ADVERTISEMENT

പ്രിയപ്പെട്ടവരേ, എന്തുകൊണ്ടാണ് നിങ്ങളുടെ രാജാവിനെ നാട്ടിൽ കരിക്കട്ട എന്ന് വിളിക്കുന്നതെന്നറിയാമോ? ഇരുട്ടിനോടുള്ള ഭയം നമുക്ക് വളർത്തിയത് നമ്മുടെ മാതാപിതാക്കളാണ്, ഇരുട്ടിൽ പതുങ്ങിയിരിക്കുന്ന എന്തോ ഒന്നുണ്ടെന്നു ഭയപ്പെടുത്തി നാം കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുകയും അനുസരിക്കുകയും ചെയ്യുന്നു. ആ ഭയം നിലനിർത്താൻ വേണ്ടി മാത്രമാണ് നിങ്ങളുടെ രാജാവിനെ അയാൾ സ്വയം കരിക്കട്ട എന്ന് വിളിക്കുന്നത്, എന്നാൽ അയാൾ നിങ്ങൾക്കിവിടെ ഒരുക്കിയതെന്താണ്? വെളിച്ചം. പ്രകാശം അല്ലെങ്കിൽ വെളുത്തത് എന്നാൽ സന്തോഷവും നന്മയുമാണെന്നു കുട്ടിക്കാലം മുതലേ നിങ്ങൾ പഠിച്ചിരുന്നില്ലേ? വെളിച്ചത്തിൽ നിങ്ങൾക്കൊന്നും സംഭവിക്കില്ലെന്ന് നിങ്ങൾ കരുതിയില്ലേ ?

എന്റെ അച്ഛനും അമ്മയും അപകടത്തിൽപ്പെട്ടത് ഒരു പകലായിരുന്നു. ഞാൻ അനാഥനാക്കപ്പെട്ടതും നിറയെ വെളിച്ചമുള്ളപ്പോഴായിരുന്നു. അതുകൊണ്ട് ഞാൻ പറയാം വെളിച്ചവും വെളുപ്പും എന്നാൽ നന്മ മാത്രമല്ല സന്തോഷവുമല്ല, ഇരുട്ടും വെളിച്ചവും, കറുപ്പും വെളുപ്പും ഇടകലർന്നതാണു

 ജീവിതം, ഒന്നും ഭയപ്പെടാനുള്ളതല്ല", – മുന്നിലിരിക്കുന്നവരോട് സംസാരിക്കാൻ ഒരവസരം കിട്ടിയപ്പോൾ മനസ്സിലുള്ളത് നോയൽ തുറന്നു പറഞ്ഞു.

സദസ്സിൽനിന്നു മർമരങ്ങളുയരുന്നു. ആദ്യമായാണ് രാജാവിനെതിരെ ഒരാൾ സംസാരിക്കുന്നത്. അതിനെ ചെറുത്തു നിൽക്കേണ്ടത് ആവശ്യമാണെന്ന് ധരിച്ച ഒരുപാട് മനുഷ്യരവിടെ ഉണ്ടായിരുന്നു.

"ഞാൻ ബെംഗളൂരു നഗരത്തിൽ ജനിച്ചു വളർന്നതാണ്, അവിടെ കാണാത്തതൊന്നുമല്ല നിങ്ങൾക്കായി അയാൾ ഇവിടെ നിർമിച്ചിരിക്കുന്ന സുഖ സൗകര്യങ്ങൾ, എന്നാൽ അവിടെ മറ്റൊന്ന് കൂടി ഞാൻ അനുഭവിച്ചിരുന്നു, സ്വാതന്ത്ര്യം. നിങ്ങൾ ഭയപ്പെടുകയും വെറുക്കുകയും ചെയ്യുന്ന പരുന്തുമലയിലെ ജനങ്ങളാസ്വദിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? അടിമത്തം ആസ്വദിച്ചു കിടക്കുന്നവർക്കു സ്വാതന്ത്ര്യത്തിന്റെ അർഥം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്"

ദിവസങ്ങൾ കടന്നു പോകുമ്പോഴും നോയൽ ഓരോ മനുഷ്യരെയും തന്റെ ഉള്ളിലെ ആശയം പറഞ്ഞു മനസ്സിലാക്കാൻ കഷ്ടപ്പെട്ടു കൊണ്ടിരുന്നു. സുഖസൗകര്യങ്ങൾ ഔദാര്യത്തോടെ നൽകുന്ന രാജാവിന്റെ ഈ വെളിച്ചമുള്ള നഗരത്തെക്കാൾ മനോഹരം സർവസ്വാതന്ത്ര്യത്തോടെ നടക്കാൻ കഴിയുന്ന ഇരുണ്ട വഴികളാണെന്ന് അവൻ കാണുന്നവരോടൊക്കെ ആവർത്തിച്ച് കൊണ്ടിരുന്നു.

നോയലിന്റെ വാക്കുകളിൽനിന്നു സ്വാതന്ത്ര്യത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ ചിലരെങ്കിലുമുണ്ടായിരുന്നു. നഗരത്തിലെ ബുദ്ധിമാന്മാരിൽ മുൻപിലുള്ള പോളിന്റെ വീട്ടിൽ രഹസ്യമായി ഒത്തുകൂടി അവർ ആശയങ്ങളും രക്ഷപ്പെടാനുള്ള സാധ്യതയും ചർച്ച ചെയ്തു.

വായിക്കാൻ പുസ്തകമോ കാണാൻ ടിവിയോ ഒന്നുമില്ലാത്തതിന്റെ ദുഃഖം പോൾ പങ്കു വച്ചു, അജ്ഞാനത്തിന്റെ ആഴം എത്രയുണ്ടെന്നുള്ള ഒരു തെളിവെടുപ്പു കൂടിയായിരുന്നു അത്.

രാജാവിന്റെ നാട്ടിൽ കലയും സാഹിത്യവും സിനിമയുമൊക്കെ നിരോധിച്ചിരിക്കുകയാണ്.

സംഘത്തിലെ ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ഓരോ ദിവസവും അവർ ഓരോ വീടുകളിൽ സമ്മേളിച്ചു. കഥകളും അനുഭവങ്ങളും പറയുന്നവരുടെ എണ്ണം കൂടി വന്നു.

"നമ്മളെങ്ങനെ അയാളെ ഇല്ലാതാക്കി രക്ഷപെടും?" – ഒടുവിൽ എല്ലാവരും ഒരേ ചോദ്യത്തിലെത്തി. അതായിരുന്നു അവർ നേരിട്ട ഏറ്റവും വലിയ ചോദ്യവും.

അടുത്തദിവസം ഗ്രൂപ്പ് ഒരു പദ്ധതിയൊരുക്കി. അടുത്ത കുട്ടിയുടെ വരവോടെ രാജാവിന്റെ ചക്രവർത്തി അഭിഷേകമാണ്. അയാൾ സന്തോഷിക്കുന്ന സമയം. ‘അന്ന് രഹസ്യമെല്ലാം അടക്കം ചെയ്ത രാജാവിന്റെ ആ മുളങ്കുഴൽ കൈക്കലാക്കണം’ – പോൾ പറഞ്ഞു.

ഒടുവിൽ അവർ അതു തീരുമാനിച്ചു. അടിമത്തത്തിൽനിന്നു തങ്ങൾക്കു പുറത്തു കടക്കണമെന്ന ആവശ്യം രാജാവിനെ അറിയിക്കുക, ഇരുളും വെളിച്ചവും ഒരുപോലെ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അതു തങ്ങൾക്ക് അർഹതപ്പെട്ടതാണെന്നും അയാളെ അറിയിക്കുക...

ഒരു കലാപമാകും ഉണ്ടാവുക, അതിനിടയിൽ നോയലും കൂട്ടുകാരും മുളങ്കുഴൽ കൈക്കലാക്കി രഹസ്യം തിരയും.

ആ ദിവസം വന്നെത്തി.

ഒരു കുട്ടിയെയും കയ്യിലെടുത്ത് രാജാവ് നഗരാതിർത്തി കടന്നു വെളിച്ചത്തിന്റെ നാട്ടിലെത്തി.

അയാൾ അവരുടെ ഇടയിലേക്ക് വന്നു, കുട്ടിയെ ഒരു മുറിയിലെ കിടക്കയിലേക്കു കിടത്തി.

നാളെയാണ് അഭിഷേകദിനം. ആഘോഷങ്ങളുടെ നാൾ.

രാവിലെ തന്നെ എല്ലാവരും വെണ്ണക്കൽ കൊട്ടാരത്തിൽ ഹാജരായിരുന്നു. രാജാവു നൽകിയ പ്രത്യേക പാസ് ഉള്ളവരെ മാത്രമാണ് അകത്തേക്കു കയറ്റിയത്. രാജാവിനു ചുറ്റും ഏറ്റവും വിശ്വസ്തരായ അംഗരക്ഷകർ. എന്നാൽ അക്കൂട്ടത്തിലുമുണ്ടായിരുന്നു നോയലിന്റെ സ്വാതന്ത്ര്യമെന്ന ആശയത്തോടൊപ്പം നിൽക്കാൻ ആഗ്രഹിച്ചവർ.

ഉയർന്ന മട്ടുപ്പാവിൽ ചിരിച്ചുകൊണ്ടു നിൽക്കുന്ന രാജാവിന്റെ മുന്നിൽ തങ്ങൾ അടിമകളാക്കപ്പെട്ടതു പോലെ നഗരവാസികൾക്ക് ആദ്യമായി തോന്നി.

"ഞങ്ങൾക്ക് തിരികെ പരുന്തുമലയിലേക്ക് പോണം" – എവിടെ നിന്നാണെന്നറിയാതെ ഒരു ശബ്ദമുയർന്നു. എതിർപ്പിന്റെ ആദ്യ ശബ്ദം. അതേറ്റു പിടിച്ച് ഒരു വശത്തുനിന്നും ശബ്ദങ്ങളുയർന്നു തുടങ്ങി.

എന്തും അപ്രത്യക്ഷമാക്കാൻ മാത്രമാണ് തനിക്കറിയുന്നത്, മനുഷ്യരുടെ മനസ്സ് മാറ്റാനുള്ള മാജിക്ക് തനിക്കറിയില്ലല്ലോ എന്നു രാജാവ് പെട്ടെന്നോർത്തു. പ്രതിഷേധം തുടങ്ങും മുൻപ് അതിനെ അടിച്ചമർത്തേണ്ടിയിരിക്കുന്നു, അയാൾ തന്റെ വിശ്വസ്തരായ സേവകർക്കു സൂചന നൽകി. എന്നാൽ അവരാരും സ്ഥാനത്തുനിന്ന് ഇളകിയില്ല.

എന്താണിത്, ഇന്നു താൻ ചക്രവർത്തി സ്ഥാനം ഏറ്റെടുക്കുന്ന ദിവസമാണ്, ദശാബ്ദങ്ങളായി കാത്തിരിക്കുന്ന ദിനം. അതിനായി ഒരുക്കിക്കൂട്ടിയ മനുഷ്യർ, ചെലവിട്ട ബുദ്ധി, അധ്വാനം ... ആരാണ് ഇതെല്ലാം വെള്ളത്തിലാക്കിയത്?

"നിങ്ങൾ തോറ്റു രാജാവേ"– പിന്നിൽനിന്നാണ് ആ ശബ്ദം കേട്ടത്. നോയലിന്റെ കയ്യിൽ തന്റെ മുളങ്കുഴൽ അയാൾ കണ്ടു. അതിൽനിന്നാണ് ഒരു സാമ്രാജ്യം തന്നെ താൻ സൃഷ്ടിച്ചത്. അതു വിട്ടുകളയുകയെന്നാൽ താൻ ഇല്ലാതായി എന്നാണർഥം. രാജാവ് നോയലിനെ പിടിക്കാനാഞ്ഞു. അവൻ പുറത്തേക്കോടി.

ഓരോ നിലകളും കടന്നു, പടിക്കെട്ടുകളും ഇടനാഴികളും കടന്നു താഴെ ജനക്കൂട്ടത്തിലെത്തി നോയൽ.

വിചാരണ അവിടെയാണ് നടക്കേണ്ടത്.

"പറയൂ രാജാവേ, ഈ മുളങ്കുഴൽ എങ്ങനെയാണ് മനുഷ്യരെ വലുതും ചെറുതുമാക്കുന്നത്? ഗ്രാമത്തിൽ നിങ്ങൾ പ്രാവിനെയും മുയലിനെയുമെല്ലാം ഇതേ വിദ്യ കൊണ്ട് ചെറുതാക്കുന്നതാണെന്നു ഞങ്ങൾക്കറിയാം.’’ 

ഇനി വേറെ വഴിയില്ല, ഇത്രയും നാൾ എല്ലാം കൊടുത്തു വളർത്തിയ ജനത അവരുടെ രാജാവിനെതിരെ തിരിഞ്ഞിരിക്കുന്നു. "നിങ്ങളെന്താണ് ഇങ്ങനെ നോക്കിനിൽക്കുന്നത്? ഇവനെ ഈ ചെക്കനെ ഓടിക്കൂ , ഇതുവരെ അനുഭവിക്കാത്ത സൗകര്യങ്ങളാണു നിങ്ങൾക്ക് ഞാൻ തന്നത്" – രാജാവ് അലറി.

"ഇതിലും സൗകര്യങ്ങളും ഒപ്പം സ്വാതന്ത്ര്യവും ആസ്വദിച്ച എനിക്കു മനസ്സിലാവും രാജാവേ നിങ്ങൾക്കു വേണ്ടിയിരുന്നത് പ്രജകളെയല്ല, അടിമകളെ ആയിരുന്നെന്ന്. അവർ സ്വതന്ത്രരായ മനുഷ്യരാണ്, ഇപ്പോഴും അവർക്കു ഗ്രാമത്തിൽ കാത്തിരിക്കുന്ന ബന്ധുക്കളുണ്ട്, അമ്മമാരും അച്ഛന്മാരുമുണ്ട്"

ആർത്തലച്ചു വന്ന ജനങ്ങളുടെ മധ്യത്തിലേക്ക് രാജാവിനെ ആരോ തള്ളിയിട്ടു. മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് രാജാവ് നോയലിനു ആ മന്ത്രം പറഞ്ഞു കൊടുത്തത്.

മുളങ്കുഴൽ ഊതി മനുഷ്യനെ വലുതും ചെറുതുമാക്കുന്ന മന്ത്രം.

ആ മന്ത്രമുരുവിട്ട് നോയൽ ഓരോരുത്തരെയായി ഗ്രാമത്തിലേക്കു തിരികെ അയച്ചു തുടങ്ങി. ഏറ്റവും പുതിയ രൂപത്തിൽ, വേഷത്തിൽ അവർ അവരുടെ നഷ്ടഗ്രാമത്തിലേക്കു തിരികെയെത്തി. എന്നോ നഷ്ടപ്പെട്ടു പോയ, ഓർമകളിൽ എവിടെയോ ഉള്ള വീടുകൾ അന്വേഷിച്ച അവർ പരക്കം പാഞ്ഞു.

ഇനിയൊരിക്കലും തിരികെയെത്തില്ലെന്നു കരുതിയ മക്കളെ കണ്ട് മാതാപിതാക്കൾ സന്തോഷിക്കുകയും പൊട്ടിക്കരയുകയും ചെയ്തു. 

അമ്മാവനൊപ്പമാണ് നോയൽ മുത്തശ്ശന്റെ മുന്നിലെത്തിയത്. എന്നെന്നേക്കുമായി നിശബ്ദനായിപ്പോയിരുന്ന അപ്പൂപ്പൻ അവരെക്കണ്ട് പൊട്ടിക്കരഞ്ഞു. അവരെ തന്നിലേക്കു ചേർത്തു പിടിച്ചു, പിന്നെ ചിരിച്ചു.

ദിവസങ്ങൾ കഴിഞ്ഞ് ഉണ്ണിക്കൊപ്പം ഗ്രാമത്തിന്റെ അതിർത്തിയിൽ അകലേക്കു നോക്കിക്കൊണ്ടുനിൽക്കുമ്പോൾ നോയലിന് ഉള്ളിൽ നിറയെ സന്തോഷമായിരുന്നു. ആ ഗ്രാമം മാറിത്തുടങ്ങിയിരിക്കുന്നു. രാത്രിയിലും മനുഷ്യർ പേടികൂടാതെ പുറത്തിറങ്ങി നടക്കുന്നു. രാത്രിയെ ചൂണ്ടി കുഞ്ഞുങ്ങളെ അമ്മമാർ ഭയപ്പെടുത്താറില്ല, എല്ലാത്തിനെയും ശരിയായി കാണാൻ അവർ പഠിച്ചു തുടങ്ങിയിരിക്കുന്നു. നോയൽ മുഖത്ത് ചിരി വിരിഞ്ഞു. അതുകണ്ട് ഉണ്ണിയുടെ കണ്ണുകളും തിളങ്ങി.

അപ്പോഴും നോയലിന്റെ വീട്ടിലെ മച്ചിൽ രാജാവിന്റെ മായാജാലം കാട്ടുന്ന മുളങ്കുഴൽ അതിന്റെ ഉടമസ്ഥനെയും കാത്തു കിടക്കുന്നുണ്ടായിരുന്നു. അയാളിനിയും വരുമോ എന്നുപോലും ഉറപ്പില്ലാതെ.

 

(അവസാനിച്ചു)

 

(ശ്രദ്ധേയയായ യുവ സാഹിത്യകാരിയും കോളമിസ്റ്റുമാണ് ശ്രീപാർവതി.പോയട്രി കില്ലർ, നായിക അഗത ക്രിസ്റ്റി തുടങ്ങിയവ രചനകൾ)

 

 

English Summary: Hai kids childrens novel- Noyalinte Devalokam-chapter 5

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com