കണ്ണുകൾ കെട്ടി റുബിക്സ് ക്യൂബ് പസ്സിലുകൾ പരിഹരിച്ച് അബനീന്ദ്ര ; സ്വപ്നം ലോക റെക്കോഡ്
Mail This Article
റുബിക്സ് ക്യൂബിന്റെ എല്ലാ വശവും ഒരേ നിറമാക്കാൻ ബുദ്ധിയും ഏകാഗ്രതയും മാത്രമല്ല, ചില ടെക്നിക്കുകളും അറിഞ്ഞിരിക്കണം. റുബിക്സ് ക്യൂബ് പസിലുകൾ അത്ര നിസാരമല്ല പലർക്കും. എന്നാൽ പന്ത്രണ്ടു വയസ്സുകാരൻ അബനീന്ദ്ര ഈ കളിപ്പാട്ടം അനായാസം കൈകാര്യം ചെയ്യുന്നത് അദ്ഭുതത്തോടെയേ കാണാനാകൂ. ലോക്ഡൗൺ കാലത്താണ് നെടുമ്പാശേരി സ്വദേശിയും കപ്രശ്ശേരി ഗവൺമെന്റ് യുപി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുമായ അബനീന്ദ്ര റുബിക്സ് ക്യൂബുമായി കൂട്ടുകൂടിയത്. എന്നാൽ വളരെപ്പെട്ടെന്നു തന്നെ ഈ ചതുരക്കട്ടയിലൊളിഞ്ഞിരിക്കുന്ന മാജിക് അബനീന്ദ്ര പഠിച്ചെടുത്തു. കണ്ണുകൾ കെട്ടി റുബിക്സ് ക്യൂബ് പസ്സിലുകൾ പരിഹരിക്കാനും ഈ പന്ത്രണ്ടുകാരനു സാധിക്കും.
മിറർ ക്യൂബ്, മെഗാ മിക്സ് ക്യൂബ്, ട്വിസ്റ്റർ ക്യൂബ് തുടങ്ങി പത്തോളം ക്യൂബുകൾ ഈ കൊച്ചു മിടുക്കൻ നിമിഷ നേരം കൊണ്ട് പരിഹരിക്കും. 18 സെക്കൻഡിൽ 3x3 ക്യൂബ് ചെയ്തതാണ് നിലവിൽ അബനീന്ദ്രയുടെ റെക്കോഡ് സമയം. ഇതിലും കുറഞ്ഞ സമയത്തിൽ പസില്‍ സോൾവ് ചെയ്യാനുള്ള പരിശീലനത്തിലാണിപ്പോള്‍.
ഇത്തരം വിഡിയോകൾ കണ്ട് സ്വന്തമായാണ് അബനീന്ദ്ര റുബിക് ക്യൂബ് സൂത്രവിദ്യകൾ പഠിച്ചെടുത്തത്. യുട്യൂബിൽ കണ്ട റുബിക് ക്യൂബ് പസ്സിലുകൾ പഠിച്ച് കാണിച്ചപ്പോൾ ആദ്യം താനത്ര കാര്യമാക്കിയില്ലെന്ന് അച്ഛൻ ദിനേശൻ പറയുന്നു. എന്നാൽ ഓരോ ഇക്വേഷനും മകൻ പരിഹരിക്കുന്നത് കണ്ട് ഇതിൽ കാര്യമുണ്ടെന്നു മനസ്സിലാക്കി, അബനീന്ദ്ര ആവശ്യപ്പെടുന്ന ക്യൂബുകൾ വാങ്ങി നൽകി അച്ഛൻ. പിന്നീട് ഏറ്റവും കുറഞ്ഞ സമയത്തിൽ റുബിക് ക്യൂബ് പസ്സിലുകൾ ചെയ്യാൻ തുടങ്ങി.
അബനീന്ദ്രയുടെ അച്ഛൻ ദിനേശൻ ഗ്രാഫിക് ഡിസൈനിങ്ങിനായുള്ള സ്ഥാപനം നടത്തുന്നു അമ്മ ഹിമ, അനുജൻ സാൽവദോർ ഒന്നാംക്ലാസിൽ പഠിക്കുന്നു.റുബിക് ക്യൂബ് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പരിഹരിച്ച് ലോകറെക്കോഡ് കരസ്ഥമാക്കുക എന്നതാണ് ആ കൊച്ചുമിടുക്കന്റെ സ്വപ്നം. പഠനത്തിനൊപ്പം അതിനായുള്ള പരിശീലനങ്ങളും നടത്തുന്നുണ്ട് അബനീന്ദ്ര.
വളരെ സങ്കീർണമായ ഒറിഗാമി ഒബ്ജക്റ്റുകൾ ഉണ്ടാക്കാൻ മിടുക്കനാണ് അബനീന്ദ്ര. നല്ലൊരു ചിത്രകാരൻ കൂടിയായ ഈ മിടുക്കന് നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. കലാകാരനായ അച്ഛന്റെ കീഴിൽ ചിത്രരചനയും അഭ്യസിക്കുന്നുണ്ട്. പാഴ്‌വസ്തുക്കളിൽനിന്നു കരകൗശല വസ്തുക്കൾ ഉണ്ടാക്കാനും അബനീന്ദ്ര മിടുക്കനാണ്. മാജിക്കും പ്രിയം.
കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും ഏകാഗ്രതയും ഓർമശക്തിയും വർധിപ്പിക്കാനും ക്ഷമാശീലമുണ്ടാക്കാനും പ്രശ്നപരിഹാര ശേഷി വളർത്താനും റുബിക്സ് ക്യൂബ് പരിശീലനങ്ങൾക്കാകും. 1974ൽ ഹംഗറിക്കാരനായ എർണോ റൂബിക് നിർമിച്ച ഈ കളിപ്പാട്ടത്തിന് ഇന്ന് ലോകമാകമാനം ആരാധകരുണ്ട്.
English summary : Kerala boy solving Rubik's cube eyes closed