തങ്കക്കൊലുസിന്റെ ആമേൻ ഡാൻസും ഉണ്ണിയാർച്ചയുമായുള്ള കുശലവും
Mail This Article
തങ്കക്കൊലുസുകളുടെ മറ്റൊരു തകർപ്പൻ വിഡിയോയുമായി എത്തിയിരിക്കുകയാണ് സാന്ദ്ര തോമസ്. അമ്മ അഭിനയിച്ച ആമേൻ എന്ന സിനിമയിലെ പാട്ടിന് ചുവടുവയ്ക്കുകയാണ് ഈ കുട്ടിത്താരങ്ങൾ. തങ്കക്കൊലുസിന്റെ ഊഞ്ഞാലാട്ടവും കിണറ്റിൻ കരയിലെ കുളിയും പറമ്പിലെ പേരയ്ക്കാ പറിയ്ക്കലുമൊക്കെയായി വിഡിയോയിൽ തകർക്കുകയാണ് ഈ കുരുന്നുകൾ.
ചാച്ചനും ഉമ്മിയ്ക്കും അമ്മയ്ക്കുമൊപ്പം പറമ്പിലാകെ ഓടിനടക്കുകയാണ് ഉമ്മിണിത്തങ്കയും ഉമ്മുക്കുലുസുവും. പച്ചക്കറി പറിച്ചും വളർത്തുനായ ഉണ്ണിയാർച്ചയുമായി കുശലം പറഞ്ഞും ജീവിതത്തിലെ ഒരോ നിമിഷവും ആഘോഷമാക്കുകയാണ് ഈ കുട്ടിത്താരങ്ങൾ. പറമ്പിലെ ഫലങ്ങൾ പക്ഷികൾക്കായി കരുതിവയ്ക്കേണ്ടതിനെ കുറിച്ചും വളർത്തുമൃഗങ്ങളുടെ സ്നേഹത്തെക്കുറിച്ചുമൊക്കെ ചാച്ചൻ കൊച്ചുമക്കൾക്കു പറഞ്ഞുകൊടുക്കുന്നുണ്ട് വിഡിയോയിൽ. പതിവുപോലെ ഈ കുട്ടിത്താരങ്ങളുടെ വിഡിയോയ്ക്ക് താഴെ ലൈക്കുകളും കമന്റുകളും കൊണ്ട് നിറയുകയാണ്.
നടിയും നിർമാതാവുമായ സാന്ദ്ര തോമസ് സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്. സാന്ദ്രയുടെ ഇരട്ടക്കുട്ടികളായ ഉമ്മുക്കുല്‍സുവിന്റെയും ഉമ്മിണിത്തങ്കയുടെയും വളർച്ചയുടെ ഓരോ ഘട്ടങ്ങളും പങ്കുവയ്ക്കാനായി ഒരു യുട്യൂബ് ചാനൽതന്നെയുണ്ട്. മറ്റു കുട്ടികളിൽ നിന്ന് വേറിട്ട് അക്ഷരാർത്ഥത്തിൽ പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഈ കുഞ്ഞുങ്ങളുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. തങ്കക്കൊലുസുകളുടെ ഒരോ വിഡിയോകൾക്കുമായി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇരട്ടക്കുട്ടികളാണ് കെൻഡലിനും കാറ്റ്‌ലിനും. തങ്കക്കൊലുസുകൾ എന്നാണ് മക്കൾക്ക് സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും നൽകിയ വിളിപ്പേര്.
English Summary: SandraThomas post dance video of Thankakkolusu