അയാളുടെ കണ്ണിൽ ക്രൗര്യം ഓളം വെട്ടി; ഇന്നാരെയാവും കരിക്കട്ട രാത്രിയിൽ തട്ടിക്കൊണ്ടു പോവുക?
Mail This Article
റോസാപ്പൂവിന്റെ സുഗന്ധം
"മുളങ്കുഴലിലൂടെ കാറ്റുപോലെ ഊതിയെടുത്താ കരിക്കട്ട കുട്ട്യോളെ കൊണ്ട് പോണേ"
ഉണ്ണി രാ<> ലെ കഥ പറച്ചിൽ ആരംഭിച്ചിരുന്നു. കഥയാണോ സത്യമാണോ ഈ പറയുന്നതെന്ന് നോയലിനു മനസ്സിലായില്ല. ഒരു മാസം മുൻപ് വരെ ഇതുപോലെയുള്ള കഥകൾ പുസ്തകങ്ങളിൽ മാത്രമേ വായിച്ചിട്ടുള്ളൂ, സ്‌കൂളിൽ ഇത്തരം കഥകളൊന്നും പറയുക എന്നത് അനുവദനീയമല്ല. അന്ധവിശ്വാസങ്ങളെ കുറിച്ചുള്ള കഥകൾ ആരും പറയാൻ പാടില്ല എന്നാണു അലീന മാമിന്റെ ഓർഡർ. പക്ഷേ എന്നും ഇത്തരം കഥകൾ വായിക്കാൻ ഇഷ്ടമായിരുന്നു.
അ<> <> ൻ പറഞ്ഞ കഥ മനസ്സിലിരുന്നു വിറ കൊള്ളിക്കുന്നുണ്ട്. അമ്മയ്‌ക്കൊപ്പം കളിച്ചു നടന്ന സഹോദരനാണ് ആദ്യമായി ഗ്രാമത്തിൽനിന്നു കാണാതെ പോകുന്ന കുട്ടി. അതിനു ശേഷം എണ്ണിയാലൊടുങ്ങാത്ത കുഞ്ഞുങ്ങൾ. കുഴലൂതി കുഞ്ഞുങ്ങളെ മറ്റാരും കാണാത്ത ലോകത്തേക്കു കൊണ്ട് പോകുന്ന മായാജാലക്കാരൻ കരിക്കട്ട. അയാളെന്തുകൊണ്ടാവും അങ്ങനെയൊരു പേര് സ്വന്തമാക്കിയത്?
"അയാൾക്കെങ്ങനാ ഈ പേര് വന്നതെന്ന് നിനക്കറിയാമോ?"
"അത് ആർക്കുമറിയില്ല . എല്ലാവരും കേൾക്കുമ്പോത്തൊട്ടേ അയാൾക്ക് ഈ പേരാണ്. ആദ്യമായി ഗ്രാമത്തിന്റെ അതിർത്തിയിൽ മാജിക്ക് കാണിച്ചുകൊണ്ടാണ് അയാള് വന്നത്. അതിലേക്ക് ആൾക്കാരെ അയാൾ ക്ഷണിച്ചത് കരിക്കട്ടയുടെ <> യാ <> <> ങ്ങ<> കാണാൻ വരൂ എന്നായിരുന്നെന്നാ അമ്മ പറഞ്ഞിട്ടുള്ളത്. പൊലീസൊക്കെ അയാടെ വീട്ടില് അന്വേഷിച്ചു പോയിട്ടൊക്കെയുണ്ട്. പക്ഷേ ഒരു തെളിവുമില്ല. എല്ലാർക്കും അയാളെ പേടിയാ ചേട്ടായീ’’
-ഭക്ഷണം കഴിക്കൂ കുഞ്ഞേ അല്ലെങ്കിൽ കരിക്കട്ട നിന്നെ കൊണ്ട് പോകും
- ഇരുട്ടിൽ നിന്ന് കേറിപ്പോര് ചെക്കാ, കരിക്കട്ട വരും
- പറയുന്നതനുസരിച്ചില്ലെങ്കി നിന്നെ കരിക്കട്ടയ്ക്കു കൊടുക്കും കേട്ടോ...
പരുന്തും മലയിലെ ഇരുട്ടിനോടുള്ള ഭയത്തിലെല്ലാം കരിക്കട്ടയുടെ പേരു പൊന്തി നിന്നു. എല്ലാം നോയൽ കാണുകയും കേൾക്കുകയും ചെയ്തു. ഉണ്ണിയുടെ ഒപ്പവും വൈകുന്നേരമാവുമ്പോൾ ഒറ്റയ്ക്കും അവൻ ഗ്രാമത്തിൽ അലയാൻ തുടങ്ങി.
അന്നു ഗ്രാമം അവസാനിക്കുന്ന ഇടത്ത് കണ്ടത്തിന്റെ ഓരത്തെ വെളിമ്പ്രദേശത്തായിരുന്നു കരിക്കട്ടയുടെ പ്രകടനം. കഴിഞ്ഞ തവണ കണ്ടതു പോലെയല്ല, ഇത്തവണ ഉണ്ണി പിന്നിലേക്കു മാറാൻ ശ്രമിച്ചെങ്കിലും നോയൽ അവന്റെ കയ്യും പിടിച്ച് കാഴ്ചക്കാർക്കിടയിൽ മുൻപിൽ സ്ഥാനം പിടിച്ചു. അവൻ ചുറ്റും നോക്കി, ഒരു കുട്ടി പോലുമില്ല, ഗ്രാമത്തിലെ കുഞ്ഞുങ്ങളെല്ലാം അപ്രത്യക്ഷരായിപ്പോയോ?
"കരിക്കട്ടയുടെ കൺവെട്ടത്ത് പോലും ആരും കുഞ്ഞുങ്ങളെ നിർത്തില്ല ചേട്ടായീ, ഞാൻ പോവ്വാ", നോയലിന്റെ കൈ വിടുവിച്ച് ഭീതിയുടെ ചിറകു വീശി ഉണ്ണി ദൂരേയ്‌ക്കോടി. ചുറ്റിലുമുള്ള മുതിർന്ന മനുഷ്യരുടെ കണ്ണുകൾ ആശങ്കയോടെ തന്റെ ശരീരത്തിൽ വീണതു പോലെ നോയലിനു തോന്നി.
നീണ്ട തലപ്പാവ് മാറ്റി തന്റെ ചിരിക്കുന്ന മുഖം കാട്ടി കരിക്കട്ട അയാളുടെ മായാജാലം ആരംഭിച്ചു. നിമിഷ നേരം കൊണ്ട് കയ്യിൽനിന്ന് അപ്രത്യക്ഷമായിപ്പോയ പ്രാവിനെ അയാളുടെ നിർദേശപ്രകാരം കൂടി നിന്ന മനുഷ്യർ അവിടെയെല്ലാം നോക്കി, എന്തിനേറെ പറയുന്നു കരിക്കട്ടയുടെ കോട്ടും അതിനടിയിലിട്ട നരച്ച ഷർട്ടും വരെ ഊരി നോക്കി. തുറന്ന ഇടത്ത്, താനൊരാൾ അല്ലാതെ ഒരു മാജിക്ക് ഉപകരണം പോലുമില്ലാതെ എന്തെങ്കിലുമൊന്നിനെ അപ്രത്യക്ഷമാക്കാൻ പറ്റുന്ന മാജിക് നോയൽ ആദ്യമായി കാണുകയായിരുന്നു. മുൻപും പല മാജിക്കുകളും കണ്ടിട്ടുണ്ട്, പ്രത്യേകിച്ച് വാനിഷിംഗ് വിദ്യ വളരെ രസകരമായി മജീഷ്യന്മാർ ഉപയോഗിക്കുന്ന ഒരു തന്ത്രമാണ്, എന്നാൽ അവർക്ക് ചുറ്റും മായാജാലങ്ങളുടെ ഒരു കൂടുണ്ടാവും, അപ്രത്യക്ഷമാവുകയല്ല, കാണാതാവുകയാണ് അവിടെയൊക്കെ സംഭവിക്കുക, എന്നാൽ ഇവിടെ എങ്ങോട്ടാണ് ആ പ്രാവ് ഇല്ലാതായിട്ടുണ്ടാവുക? ഗ്രാമത്തിലെ കുഞ്ഞുങ്ങളെപ്പോലെ...
അയാൾ നിലത്തു കിടന്ന സഞ്ചിയിൽനിന്നു നീളൻ മുളങ്കുഴലെടുത്ത് അതിനിടെ എല്ലാവരും പരിശോധിച്ച സഞ്ചിയിലേക്കു നീട്ടിയൂതി...
ചിറകനക്കങ്ങൾ...
മൂടിക്കിടന്ന തുണി സഞ്ചി തുറന്നതും ഇല്ലാതായിപ്പോയ പ്രാവ് തനിക്കു പറ്റുന്നതുപോലെ ആർത്തിയോടെ പറന്നുയർന്നു. പിന്നെയത് അധികം പറക്കാനാകാതെ അയാളുടെ തോളിലേക്കു പറന്നിറങ്ങി.
കരിക്കട്ടയുടെ കയ്യിലിരിക്കുന്ന മുളവടിയിലേക്കു <> <> ഷ്യ <> ഭയത്തോടെ നോക്കുന്നത് നോയൽ കണ്ടു, എന്തു കൊണ്ടാണ് ഈ മനുഷ്യർ അത് വാങ്ങി തല്ലി ഒടിക്കാതിരിക്കുന്നത്?
വീണ്ടും എന്തുകൊണ്ടാണ് ഇവരൊക്കെ അയാളെ ഗ്രാമത്തിൽനിന്ന് ഓടിച്ചു വിടാതെ കണ്ടു മടുത്ത മാജിക്ക് വീണ്ടും കണ്ടു നിൽക്കുന്നത്?
അര മണിക്കൂർ നീണ്ട മായാജാലങ്ങൾക്കൊടുവിൽ നിലത്തേക്കിട്ട പ്ലാസ്റ്റിക് പൂക്കളും പമ്മിയിരുന്ന് ഉരുമ്മുന്ന ഒരു മുയലിനെയും തോളിലിരുന്ന പ്രാവിനെയും അയാൾ സഞ്ചിയിലേക്കു കയറ്റി വച്ചു. അവയ്ക്കു ശ്വാസം മുട്ടുന്നില്ലേ എന്നോർത്തപ്പോൾ നോയലിനു വീർപ്പു മുട്ടൽ തോന്നി. എല്ലാവരും മടങ്ങിയപ്പോഴും നോയൽ ഇരുന്ന സ്ഥാനത്തുനിന്നനങ്ങാതെ കരിക്കട്ടയെ നോക്കുകയായിരുന്നു. നടക്കാനായി തിരിഞ്ഞപ്പോഴാവണം അയാളും കണ്ടു, തന്നെ നോക്കിയിരിക്കുന്ന ഒരു പയ്യനെ.
ഗ്രാമത്തിൽ പുതിയതായി വന്നതാണ് അവനെന്ന് ആദ്യ കാഴ്ചയിൽ കരിക്കട്ട തിരിച്ചറിഞ്ഞു, അയാളുടെ കണ്ണിൽ പതിവിലധികം ക്രൗര്യം ഓളം വെട്ടാൻ തുടങ്ങി, അവയുടെ തിളക്കം നോയലിന്റെ കണ്ണിൽ വന്നു കൊണ്ടു. കരിക്കട്ട നോയലിന്റെ അടുത്തേക്കു ചെന്ന്, ചെറു ചിരിയോടെ അവന്റെ നേർക്ക് കൈ നീട്ടി.
നോയൽ അതു നിരസിച്ചില്ല, അവനും കൈനീട്ടി അയാൾക്ക് ഹസ്തദാനം നൽകി.
പൂവ് പോലെ മൃദുവായ കൈകൾ,
അയാൾ അടുത്ത് വരുമ്പോൾ റോസാപ്പൂക്കളുടെ സുഗന്ധം...
അയാളുടെ നീളൻ കോട്ടിനുള്ളിൽനിന്ന് ഒരു വാടാത്ത റോസാപ്പൂ കരിക്കട്ട നോയലിനു നൽകി.
അവർ ഒന്നും സംസാരിച്ചില്ല. നടക്കുമ്പോൾ അയാൾ ഇടയ്ക്ക് തിരിഞ്ഞു നോക്കി, കരിക്കട്ടയുടെ മായാജാലം ഒരിക്കൽക്കൂടി ഏറ്റിരിക്കുന്നു.
കാണാമറയത്ത് കരിക്കട്ട മറഞ്ഞപ്പോൾ നോയൽ തിരികെ വീട്ടിലേക്കു നടന്നു. ഇരുട്ട് കട്ടി വയ്ക്കാൻ തുടങ്ങിയിരിക്കുന്നു. ഓരോ വീടിന്റെയും മുന്നിലെ പുറത്തേക്കുള്ള വാതിൽ വലിയ ശബ്ദങ്ങളോടെ അടയ്ക്കപ്പെടുന്നു. ഒരു ചെറു കാറ്റ് പോലും വീശാതെ മരങ്ങൾ നിസംഗതയോടെ നിന്നു.
പതിവു പോലെ അന്നും ശനിയാഴ്ചയാണെന്നു നോയൽ അപ്പോഴാണ് ഓർത്തത്.
ഇന്നും കരിക്കട്ട ഗ്രാമത്തിലിറങ്ങും, കുഞ്ഞുങ്ങളെ കൊണ്ടുപോകാൻ...
വീട്ടിലെത്തിയപ്പോൾ അപ്പൂപ്പൻ അവനെ അടിച്ചു, ചീത്ത വിളിച്ചു, പിന്നെ പൊട്ടിക്കരഞ്ഞു. ഒരു ജന്മം മുഴുവൻ കരഞ്ഞു തീർത്ത നഷ്ടത്തിന്റെ കയ്പ് വീണ്ടും അപ്പൂപ്പൻ അറിഞ്ഞു തുടങ്ങിയിരുന്നു.
"നിന്നെയും നഷ്ടപ്പെടാൻ ഞാൻ സമ്മതിക്കില്ല മോനെ, നിന്റെ അച്ഛന്റെ വീട്ടുകാരെ ഞാനറിയിച്ചിട്ടുണ്ട്, നാളെ തന്നെ അവർ വന്നു നിന്നെ കൊണ്ടു പോകും"
അതവനെ ഞെട്ടിച്ചുകളഞ്ഞു. തന്നോട് പറയാതെ തന്നെയിവിടെനിന്നു കൊണ്ടു പോകാൻ അപ്പൂപ്പൻ തീരുമാനിച്ചിരിക്കുന്നു.
ഇനിയെന്തു ചെയ്യും?
പോകേണ്ടി വരുമോ?
ഇന്നാരെയാവും കരിക്കട്ട രാത്രിയിൽ തട്ടിക്കൊണ്ടു പോവുക?
<> <> ക്കം വരാതെ തുറന്നിട്ട ജനാലയിലൂടെ ഇരുട്ടിലേക്ക് നോക്കി നോയൽ നിന്നു.
(തുടരും)
നോവൽ വായിച്ചല്ലോ? എങ്കിൽ അതിൽ ചുവന്ന നിറത്തിൽ കൊടുത്തിട്ടുള്ള വാക്കുകൾക്കിടയിൽ വിട്ടുപോയ അക്ഷരങ്ങഴ്‍ ചേർത്ത് വാക്ക് പൂർത്തിയാക്കി നോക്കൂ. എന്നിട്ട് ആ വാക്ക് ഇന്നത്തെ മലയാള മനോരമ പത്രത്തിലെ ഹായ് കിഡ്സ് പേജിലെ ടാസ്ക് കോർണറിൽ എഴുതണം. ഒരോ വാക്കിനും പകരം ഉപയോഗിക്കാൻ വേറെ വാക്കുകൾ കൂട്ടുകാർക്ക് അറിയാമെങ്കിൽ അതും ഒപ്പം എഴുതൂ. ഇംഗ്ലീഷോ മലയാളമോ ആകാം. എത്രവാക്കുകൾ നമുക്കറിയാമെന്നു നോക്കാം. ടാസ്ക് പൂർത്തിയായാൽ ഫോട്ടോ എടുത്ത് ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം,ട്വിറ്റർ എന്നിവയിൽ ഏതിലെങ്കിലിലും പോസ്റ്റ് ചെയ്യണം. ഈ ഹാഷ്ടാഗും ചേർക്കണേ. #HaiKidsWORD
(ശ്രദ്ധേയയായ യുവ സാഹിത്യകാരിയും കോളമിസ്റ്റുമാണ് ശ്രീപാർവതി.പോയട്രി കില്ലർ, നായിക അഗത ക്രിസ്റ്റി തുടങ്ങിയവ രചനകൾ)
English Summary: Hai kids childrens novel- Noyalinte Devalokam-chapter 3