പതിമൂന്നാം വയസിൽ 13 പശുക്കൾ; ഒപ്പം പഠനവും; പ്രചോദനം ഈ കുട്ടി കർഷകൻ
Mail This Article
പതിമൂന്നാം വയസ്സിൽ മാത്യു പരിപാലിക്കുന്നത് പതിമൂന്ന് പശുക്കളെയാണ്. മാത്യുവിന്റെ വിരൽതൊട്ടാൽ കൂട്ടത്തിലെ കുറുമ്പി പശു പോലും യഥേഷ്ടം പാൽ ചുരത്തും. പിച്ചവയ്ക്കുന്ന പ്രായത്തിൽ തുടങ്ങിയതാണ് മാത്യുവിന് ഇവയോടുള്ള ചങ്ങാത്തം. ക്ഷീരകർഷകനായ അച്ഛൻ ബെന്നിയുടെ വിരലിൽ തൂങ്ങി തൊഴുത്തിലെത്തിയ കൊച്ചു മാത്യുവിന് ഇന്ന് എല്ലാമെല്ലാമാണീ പശുക്കൾ. കഴിഞ്ഞ ഒക്ടോബറിൽ ബെന്നി അപ്രതീക്ഷിതമായി വിടവാങ്ങിയതോടെ പശുപരിപാലനം കുടുബത്തിന് ബുദ്ധിമുട്ടായി. പുല്ലുവെട്ടാനും മറ്റും പ്രയാസമായതോടെ പശുക്കളെ വിൽക്കാൻ തീരുമാനിച്ചു. എന്നാൽ ഇവരെ പിരിയുന്നത് ചിന്തിക്കാനാകാത്ത മാത്യു പിതാവിന്റെ ജോലി ഏറ്റെടുക്കുകയായിരുന്നു.
ഇപ്പോൾ വീട്ടിലെ കാരണവരാണ് വെട്ടിമറ്റം വിമലാ പബ്ലിക് സ്കൂളിലെ ഈ എട്ടാംക്ലാസുകാരൻ. എന്തുകൊണ്ടാണ് പശുക്കളെ ഇഷ്ടമെന്നു ചോദിച്ചാൽ ഒറ്റ മറുപടിയേയുള്ളൂ ‘അത് ചെറുപ്പത്തിലേ വളർത്തി വളർത്തി ഇതിനെ ഭയങ്കര ഇഷ്ടമായിപ്പോയി’. അമ്മ ഷൈനിയും സഹോദരങ്ങളായ ജോർജും റോസ്മേരിയുമാണ് മാത്യുവിന്റെ മറ്റ് കൂട്ടുകാർ..
ക്ഷീരകർഷകർക്കിടയിലെ വ്യത്യസ്തനായ മാത്യുവിന്റെ പശുക്കളുടെ പേരിനും പ്രത്യേകതകളുണ്ട്. കൊച്ചു പശു, ചൊവന്ന പശു എന്നിങ്ങനെയാണ് പേരുകൾ. കന്നുകാലികളോട് മാത്യുവിന് നല്ല സ്നേഹമാണെന്നും ആരുമില്ലെങ്കിലും ഇവയുടെ കാര്യങ്ങൾ മാത്യു നോക്കുമെന്നും അമ്മ പറയുന്നു. പശുക്കളെ ഒരിക്കലും വിൽക്കില്ലെന്നാണ് ഈ കുട്ടി കർഷകന്റെ തീരുമാനം ഭാവിയിൽ ഒരു മൃഗ ഡോക്ടറാകണമെന്നുറപ്പിച്ചാണ് പഠനം. .
English Summary: Mathew's cattle farm Idukki