35 വർഷങ്ങൾക്കു ശേഷം പെൺകുഞ്ഞ് ജനിച്ചു: സ്വീകരിക്കാൻ ലക്ഷങ്ങൾ മുടക്കി ഹെലികോപ്റ്റർ ഒരുക്കി കുടുംബം
Mail This Article
പെൺകുഞ്ഞുങ്ങൾക്ക് നേരെയുള്ള വിവേചനം വാർത്തകളിൽ ഇടം പിടിക്കുന്നതിനിടെ പെൺകുഞ്ഞിന് രാജകീയ സ്വീകരണമൊരുക്കി ശ്രദ്ധേയരാവുകയാണ് രാജസ്ഥാനിൽ നിന്നുള്ള ഒരു കുടുംബം. 35 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുടുംബത്തിൽ ആദ്യമായി ജനിച്ച പെൺകുഞ്ഞിനെ വീട്ടിലേക്ക് എത്തിക്കുന്നതിനായി ഹെലികോപ്റ്ററാണ് ഇവർ ഒരുക്കിയത്.
ഹനുമാൻ പ്രജാപതി - ചുകി ദേവി എന്നീ ദമ്പതികൾക്ക് കഴിഞ്ഞമാസമാണ് ഒരു പെൺകുഞ്ഞു ജനിച്ചത്. പ്രസവശേഷം അമ്മയും കുഞ്ഞും ആചാരപ്രകാരം അമ്മയുടെ വീട്ടിലേക്ക് പോവുകയും ചെയ്തു. അവിടെ നിന്നും 40 കിലോമീറ്റർ അകലെ മാത്രമുള്ള അച്ഛന്റെ വീട്ടിലേക്കുള്ള കുഞ്ഞിന്റെ ആദ്യ വരവ് ആഘോഷമാക്കണമെന്ന് കുടുംബം തീരുമാനിക്കുകയായിരുന്നു. നാലര ലക്ഷത്തോളം രൂപ ചെലവിട്ടാണ് ഇതിനായി ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്.
കുഞ്ഞിന്റെ മുത്തച്ഛനായ മദൻലാൽ ആണ് ചെറുമകളുടെ വരവ് ഏറ്റവും ആഘോഷമാക്കണമെന്ന് തീരുമാനമെടുത്തത്. ഹെലികോപ്റ്ററിൽ അമ്മയും കുഞ്ഞും വന്നിറങ്ങുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളുടെ ശ്രദ്ധനേടിക്കഴിഞ്ഞു. ഈ അപൂർവ്വ രംഗത്തിന് സാക്ഷ്യംവഹിക്കാൻ ഗ്രാമവാസികളും ഒത്തുകൂടിയിരുന്നു. റിയ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്.
ആൺകുട്ടികളെയും പെൺകുട്ടികളെയും കുടുംബവും സമൂഹവും ഒരേപോലെ കാണണമെന്ന് ഹനുമാൻ പ്രജാപതി പറയുന്നു. സാധാരണഗതിയിൽ പെൺകുട്ടികളുടെ ജനനം ആഘോഷമാക്കാൻ പലരും മടികാണിക്കാറുണ്ട്. എന്നാൽ തന്റെ മകൾക്ക് വിദ്യാഭ്യാസം നൽകുകയും അവളുടെ എല്ലാ സ്വപ്നങ്ങളും നേടിയെടുക്കാൻ താൻ കൂടെ നിൽക്കുകയും ചെയ്യും എന്ന് അദ്ദേഹം പറയുന്നു.
English Summary : Family from Rajasthan books helicopter to welcome home first girl child born in 35 year