‘അന്യനെപ്പോലെ അകലെ നിന്ന് അവൻ കേക്ക് മുറിക്കുന്നത് ഞാൻ കണ്ടു’; കിഷോർ സത്യയുടെ കുറിപ്പ്
Mail This Article
കോവിഡും ലോക്ഡൗണും നമ്മുടെ ജീവിതത്തിലെ ആഘോഷങ്ങളും സന്തോഷങ്ങളും തട്ടിയെടുത്തിട്ട് നാളേറേയായി. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെയാണ്. ഒരു വർഷം മുഴുവൻ കാത്തിരുന്നെത്തുന്ന അവരുടെ പിറന്നാൾ ദിനം പോലും കൂട്ടുകാർ പോലുമില്ലാതെ വീട്ടിനുള്ളിലെ കുഞ്ഞാഘോഷത്തിൽ ഒതുങ്ങിപ്പോകുന്നു. ഇവിടെ നടൻ കിഷോർ സത്യ മകന്റെ പിറന്നാള്‍ ദിനത്തിൽ തനിക്കു അവന്റെ അരികിലെത്തനാവാത്തതിന്റെ സങ്കടം പങ്കുവയ്ക്കുകയാണ്. മകന് ജൻമദിനാശംസകൾ നേർന്ന് കുറിപ്പ് പങ്കുവച്ച് നടൻ കിഷോർ സത്യ. മകൻ പിറന്നാൾ കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങളുൾപ്പടെയാണ് താരത്തിന്റെ കുറിപ്പ്. സെൽഫ് ക്വാറന്റീനിൽ ആയതിനാൽ ആഘോഷങ്ങളിൽ അടുത്തു നിന്നു പങ്കെടുക്കാനാകാത്തതിന്റെ സങ്കടവും താരത്തിന്റെ കുറിപ്പിലുണ്ട്
കിഷോർ സത്യയുടെ കുറിപ്പ്
ഇന്ന് എന്റെ മോന്റെ ജന്മദിനം ആയിരുന്നു.....
പക്ഷെ ഒരു അന്യനെപോലെ അകലെ നിന്ന് അവൻ കേക്ക് മുറിക്കുന്നത് ഞാൻ കണ്ടു.....
കുറെ ദിവസമായി കൊച്ചിയിൽ ഷൂട്ടിങ്ങിൽ ആയിരുന്നു ഞാൻ. ഇന്നലെയാണ് തിരിച്ചെത്തിയത്....
ഒരുപാട് പേരുമായി ഇടപഴകിയത് കൊണ്ട് കുറച്ച് ദിവസം സ്വയം നിയന്ത്രിത റൂം ക്വാറന്റൈൻ തീരുമാനിച്ചു ഞാൻ.
യാത്ര കഴിഞ്ഞുള്ള എന്റെ മടങ്ങി വരവുകൾ മോന് ആഘോഷമാണ്. കെട്ടിപ്പിടുത്തവും ഉമ്മകളും കെട്ടിമറിയലുകളും.... അങ്ങനെ അങ്ങനെ....
ഇത് ആദ്യമായാണ് അരികിൽ ഉണ്ടായിട്ടും ഈ അകലം.....
മനസ്സ് കൊണ്ട് കെട്ടിപ്പിടിച്ച്, ഉമ്മവച്ച് ഞാൻ അവനോടൊപ്പം ചേർന്നു..... ദൂരെ മാറിനിന്ന്....
മാറിയ കാലം നൽകിയ അകൽച്ചയുടെ പുതിയ ശീലങ്ങൾ.....
ഈ ബെർത്ത് ഡെയ്ക്ക് ജനൽ തുറക്കുമ്പോൾ മലനിരകൾ കാണുന്ന ഇടത്തു പോണമെന്നാരുന്നു അവന്റെ ആഗ്രഹം. അതൊക്കെ പ്ലാൻ ചെയ്ത് സെറ്റ് ചെയ്തിരുന്നു. കൊറോണയുടെ പുതിയ തേർവ്വാഴ്ചയിൽ അതൊക്കെ ചവിട്ടി അരയ്ക്കപ്പെട്ടു.
കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി വീടുകളിൽ തളയ്ക്കപ്പെട്ട എന്റെ മകനെ പോലെ നിരവധി കുറഞ്ഞുങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തിൽ ഞാൻ ഏറെ ഖിന്നനാണ്....
ജീവനും ജീവിതവും തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിൽ അവരെ നാം ഗൗനിക്കാതെ ഇരിക്കരുത്.....
അവർക്കായും നാം സമയം കണ്ടെത്തണം, ഒപ്പം മനസും...
English Summary : Kishor Sathya's social media post on his son's birthday