ADVERTISEMENT

ഉറക്കമുണർന്നപ്പോൾ, തലയിൽ ആരോ ശക്തിയായി അടിച്ചിരുന്നോ എന്നു നോയലിനു സംശയം തോന്നി. കണ്ണുകൾ തുറക്കുന്നതേയില്ല. വല്ലാത്ത ഭാരമാണ് ശരീരം മുഴുവൻ. എന്നാൽ ഉള്ളിൽ അവനു ബോധം വീഴുകയും ചെയ്തു. പിന്നെയും അര മണിക്കൂറോളമെടുത്തു നോയലിന്റെ ഉറക്കം തെളിയാൻ. വീട്ടിലായിരുന്നെങ്കിൽ സ്‌കൂളിൽ പോകാനുള്ള സമയം, കളിക്കാനുള്ള സമയം, പഠിക്കാനുള്ള സമയം, എല്ലാം 'അമ്മ ചാർട്ട് ചെയ്തു വച്ചിരുന്നു, കൃത്യ സമയത്ത് ആരും വിളിച്ചില്ലെങ്കിലും പറഞ്ഞില്ലെങ്കിലും നോയൽ കൃത്യമായി ചെയ്തിരിക്കും. അച്ചടക്കത്തിന്റെ കാര്യത്തിൽ അവനെക്കണ്ടു പഠിക്കണമെന്ന് മാജി ആന്റി അവരുടെ മക്കളോട് പറയാറുണ്ട്, ഒരുപക്ഷെ അതുകൊണ്ടൊക്കെയാവാം അവർക്ക് തന്നോട് ഇത്ര ദേഷ്യം, അതുകൊണ്ടാണ് താനിപ്പോൾ അപ്പൂപ്പനൊപ്പം ഈ നാട്ടിൽ...

 കണ്ണുകൾ തുറന്നത് പതിവില്ലാത്ത വെളിച്ചത്തിലേക്കായിരുന്നു. അത്രയെളുപ്പം നേരം പുലർന്നോ? എന്നാൽപ്പോലും ഇത്രയധികം വെളിച്ചം മുറിയിൽ പോയിട്ട് മുറ്റത്ത് പോലും പതിവില്ല.

കണ്ണ് തുറന്നതും നോയൽ ഞെട്ടിപ്പോയി. തനിക്കു ചുറ്റും നിരന്നു നിൽക്കുന്ന കുറെയേറെ മനുഷ്യർ. അപരിചിതമായ മുഖങ്ങൾ...

ചുറ്റും നോക്കിയപ്പോൾ തീർത്തും അജ്ഞാതമായ കിടക്കയും വെളിച്ചം നിറഞ്ഞ മുറിയും. താനിത് എവിടെയാണ്?

 

"പേടിക്കണ്ട, എന്താ നിന്റെ പേര്? നീയിപ്പോൾ ഈ സ്വർഗത്തിലാണ്. വെളുത്ത രാജാവ് ഭരിക്കുന്ന ദേവലോകത്ത്"

ആരൊക്കെയോ ചുറ്റും നിന്ന് പറയുന്നു.

"ദേവലോകമോ?" പതറിയ ഒച്ച മാത്രമേ അവനിൽനിന്നു പുറത്തു വന്നുള്ളൂ.

നോയൽ മെല്ലെ കിടക്കയിൽ എഴുന്നേറ്റിരുന്നു. ഇതാണോ കരിക്കട്ടയുടെ വീട്? അതോ അയാൾ തട്ടിക്കൊണ്ടു പോകുന്ന കുഞ്ഞുങ്ങളെ കൊണ്ടാക്കുന്ന കശാപ്പുശാലയോ?  ഈ മനുഷ്യരൊക്കെ അയാളുടെ ഭടന്മാരായിരിക്കണം.

 

"നിങ്ങളൊക്കെ കരിക്കട്ടയുടെ ആരാ?"

 

"കരിക്കട്ടയോ? അതാരാ?" കൂട്ടത്തിൽ ഏറ്റവും പ്രായം കൂടിയതെന്നു തോന്നിയ മനുഷ്യൻ ചോദിച്ചു.

 

"ആ മായാജാലക്കാരൻ, കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാൾ... അയാളെന്നെയും കൊണ്ടു വന്നതാണോ? എനിക്കൊന്നും ഓർമയില്ല"

നോയൽ കൈകൾ തലയിൽ ഇട്ടു വലിച്ചു, എപ്പോഴാണ് അയാൾ തന്നെ കൊണ്ട് പോന്നത്? ഒന്നുമേ ഓർമയില്ല. ക്ഷീണം വന്നപ്പോൾ കട്ടിലിൽ പോയി കിടന്നതേ ഓർമയിൽ അവസാനമായി ദൃശ്യമാകുന്നുള്ളൂ. ബാക്കിയെല്ലാം ഇരുട്ടാണ്.

 

"കുഞ്ഞേ, അദ്ദേഹമാണ് നമ്മുടെ സംരക്ഷകൻ. നീ പറഞ്ഞ ആ നാട് നിനക്കെന്താണു നൽകിയത്? ഇരുട്ടും കാടും നിറഞ്ഞ സ്ഥലം, നല്ലൊരു റോഡോ സ്‌കൂളോ ഒന്നുമില്ല, ഇപ്പോഴും പരിഷ്കാരമെത്തിയിട്ടില്ലാത്ത പട്ടിക്കാട്. നീയിവിടെ നോക്കൂ, ഇവിടെ എന്താണില്ലാത്തത്! മറ്റൊന്നും വേണ്ട, ഇരുട്ടിൽനിന്നു വെളിച്ചത്തിലേക്ക് വന്നതു തന്നെയാണ് ഞങ്ങളുടെ സന്തോഷം. നീയും അത് തിരിച്ചറിയും"

നോയൽ കട്ടിലിൽ നിന്നെഴുന്നേറ്റു. ആ മുറിയിൽനിന്നു പുറത്ത് കടക്കാനും അപ്പൂപ്പന്റെ അരികിലേക്ക് ഓടിയെത്താനും അവനു കൊതി തോന്നി. അവൻ മെല്ലെ മുറി വിട്ടു പുറത്തേക്കിറങ്ങി, അവന്റെ പിന്നിൽ ഒരു കൂട്ടം മനുഷ്യരും. ആ മുറിക്കു പുറത്തെ ലോകം കണ്ടു അവനു വിശ്വസിക്കാനായില്ല.

എല്ലായ്പ്പോഴും കൃത്രിമ വെളിച്ചം നിറഞ്ഞു നിൽക്കുന്ന ഒരു നഗരം. വലിയ വീടുകൾ, വെട്ടോ മുറിവുകളോ ഇല്ലാത്ത റോഡുകൾ, മരങ്ങൾ നൽകുന്ന തണുപ്പോ ഇരുട്ടോ ഇല്ല, മറ്റൊരു ബെംഗളൂരു നഗരം. ഇതെവിടെയാണ് താൻ?

"നീ ഞെട്ടിയോ കുഞ്ഞേ? ഇതാണ് ഞങ്ങളുടെ ദേവലോകം. വാ നിന്നെ ഓരോന്നായി കാണിക്കാ,’’ ആദ്യം സംസാരിച്ച അതേയാൾ അവന്റെ കൈപിടിച്ച് മുൻപോട്ട് നടത്തി.

"എന്നെ എങ്ങനെയാണ് ഇവിടേക്കു കൊണ്ട് വന്നത്? എനിക്കൊന്നും ഓർമ്മയില്ല"

 

"ഞങ്ങളുടെ രാജാവു നടത്തുന്ന ഏറ്റവും മനോഹരമായ ഒരു മായാജാലമാണത്. ഒരു മുളങ്കുഴലിനുള്ളിൽ മനുഷ്യന് ഒളിച്ചിരിക്കാൻ പറ്റുമോ? ഇല്ലല്ലോ, എന്നാൽ അദ്ദേഹത്തിന് പറ്റും നമ്മളെ ഒളിപ്പിച്ചു വയ്ക്കാൻ. ജനാലയിലൂടെ കുഴൽ കടത്തി നമ്മളെ ഒന്നാകെ അതിന്റെയുള്ളിലേക്കു വലിച്ചെടുക്കും. ഉറക്കത്തിൽ നിന്നുണരുമ്പോൾ ഇതാ ഇവിടെ സ്വപ്നം പോലും കാണാൻ കഴിയാത്ത അത്ര സൗഭാഗ്യങ്ങളിൽ."

കൂടെ നടന്നയാൾ ദൂരത്തേക്ക് കൈ ചൂണ്ടി: വെണ്ണക്കല്ലിൽ തീർത്ത മനോഹരമായ ഒരു സൗധം, അല്ല കൊട്ടാരം.

 

"അതാണ് രാജാവിന്റെ മന്ദിരം. അദ്ദേഹമാണ് നമുക്ക് എല്ലാം തരുന്നത്”

 

“എന്തിനാണ് ഗ്രാമത്തിൽ നിന്ന് കുഞ്ഞുങ്ങളെ കൊണ്ട് വരുന്നത്?"

"നിന്നെപ്പോലെ ഞാനും കുഞ്ഞായിരുന്നപ്പോൾ വന്നതാ ഇവിടെ. ആദ്യം ഗ്രാമത്തിൽനിന്നു കാണാതായ കുട്ടി ഞാനാണ്"

നോയലിന്റെ തലയിൽ മിന്നലടിച്ചു. അപ്പൂപ്പൻ പറഞ്ഞ കഥകളിലെ ആ രാത്രിയും അപ്പൂപ്പന്റെ കുഞ്ഞു മകനും കരച്ചിലുകളും അവന്റെ അകം പൊള്ളിച്ചു. അപ്പോൾ ഇത് തന്റെ അമ്മാവനാണ്, അമ്മയുടെ സഹോദരൻ. എല്ലാ കഥകളും അറിയുന്നയാൾ.

 

"ഞാൻ ആരാണെന്നു നിങ്ങൾക്കറിയാമോ? നിങ്ങളുടെ അനിയത്തിയുടെ മകനാണ്. അപ്പൂപ്പൻ നിങ്ങളെയോർത്ത് ഇപ്പോഴും കരയാറുണ്ട്."

അയാൾ ഒന്ന് നിശ്ശബ്ദനായെന്നു തോന്നി. ഏതൊക്കെയോ പഴയ ഓർമകളിലൂടെ അയാളൊന്നു പ്രദക്ഷിണം വച്ച് മടങ്ങിയെത്തി.

"അതൊക്കെ മറക്കാൻ ശ്രമിക്കുന്നതാണു മോനെ. എന്തായാലും നന്നായി, നീയും ഇവിടെയെത്തിയല്ലോ. ഇതാണ് സ്വർഗം, ആ കാട്ടുമുക്കിൽ എന്താണുള്ളത്? കുറെ തൂങ്ങി നടക്കുന്ന മനുഷ്യരല്ലാതെ. ഇവിടെയെല്ലാമുണ്ട്. ഒന്നിനും ബുദ്ധിമുട്ടില്ല"

"ഇതെവിടെയാണ് ഈ സ്ഥലം? ഗ്രാമത്തിനു പുറത്താണോ?"

 

അയാൾ ഉറക്കെ ചിരിച്ചു, ‘‘എടാ മണ്ടാ ഇത് ഗ്രാമത്തിനു പുറത്തുമല്ല അകത്തുമല്ല, ഇത് ഞങ്ങളുടെ രാജാവിന്റെ വീടിനുള്ളിലാണ്. ഈ സാമ്രാജ്യം"

 

"വീടിനുള്ളിലോ?" നോയലിനു ഒന്നും മനസ്സിലായില്ല.

 

"അതെ, നമ്മളൊക്കെയിപ്പോൾ കുഞ്ഞു മനുഷ്യരാണ്. പക്ഷേ അത് അനുഭവപ്പെടില്ല, കാരണം ഇവിടെയുള്ളതെല്ലാം നമുക്ക് വേണ്ടി പണികഴിക്കപ്പെട്ടതാണ്. അത്ര കരുതലുള്ള ഒരു രാജാവാണ് അദ്ദേഹം"

നോയൽ ഇത്തവണ തകർന്നു പോയി. അവനെല്ലാം മനസ്സിലായി. മനുഷ്യരെ കുഞ്ഞു മനുഷ്യരാക്കി അവരെ മുളങ്കുഴലിനുളിലൂടെ അയാളുടെ വീട്ടിലെ ഈ സാമ്രാജ്യത്തിലെത്തിക്കുന്നു. സ്വയം രാജാവായി ചമഞ്ഞു സൗകര്യങ്ങൾ ദാനം കൊടുത്തു മനുഷ്യരെ അടിമകളാക്കി ഇവിടെ താമസിപ്പിക്കുന്നു, ഒരേയൊരു കാരണം, അയാൾക്ക് ഒരു ജനതയുടെ രാജാവാകണം. വായിച്ച ഏതോ കഥയിലെ വില്ലൻ കഥാപാത്രമായി കരിക്കട്ട അവന്റെ മുന്നിൽനിന്നു ചിരിച്ചു. പക്ഷേ ഇവിടെ അയാൾ രാജാവാകുന്നു, എല്ലാം സംരക്ഷിക്കുന്നവൻ, പക്ഷേ ജനതയെ അടിച്ചമർത്തി ഭരിക്കുന്നവർ. എന്താണ് സ്വാതന്ത്ര്യമെന്ന് അറിയാത്ത ഒരു ജനതയുടെ ആ ഇട്ടാവട്ടത്തെ ജീവിതം നോയലിനു വേദനയായി.

ഒരുപക്ഷേ ബെംഗളൂരു പോലെയൊരു സ്വാതന്ത്ര്യത്തിൽ ജീവിച്ച ഒരുവന് അതേ നഗരത്തെ പറിച്ചു വച്ച മറ്റൊരിടത്ത് അനുഭവപ്പെടുന്ന കാണാൻ കഴിയാത്ത ചങ്ങലയുടെ കിലുക്കം, അതിന്റെ ഭാരം, അവനെ തളർത്തി.

"ഞങ്ങളൊക്കെ ഇരുട്ടു നിറഞ്ഞൊരു ഗ്രാമത്തിൽനിന്നു വന്നതാണ് മോനെ, ഇവിടെ ഞങ്ങൾക്ക് സ്വർഗം തന്നെയാണ്"

കണ്ണിൽ കുത്തിക്കയറുന്ന ആ വെളിച്ചത്തിൽ നിന്നു നോയൽ ആലോചിക്കുകയായിരുന്നു, എങ്ങനെയാണ് ഈ മായാലോകത്തിൽ നിന്ന് രക്ഷപ്പെടുക? ഈ അടിമകളായ മനുഷ്യരെ എങ്ങനെ സ്വാതന്ത്ര്യത്തിന്റെ വില പഠിപ്പിക്കും?

വെളിച്ചം മാത്രമല്ല ഇരുട്ടും ഭയക്കാതെ ജീവിതത്തിന്റെ ഭാഗമാണെന്നു ഇവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും?

രക്ഷപ്പെടണം... രക്ഷപെട്ടേ പറ്റൂ... നോയൽ തീരുമാനിച്ചു.

പക്ഷേ എങ്ങനെ? ഇവരെയൊക്കെ എങ്ങനെ എല്ലാം പറഞ്ഞു മനസ്സിലാക്കും?

 

"ഇവിടെ നിനക്കാവശ്യമുള്ളതെല്ലാം കിട്ടും നോയൽ മോനെ," അമ്മാവൻ നോയലിന്റെ കൈപിടിച്ച് അവരുടെ രാജ്യമെങ്ങും ചുറ്റി നടന്നു കാട്ടി.

അയാൾ പറഞ്ഞതു ശരിയായിരുന്നു, അവിടെയില്ലാത്തത് ഒന്നുമുണ്ടായിരുന്നില്ല, ആരോടെങ്കിലും ദേഷ്യം തോന്നിയാൽ രാജാവിനോട് പറഞ്ഞു അവരെ അടിച്ചമർത്താനുള്ള വഴികളെല്ലാം പലർക്കുമറിയാമായിരുന്നു. കുഞ്ഞു മനുഷ്യരാണെങ്കിലും പ്രായത്തിനനുസരിച്ച വളർച്ച എല്ലാവർക്കുമുണ്ടായിരുന്നു.

 

"നമ്മുടെ ശരിക്കുമുള്ള ജീവിതം ഇവിടെ കിട്ടുമോ അമ്മാവാ? ഇല്ല."

"എന്താണ് നീയുദ്ദേശിച്ച ശരിക്കുള്ള ജീവിതം? ആ ഇരുട്ട് വീണ വഴിയിലൂടെ മരം വെട്ടും ഇരുമ്പു പണിയും ഒക്കെയായിട്ടു നടക്കുന്നതോ? അവിടെ അതല്ലാതെ മറ്റെന്ത് ജോലിയാണ് ഉണ്ടായിരുന്നത്? ഒരു നല്ല സ്‌കൂളോ സൗകര്യങ്ങളോ ഉണ്ടായിരുന്നോ?"

 

"എന്തുകൊണ്ടുണ്ടായില്ല ? ഒരു നാട്ടിലെ നാട്ടുകാരാണ് ആ നാടിനെ ഉയർത്തുന്നത്. നിങ്ങൾക്കേ അതിനു കഴിയൂ."

"നീ മിണ്ടാതെ വാ"

തിരികെ ചെല്ലുമ്പോൾ അവിടെ സഭ സമ്മേളിച്ചിരുന്നു. അടുത്ത ദിവസം എത്തുന്ന കുട്ടി കൂടിയാകുമ്പോൾ അവരുടെ രാജാവ് ആഗ്രഹിച്ച ജനസംഖ്യ എത്തിച്ചേരും അതോടെ അയാളുടെ ചക്രവർത്തി എന്ന പദത്തിലേക്കുള്ള അഭിഷേകമാണ്.

 

(തുടരും)

 

(ശ്രദ്ധേയയായ യുവ സാഹിത്യകാരിയും കോളമിസ്റ്റുമാണ് ശ്രീപാർവതി.പോയട്രി കില്ലർ, നായിക അഗത ക്രിസ്റ്റി തുടങ്ങിയവ രചനകൾ)

 

 

 

English Summary: Hai kids childrens novel- Noyalinte Devalokam-chapter 4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com