ചെയ്തിട്ടില്ല.

 

ആദ്യത്തെ പൊതുവേദി പ്രകടനം എപ്പോഴായിരുന്നു?

 

ആറാം ക്ലാസിലും ഏഴാം ക്ലാസിലുമൊക്കെ പഠിക്കുമ്പോൾ സ്കൂളിലെ ആനുവൽ ഡേയ്ക്ക് പൊതുവേദിയിൽ മാജിക് അവതരിപ്പിച്ചിട്ടുണ്ട്. പിന്നെ അച്ഛനൊപ്പം ചില മാജിക് ഷോകളിലും  ചെറിയ മാജിക്കുകൾ അവതരിപ്പിച്ചിട്ടുണ്ട്.

 

 മാന്ത്രിക കഥകൾ വായിക്കാറുണ്ടോ? എന്താണ് വായനയിലെ താല്‌പര്യം?

 

ആത്മകഥകളും ജീവചരിത്രങ്ങളുമാണ് കൂടുതലിഷ്ടം. ഇംഗ്ലിഷ് പുസ്തകങ്ങളാണ് സാധാരണയായി വായിക്കാറുള്ളത്. ഹാരിപോട്ടർ സീരീസ് അടക്കമുള്ള മാന്ത്രിക കഥകളും കുറേ തവണ വായിച്ചിട്ടുണ്ട്. 

 

 ജീവിതത്തിലും കഥയിലും ഏറ്റവും പ്രിയപ്പെട്ട മാന്ത്രികർ ആരാണ്?

 

എനിക്ക് ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട മാന്ത്രികൻ എന്റെ അച്ഛൻ തന്നെയാണ്. പുസ്തകങ്ങളിലെ പ്രിയപ്പെട്ട മാന്ത്രികൻ ഹാരിപോട്ടറാണ്.

 

പൊതുവേദിയിലെ മാജിക് അവതരണവും ഡിജിറ്റൽ മാജിക്കും തമ്മിലുള്ള വ്യത്യാസങ്ങളന്താണ്?

 

പൊതുവേദികളിലും ഡിജിറ്റലായും മാജിക് ചെയ്യുമ്പോഴുള്ള പ്രധാന വ്യത്യാസം, പൊതുവേദികളിൽ മാജിക് അവതരിപ്പിക്കാൻ നല്ല പ്രാക്ടീസ് ആവശ്യമാണ്. ഡിജിറ്റൽ മാജിക്കിൽ പ്രാധാന്യം എഡിറ്റിങ്ങിനാണ്. ഡിജിറ്റൽ മാജിക് താരതമ്യേന കുറച്ചു കൂടി എളുപ്പമാണ്. ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾക്ക് അനുസരിച്ചാണ് അക്കാര്യങ്ങളൊക്കെ പറയാൻ സാധിക്കുക.

 

 മാജിക്കിനെ ഒരു വിനോദോപാധി എന്നതിനപ്പുറത്തേക്ക് ഒരു എജ്യൂക്കേഷനൽ ടൂളായിക്കൂടി ഉപയോഗിക്കാനുള്ള ശ്രമമാണ് അച്ഛന്റെ മാജിക് പ്ലാനറ്റ് എന്ന സംരംഭം? അതിനെക്കുറിച്ച് വിസ്മയിന് എന്താണ് പറയാനുള്ളത്? 

 

എനിക്ക് മാജിക് പ്ലാനറ്റ് ഒരുപാടിഷ്ടമാണ്. എന്നാൽ കഴിയുന്ന വിധം എഡിറ്റിങ്ങിലൂടെ സപ്പോർട്ട് ചെയ്യാറുണ്ട്. കൂടുതൽ മാജിക് വിഡിയോസ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. കഴിഞ്ഞ ദിവസം ഒരു വിഡിയോ ഷൂട്ട് ചെയ്തിരുന്നു. അതിന്റെ എഡിറ്റിങ്  പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ക്യാമറ കൈകാര്യം ചെയ്യാൻ കസിൻസ് സഹായിക്കാറുണ്ട്. എഡിറ്റിങ് മിക്കവാറും ഞാൻ ഒറ്റയ്ക്കാണ് ചെയ്യാറുള്ളത്.

English Summary : Vismay Muthukad Talks About Digital Magic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com