ഇത് ഒന്നൊന്നര വെറൈറ്റി, ഹൂല ഹൂപ്പിങ്ങിനിടെ നാടോടി നൃത്തം: അമ്പരപ്പിക്കും ഈ ആറാം ക്ലാസുകാരിയുടെ പ്രകടനം
Mail This Article
ഹൂല ഹൂപ്പിങ്ങ് ചെയ്യാൻ ഒരു തവണയെങ്കിലും ശ്രമിച്ചവർക്ക് അറിയാം റിങ്ങ് ശരീരത്തിൽ ബാലൻസ് ചെയ്ത് നിർത്തുന്നത് എത്ര ബുദ്ധിമുട്ടുള്ള പരിപാടിയാണെന്ന്. അപ്പോൾ ഹൂല ഹൂപ്പിങ്ങ് ചെയ്തുകൊണ്ട് ഡാൻസ് കളിച്ചാലോ. അതും റിങ് ബാലൻസ് ചെയ്യാൻ പറ്റുന്ന തരം വെസ്റ്റേൺ പാട്ടൊന്നുമല്ല. നല്ല ഒന്നാന്തരം ഒരു നാടോടിനൃത്തം. അത്തരമൊരു പ്രകടനം കാഴ്ചവെച്ച് അമ്പരപ്പിക്കുകയാണ് അഹാന ബിജു എന്ന കൊച്ചുമിടുക്കി.
വയനാട് എച്ചോം സർവ്വോദയ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഈ പതിനൊന്നുകാരി. ഹൂല ഹൂപ്പിങ്ങിനിടെ നൃത്ത ചുവടുകൾ നെല്ലിട പിഴക്കാതെയാണ് അഹാനയുടെ പ്രകടനം. അതും നാടോടിനൃത്തത്തിന്റെ വേഷത്തിൽ തന്നെ. എന്നാൽ ഇത് ആദ്യമായല്ല അഹാന ഹൂല ഹൂപ്പിങ്ങ് ചെയ്തുകൊണ്ട് നൃത്തം ചെയ്യുന്നത്. മുൻപ് റാസ്പുട്ടിൻ, എൻജാമി, റൗഡി ബേബി തുടങ്ങിയ നിരവധി ഹിറ്റ് പാട്ടുകൾക്ക് ഹൂല ഹൂപ്പിങ്ങിനൊപ്പം ഈ മിടുക്കി മനോഹരമായി ചുവടു വച്ചിട്ടുണ്ട്.
വ്യത്യസ്തമായ ഈ നൃത്താവതരണം സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ അഹാനയ്ക്ക് ആശംസകളുടെ പ്രവാഹമാണ്. ഇത്ര ചെറിയ പ്രായത്തിൽ ഇങ്ങനെയൊരു കഴിവ് അമ്പരപ്പിക്കുന്നതാണ് എന്ന് പലരും പ്രതികരിക്കുന്നു. അഹാന നാളെ ലോകമറിയുന്ന വലിയൊരു നർത്തകിയാകുമെന്ന് ആശംസിക്കുന്നവരും കുറവല്ല.
English summary : Little girl Hula Hoop while dance amazing performance