‘ഈ പിള്ളേരുടെ ധൈര്യം അപാരം തന്നെ’; തങ്കക്കൊലുസിന്റെ ‘സാഹസിക’ വിഡിയോ പങ്കുവച്ച് സാന്ദ്ര തോമസ്
Mail This Article
മുറ്റത്തും പറമ്പിലുമെല്ലാം ഇങ്ങനെ പാറി നടക്കുമ്പോഴാണ് കുൽസുമ്പി ആ കാഴ്ച കണ്ടത്. പഴുത്തു തുടങ്ങിയ ആ വാഴപ്പഴം മുഴുവൻ കിളികൾ കൊത്തിത്തിന്നാൽ തുടങ്ങിയിരിക്കുന്നു. അപ്പോഴാണ് വാഴയിൽ ചാരി വച്ചിരിക്കുന്ന ആ നിളമുള്ള ഏണി കക്ഷിയുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നെ ഒട്ടും മടിക്കാതെ ഏണിയിൽ വലിഞ്ഞു കയറുകയാണ് തങ്കക്കൊലുസ്. അല്പം കയറിയപ്പോഴേക്കും കുൽസുവിന് പേടിയായി താഴേയിറങ്ങി. എന്നാൽ തങ്കമാകട്ടെ ധൈര്യസമേതം ഏണിയിൽ കയറുകയാണ്. ഒപ്പം അമ്മയുടേയും കുൽസുവിന്റേയും പ്രോത്സാഹനവും..
അപ്പോഴേയ്ക്കും ചാച്ചനുമിങ്ങെത്തി. മുകളിലെത്തിയ തങ്കവും ചാച്ചനും കൂടെ നല്ല പഴുത്ത പഴമിങ്ങു പറിച്ചെയടുക്കുകയാണ്. തങ്കം കയറിയത് കണ്ട് അല്പം ധൈര്യമൊക്കെ സംഭരിച്ച് കുൽസുവും ഏണി കയറി മുകളിൽ ആ പഴക്കൊലയുടെ അരികിലെത്തി. തങ്കക്കൊലുസുവിന്റെ ഈ ‘സാഹസിക’ വിഡിയോ പങ്കുവച്ച് ‘ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാണീ കെ കെ ജോസഫ്’. എന്നാണ് സാന്ദ്ര തോമസ് കുറിച്ചത്. തങ്കക്കൊലുസുവിന്റെ ആരാധകർ അത് തിരുത്തി ‘ഇതല്ല ഇതിനപ്പുറം ചാടി കടന്നവരാണീ തങ്കക്കൊലുസ്’ എന്നുമാക്കി.
തങ്കക്കൊലുസുവിന്റെ കുറുമ്പ് വിഡിയോയ്ക്ക് നിരവധി ലൈക്കുകളും കമന്റുകളുമാണ്. മക്കളെ ഇങ്ങനെ തകർപ്പനായി വളർത്തുന്നതിന് സാന്ദ്രയ്ക്ക് നിരവധിപ്പേരാണ് അഭിന്ദനങ്ങൾ അറിയിക്കുന്നത്. പിന്നെ ഇത്ര ഉയരത്തിൽ കയറാനുള്ള ഈ കുരുന്നുകളുടെ ധൈര്യം കണ്ട് ഞെട്ടിയവരും കുറവല്ല. സാന്ദ്ര നല്ല ഒരു അമ്മയാണെന്നും തങ്കക്കൊലുസുകൾ നല്ല ഭാഗ്യം ചെയ്ത കുട്ട്യോളുമാണെന്നുമാണ് ഒരാൾ വിഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.
കുട്ടികളെ ആൺപെൺ വ്യത്യാസമില്ലാതെ എന്തും ചെയ്യാനുള്ള ധൈര്യം പകർന്ന് ഇതുപോലെ വളർത്തണമെന്നാണ് മറ്റു ചിലരുടെ കമന്റുകൾ. തങ്കക്കൊലുസുകളുടെ കുറുമ്പുകൾക്കൊപ്പം നിൽക്കുന്ന സാന്ദ്രയുടെ ചാച്ചനും ഉമ്മിയക്കുമുണ്ട് നിരവധി ആരാധകർ.
English summary : Sandra Thomas share a video of Thankakkolusu