ADVERTISEMENT

റുബിക് ക്യൂബിലെ പസിലുകൾ പരിഹരിക്കുക എന്നത് സാധാരണക്കാർക്ക് അല്പം പ്രയാസമാണ്. ഈ ചതുരക്കട്ടയിൽ ഓരോ വശവും ഒരേ നിറമാക്കാൻ നമ്മളിൽ പലരും പാടുപെടുമ്പോൾ ഈ ക്യൂബുകൾ കൊണ്ട് പോർ‍ട്രെയ്റ്റുകൾ നിർമിച്ച് അദ്ഭുതപ്പെടുത്തുകയാണ് ഒരു പതിനാലുകാരൻ. കൊച്ചിയിലെ ഭവൻസ് ആദർശ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാർഥി അദ്വൈത് മാനാഴിയാണ് റുബിക് ക്യൂബുകൾ കൊണ്ട് പോർ‍ട്രെയ്റ്റുകൾ നിർമിച്ച് രണ്ട് ലോക റെക്കോർഡുകൾ സ്വന്തമാക്കിയത്. യുആർ‌എഫ് ഏഷ്യൻ റെക്കോർഡ്, അറേബ്യൻ ലോക റെക്കോർഡ് എന്നിവ നേടിയ അദ്വൈതിന്റെ റെക്കോ‍ഡ് സമയം   ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ 56 മിനിറ്റിൽ വരച്ചതാണ്. തൃശൂരിൽ ഹാൻഡ്‌ലൂം ബിസിനസ് ചെയ്യുന്ന ഗിരീഷിന്റെയും ബിന്ധ്യയുടെയും മകനാണ് അദ്വൈത്. അനിയത്തി അവന്തിക മൂന്നാംക്ലാസിൽ പഠിക്കുന്നു. 

kerala-boy-advaidh-manazhy-creates-rubiks-cube-portraits1

അഭിനന്ദനങ്ങളറിയിച്ച് താരങ്ങൾ

അൻപതിലധികം ഛായാചിത്രങ്ങൾ  ഇതുവരെ ഈ മിടുക്കൻ ചെയ്തുകഴിഞ്ഞു. അദ്വൈത് പോർ‍ട്രെയ്റ്റുകൾ ചെയ്ത സെലിബ്രിറ്റികളിൽനിന്നു നിരവധി മറുപടികളും അഭിനന്ദനങ്ങളും ലഭിച്ചു. കെ.എസ്. ചിത്ര, രജനീകാന്ത്, മഞ്ജു വാരിയർ, സംയുക്ത വർമ  തുടങ്ങിയവർ അഭിനന്ദനങ്ങളറിയിച്ച് ഈ മിടുക്കന് ഓഡിയോ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.  പോർട്രെയ്റ്റ് കണ്ട് സർ ലൂയിസ് ഹാമിൽട്ടന്റെയും മെഴ്‌സിഡസ് എഎംജി പെട്രോണാസ് എഫ് 1 ടീമിന്റെയും വക   സർപ്രൈസ് സമ്മാനങ്ങളും അദ്വൈതിനെ തേടിയെത്തി. തന്റെ പോർട്രെയ്റ്റ് കണ്ട്  നടൻ മാധവൻ അദ്വൈതിന്റെ പിറന്നാളിന് സർപ്രൈസായി ശബ്ദസന്ദേശവും അയച്ചിരുന്നു. 

അദ്വൈതിന്റെ ഇഷ്ട കളിപ്പാട്ടം

ക്യൂബുകളാണ് അദ്വൈതിന്റെ ഇഷ്ട കളിപ്പാട്ടം. ഇന്നേവരെ ഈ മാജിക് കട്ടകളല്ലാതെ മറ്റൊരു കളിപ്പാട്ടവും മകൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് അമ്മ ബിന്ധ്യ പറയുന്നു. അതിൽ നിന്നുതന്നെയറിയാം ഈ നിറങ്ങൾ നിറച്ച ചതുരക്കട്ടകളോടുള്ള  ഈ ബാലന്റെ അഭിനിവേശം. ഏഴു വയസ്സ് മുതൽ റുബിക് ക്യൂബിലെ പസിലുകൾ പരിഹരിക്കാൻ അദ്വൈത് താല്പര്യം കാണിച്ചിരുന്നു. എന്നാൽ പോർ‍ട്രെയ്റ്റുകൾ ചെയ്യാൻ തുടങ്ങിയത് ഈ ലോക്ഡൗൺ കാലത്താണ്. ഇവർ കുടുബത്തോടെ യുഎഇയിൽ ആയിരുന്നപ്പോൾ അദ്വൈതിന്റെ അച്ഛന്റെ കസിന്റെ മകൻ വിഷ്ണുവാണ് ആദ്യം ക്യൂബ് ചെയ്യുന്നത് പഠിപ്പിച്ചതും ഒരെണ്ണം സമ്മാനിച്ചതും. ഇപ്പോള്‍ അദ്വൈതിന്റെ കൈവശമുള്ള ക്യൂബുകളുടെ എണ്ണം 300 കടന്നു. പോർ‍ട്രെയ്റ്റുകൾ ചെയ്യാൻ കൂടുതൽ ക്യൂബുകൾ ആവശ്യമായതുകൊണ്ട് അച്ഛൻ ഗരീഷ് പലയിടങ്ങളിൽനിന്നും വരുത്തിയതാണിവ. 

പോർ‍ട്രെയ്റ്റുകളിലെ പ്രശ്സ്തർ

നരേന്ദ മോദി, രാഹുൽ ഗാന്ധി, പിണറായി വിജയൻ, നടൻ മാധവൻ, ടൊവീനോ തോമസ്, സുരേഷ് ഗോപി,  കെ.എസ്. ചിത്ര, രജനീകാന്ത്, മഞ്ജു വാരിയർ,, സംയുക്ത വർമ, ലൂയിസ് ഹാമിൽട്ടൺ, സിൽവസ്റ്റർ സ്റ്റാലൻ, ഐഎം വിജയൻ, ശോഭന, അക്ഷയ് കുമാർ, ചിരഞ്ജീവി, വിരാട് കോഹ്​ലി, ലയണൽ മെസി, പൃഥ്വിരാജ്, ഷാരൂഖ് ഖാൻ തുടങ്ങി താരങ്ങളുടെ നീണ്ട നിരതന്നെയുണ്ട് ഈ മിടുക്കന്റെ പോർ‍ട്രെയ്റ്റുകളിൽ. കൂടാതെ അയ്യപ്പൻ, കൃഷ്ണൻ, ക്രിസ്തു, ശിവൻ തുടങ്ങിയ ദൈവചിത്രങ്ങളും ചെയ്തിട്ടുണ്ട്.  വർക്കുകളൊക്കെ അദ്വൈതിന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ വരച്ചാണ് അദ്വൈതിന് അറേബ്യൻ ലോക റെക്കോർഡ് ലഭിക്കുന്നത്. 

ക്യൂബുകൾ വിതരണം ചെയ്യാൻ

ആദ്യമൊക്കെ വീട്ടിൽ കൂടിക്കൂടിവരുന്ന ക്യൂബുകളുടെ ഉപയോഗത്തെപ്പറ്റി തങ്ങൾക്ക് യാതൊരു ധാരണയും ഇല്ലായിരുന്നുവെന്ന് മാതാപിതാക്കൾ. പസിലുകൾ പരിഹരിക്കുന്ന സ്പീഡ് അറിയാൻ, തുടർച്ചയായി ഒരു മണിക്കൂറിൽ ചെയ്തുനോക്കാനായാണ് ഇത്രയധികം ക്യൂബുകൾ വാങ്ങി നൽകിയത്. അപ്പോഴും മകൻ പോർ‍ട്രെയ്റ്റുകൾ ചെയ്യുമെന്ന് യാതൊരു അറിവുമില്ലായിരുന്നു ഇവർക്ക്. പിന്നീടെപ്പോഴെങ്കിലും ഇവ സ്കൂളുകളിലോ മറ്റോ കൊണ്ടുപോയി വിതരണം ചെയ്യാമെന്നുവരെ ഇവർ ചിന്തിച്ചിരുന്നുവത്രേ.

കളി കാര്യമായതിങ്ങനെ

ഏതു സമയവും ക്യൂബുമായി നടന്നിരുന്ന മകന്റെ ഈ അപൂർവ കഴിവ് തങ്ങൾ വളരെ വൈകിയാണ് മനസ്സിലാക്കിയതെന്ന് മാതാപിതാക്കൾ പറയുന്നു. ഒരിക്കൽ താൻ ചെയ്ത ഒരു വർക്ക് കാണാൻ അദ്വൈത് വിളിച്ചു. ചെന്നു നോക്കുമ്പോൾ അനിയത്തി അവന്തികയ്ക്കൊപ്പം അച്ഛന്റെയും അമ്മയുടെയും കല്യാണ ഫോട്ടോ വച്ച് പോർട്രെയ്റ്റ് ചെയ്തതാണ് കണ്ടത്.  ആറ് മണിക്കൂർ കൊണ്ടാണ് അതു െചയ്തത്. അദ്ഭുതപ്പെട്ടുപോയെന്ന് ഗിരീഷും ബിന്ധ്യയും പറയുന്നു. അന്നുവരെ മകൻ അത്തരമൊന്ന് ചെയ്യുന്നത് അവർ കണ്ടിട്ടേയില്ലായിരുന്നു. കുടുംബ ഗ്രൂപ്പുകളിൽ അതിന്റെ ചിത്രം പങ്കുവച്ചപ്പോൾ ബന്ധുക്കളിൽ ചിലരാണ് പ്രശസ്തരുടെ പോർട്രെയ്റ്റ് ചെയ്യാൻ പറ്റുമോയെന്ന് ചോദിക്കുന്നത്. അങ്ങനെയാണ് 3 മണിക്കൂറിനുള്ളിൽ  അദ്വൈത് പ്രധാനമന്ത്രി നരേന്ദ മോദിയുടെ പോർട്രെയ്റ്റ് ചെയ്തത്. പിന്നീട് പോർ‍ട്രെയ്റ്റുകളുടെ ഒരു നിരതന്നെയായി. ഇപ്പോൾ ഒരു മണിക്കൂറിനുള്ളിൽ ഒരു പോർട്രെയ്റ്റ് ചെയ്യും ഈ മിടുക്കൻ.

 

അനിമേറ്റഡ് കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വരയ്ക്കാൻ താല്പര്യമുണ്ട് അദ്വൈതിന്. അങ്ങനെയാണ് പോർട്രെയ്റ്റ്  എന്ന ആശയം ലഭിച്ചത്. ആദ്യമൊക്കെ അദ്വൈത് ചില ഓൺലൈൻ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. പോർട്രെയ്റ്റ്  ചെയ്യാനുദ്ദേശിക്കുന്ന ചിത്രം ആദ്യം പിക്സലേറ്റ് ചെയ്ത് വരച്ച് ചേരുന്ന നിറം നൽകും. അതിന് ശേഷമാണ് പോർട്രെയ്റ്റ് നിർമാണം. ലൈവായും പോർ‍ട്രെയ്റ്റുകൾ ചെയ്തിട്ടുണ്ട്.  പോട്രെയ്റ്റ് നിർമാണത്തിൽ ഗിന്നസ് റെക്കോർഡാണ് ഈ മിടുക്കന്റെ ലക്ഷ്യം. 

 

അദ്വൈതിന് പിയാനോയിലും താല്പര്യമുണ്ട്, പഠിക്കുന്നുമുണ്ട്. മാത്രമല്ല റെപ്റ്റൈലുകളെ കുറിച്ച് അഗാധമായ അറിവുണ്ട് ഈ മിടുക്കന്. ഉരഗങ്ങളെ കുറിച്ചുള്ള പഠനമായ ഹെർപ്പെന്റോളജിയും ഈ മിടുക്കന്റെ  ഇഷ്ട മേഖലകളിലൊന്നാണ്. 

English summary : Kerala boy Advaidh Manazhy creates ubiks cube portraits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com