കാർഡ് ബോര്‍ഡിൽ തീർത്ത സ്കൂളും വീടും കപ്പലും; കുഞ്ഞൻ രൂപങ്ങളുണ്ടാക്കി മുകുന്ദൻ
Mail This Article
കോവിഡ് മൂലം സ്കൂളുകള്‍ പൂട്ടിയപ്പോള്‍ വെറുതെയിരിക്കാന്‍ ആലപ്പുഴ തമ്പകച്ചുവട്ടിലെ എം.മുകുന്ദനെന്ന പത്തുവയസുകാരന് തയാറായില്ല. കാര്‍ഡ്ബോര്‍ഡ് കൊണ്ട് വീടിന്റെ സ്കൂളിന്റെയും വാഹനങ്ങളുടെയും മിനിയേച്ചര്‍ രൂപങ്ങളുണ്ടാക്കിയാണ് സ്കൂളില്ലാത്ത ബോറടിക്കാലം മുകുന്ദന് മറികടന്നത്. ലോക്ഡൗണ്‍ കാലത്താണ് മകന്റെ കഴിവുകള്‍ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞതും
ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് റോഡ്മുക്ക് ശ്രീലകത്തില്‍ മനോജ് കുമാറിന്റെയും രശ്മിയുടെയും മകനാണ് എം.മുകുന്ദന് എന്ന പത്തുവയസുകാരന്. തമ്പകച്ചുവട് ഗവണ്മെന്റ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി. ലോക്ഡൗണ്‍ കാലത്തെ കുസൃതികളൊഴിവാക്കാന്‍ എന്തു ചെയ്യുമെന്നറിയായാതെ വിഷമിച്ചു നിന്ന അച്ഛനോടും അമ്മയോടും കാര്‍ഡ് ബോര്‍ഡും പശയും വാങ്ങിത്തന്നാല്‍ മതിയെന്നാണ് മുകുന്ദന് പറഞ്ഞത്. പഴയ കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ കീറി ബസും വള്ളവും കപ്പലും വീടും ആനയും വിമാനവും എല്ലാം മുകുന്ദന് നിര്‍മിച്ചു. അച്ചന്റെ പഴയ ഹെല്‍മറ്റ് ഉപയോഗിച്ച് ഹെലികോപ്റ്ററിന്റെ മാതൃകയുമുണ്ടാക്കി. സ്കൂളിലെ പൊന്നമ്മ ടീച്ചര്‍ പറഞ്ഞപ്പോള്‍ സ്കൂളിന്റെ മിനിയേച്ചര്‍ രൂപവും നിര്‍മിച്ചു.
മുകുന്ദന് നിര്‍മിക്കുന്ന മാതൃകകളില്‍ പെയിന്റെ ചെയ്യുന്നത് ചിത്രകാരികൂടിയായ ചേച്ചി ശിവനന്ദന. ലോക്ഡൗണ്‍ കാലത്താണ് മകന്റെ കഴിവുകള്‍ ശരിക്കും തിരിച്ചറിഞ്ഞതെന്ന് മനോജ് കുമാര്‍.
കത്രികയാണ് ഉപയോഗിക്കുന്ന ഏക ആയുധം.കുപ്പിയുടെ അടപ്പ്, പേപ്പര്‍ എന്നിവയും ഉപയോഗിക്കും. ഇനി സ്വന്തമായി ഒരു യുട്യൂബ് ചാനല്‍ നിര്‍മിച്ച് ഇക്കാര്യങ്ങളെല്ലാം മറ്റുള്ളവരെയും പഠിപ്പിക്കണമെന്ന ആഗ്രഹമാണ് മുകുന്ദനുള്ളത്.
English summary: Ten year old student Mukundhan makes miniature of school and home