'സൂപ്പർ മെഹക്' എന്ന് ജെമിമ; കോഴിക്കോട്ടെ കൊച്ചുമിടുക്കിയുടെ ബാറ്റിങ് വൈറൽ
Mail This Article
കോവിഡ് വ്യാപനവും ലോക്ഡൗണും നിരവധി കുട്ടി ക്രിക്കറ്റ് പ്രതിഭകളെയാണ് നമുക്ക് സമ്മാനിച്ചത്. കൊച്ചുകുട്ടികളുടെ ക്രിക്കറ്റ് പരിശീലന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വളരെ വേഗമാണ് തരംഗമാവുന്നത്. ക്രിക്കറ്റ് പൊതുവെ ആൺകുട്ടികളുടെ കളിയായി കണ്ടിരുന്നൊരു കാലമുണ്ടായിരുന്നു. ഇന്ന് സ്ഥിതിമാറി. ക്രിക്കറ്റിനെ സ്നേഹിക്കുന്ന ധാരാളം പെൺകുട്ടികൾ ഈ രംഗത്തേയ്ക്ക് കടന്നുവരുന്നു. ഇന്ത്യയിലെ വനിതാ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമായ കൈകളിലായിരിക്കുമെന്ന് തെളിയിക്കുകയാണ് ഇൻസ്റ്റാഗ്രാമിൽ അടുത്തിടെ വിഡിയോ പങ്കിട്ട കോഴിക്കോട് നിന്നുന്നുള്ള ആറ് വയസുകാരി മെഹക് ഫാത്തിമ.
തകർപ്പൻ കവർ ഡ്രൈവുകൾ, പുൾ ഷോട്ട്, ഫ്ലിക്ക് ഷോട്ടുകൾ എന്നിവ കളിച്ച് ക്രിക്കറ്റ് പ്രേമികളെ അതിശയിപ്പിക്കുകയാണ് ഈ കൊച്ചുമിടുക്കി. അനായാസേന വളരെ ആസ്വദിച്ചാണ് മെഹക്കിന്റെ പരിശീലനം. കുറ്റമറ്റ ഷോട്ടുകളാണ് മെഹക്കിന്റെ പ്രത്യേകത.
ഈ മിടുക്കിയെ പരിചയപ്പെടുത്തുന്ന ഇൻസ്റ്റഗ്രാം വിഡിയോയിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ് എന്നിവരെ ടാഗ് ചെയ്തിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള മെഹകിനെ പരിചയപ്പെടുത്തുന്നുവെന്നും നിങ്ങൾക്ക് ഒരു എതിരാളിയാണെന്നും കുറിച്ചിരിക്കുന്നു. ജെമിമ റോഡ്രിഗസ് മെഹക്കിന്റെ ഷോട്ടുകളെ അഭിനന്ദിച്ചുകൊണ്ട് ‘സൂപ്പർ മെഹക്’ എന്നാണ് കമന്റ് െചയ്തിരിക്കുന്നത്. നിരവധി ക്രിക്കറ്റ് ആരാധകരാണ് ഈ കൊച്ചുപെൺക്കുട്ടിയ്ക്ക് അഭിന്ദനവുമായി എത്തിയത്.
English summary : Batting practice video of six year old girl Mehak from Kerala