ഓർത്തിരിക്കുന്നത് 200 ദിനോസറുകളെ: 6 റെക്കോർഡുകളുമായി മലയാളി ബാലൻ
Mail This Article
നമുക്ക് എത്ര ദിനോസറുകളെയറിയാം. ജുറാസിക് പാർക്കിലെ പ്രശസ്തമായ ടി.റെക്സിനെ പലർക്കുമറിയാമായിരിക്കും. ചിലർക്ക് രണ്ട് മൂന്നെണ്ണത്തിന്റെ പേരു കൂടി മനപാഠമായിരിക്കും. എന്നാൽ കൊച്ചി കാക്കനാട് ഭാവൻസ് ആദർശ വിദ്യാലയത്തിലെ രണ്ടാംക്ലാസ് വിദ്യാർഥിയായ ആദികൃഷ്ണൻ വി.ഭരതിന് 200 ദിനോസറുകളുടെ പേരറിയാം. പേരുമാത്രമല്ല, അവയുടെ ഭക്ഷണം മറ്റു സവിശേഷതകൾ, ഏതെല്ലാം രാജ്യങ്ങളിലാണ് അവയുടെ ഫോസിലുകൾ കണ്ടെടുത്തത് തുടങ്ങി സകലവിവരങ്ങളും ആദി പറയും. ഈ താൽപര്യം ആദിയെ നയിച്ചത് രാജ്യത്തിനകത്തും പുറത്തുമുള്ള റെക്കോർഡ് നേട്ടങ്ങളിലേക്കാണ്. കലാം വേൾഡ് റെക്കോർഡ്സ്, ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക് ഓഫ് റെക്കോർഡ്സ് എന്നിങ്ങനെ മൂന്ന് പ്രശസ്തമായ റെക്കോർഡുകളിൽ രണ്ട് കാറ്റഗറികളിലായാണു ആദി ആറ് തവണ ഇടം പിടിച്ചത്. ഒരു മിനിറ്റിൽ 94 ദിനോസറുകളെ കണ്ടെത്തി പേരു പറയാൻ കഴിവുള്ള ആദിക്ക്, 2 മിനിറ്റ് 50 സെക്കൻഡിൽ 132 ദിനോസറുകളെക്കുറിച്ചും അവയുടെ ഭക്ഷണക്രമത്തെപ്പറ്റിയും പറയാമെന്നും റെക്കോർഡ് സമിതികൾ പറയുന്നു.
കാക്കനാട് ഇൻഫോപാർക്കിൽ ഐടി കമ്പനിയായ ടാറ്റ കൺസൽട്ടൻസി സർവീസസിൽ ജീവനക്കാരായ ഭരത് രാജന്റെയും വിജിത പ്രസാദിന്റെയും രണ്ടു മക്കളിൽ മൂത്തയാളാണു ഏഴുവയസ്സുകാരനായ ആദികൃഷ്ണൻ. പ്രശസ്ത നാദസ്വരം വാദകരായ അമ്പലപ്പുഴ സഹോദരിലെ ഇളയ ആളായ രാമകൃഷ്ണപ്പണിക്കർ ആദിയുടെ മുതുമുത്തച്ഛനാണ്. കാക്കനാടാണു താമസമെങ്കിലും ലോക്ഡൗൺ തുടങ്ങിയപ്പോൾ അച്ഛനമ്മമാരോടൊപ്പം മുത്തച്ഛന്റെ കോട്ടയത്തെ വീട്ടിലാണ് ആദിയുള്ളത്.
അഞ്ച് വയസ്സുതൊട്ടു തന്നെ ഡിസ്കവറി ചാനലിലെയും നാഷനൽ ജ്യോഗ്രഫിക് ചാനലിലെയുമൊക്കെ ശാസ്ത്രാധിഷ്ഠിത പരിപാടികൾ ആദി കാണുമായിരുന്നു. ബഹിരാകാശം സംബന്ധിച്ച പരിപാടികളായിരുന്നു ആദ്യകാലത്ത് കണ്ടിരുന്നത്. പിന്നീടെപ്പോഴോ ദിനോസറുകളിലേക്കായി താൽപര്യം. ദിനോസറുകളെക്കുറിച്ചുള്ള ഡോക്യുമെന്ററികൾ, ജുറാസിക് പാർക്ക് പോലുള്ള സിനിമകൾ, വിവിധ വെബ്സീരീസുകൾ എന്നിവയെല്ലാം ഒന്നൊഴിയാതെ ആദി കണ്ടു തുടങ്ങി.
മകന്റെ ഈ താൽപര്യം മനസ്സിലാക്കിയ മാതാപിതാക്കൾ ദിനോസറുകളെക്കുറിച്ചുള്ള ഒരു എൻസൈക്ലോപീഡിയ ആദിക്കു വാങ്ങി നൽകി. അതു പഠിക്കലായിരുന്നു ഈ കൊച്ചുമിടുക്കന്റെ പിന്നീടുള്ള ഇഷ്ടവിനോദം. ഇന്ന് ഇരുന്നൂറിലേറെ ദിനോസറുകളുടെ പേരുകളും സവിശേഷതകളും ആദിക്ക് അച്ചട്ടാണ്. ജുറാസിക് പാർക്ക് സിനിമകളിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷരുടെ ഹൃദയം കീഴടക്കിയ ടൈറാനോസെറസ് റെക്സ്, വെലോസിറാപ്റ്റർ എന്നീ ദിനോസറുകളാണ് ആദിയുടെ പ്രിയപ്പെട്ടവ.
അഞ്ചര വയസ്സുമുതൽ ആദി വായന തുടങ്ങിയെന്നും നന്നായി വായിക്കാറുണ്ടെന്നും അമ്മ വിജിത പറയുന്നു. ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ.നാരായണമൂർത്തിയുടെ ഭാര്യ സുധാ മൂർത്തിയുടെ കൃതികളാണ് കൂടുതലിഷ്ടം. സുധാമൂർത്തിയുടെ ഹൗ ദ എർത് ഗോട്ട് ഇറ്റ്സ് ബ്യൂട്ടി എന്ന പുസ്തകമാണ് ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നത്. ഭാവിയിൽ ഒരു ബഹിരാകാശ യാത്രികനാകണമെന്നായിരുന്നു ആദിയുടെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ ദിനോസർ സ്നേഹം തലയ്ക്കു പിടിച്ച ശേഷം പാലിയന്റോളജിസ്റ്റാകാനാണു താൽപര്യം. ബ്രിട്ടനിലും മറ്റും ദിനോസറുകൾക്കായി മ്യൂസിയങ്ങളും ക്ലബ്ബുകളുമൊക്കെ യഥേഷ്ടമുണ്ട്. കോവിഡ് പ്രതിസന്ധി മാറിയ ശേഷം ഇത്തരം ഏതെങ്കിലും ദിനോസർ മ്യൂസിയത്തിൽ ആദിയെ കൊണ്ടുപോകാനാണു മാതാപിതാക്കളുടെ പദ്ധതി. ദിനോസറുകളല്ലാതെ മറ്റ് പ്രാചീന ജീവികളെക്കുറിച്ചുള്ള വിവരങ്ങളിലും ആദിക്ക് താൽപര്യമുണ്ട്. ഇവയെല്ലാം ചേർത്ത് ഒരു യൂട്യൂബ് ചാനലിൽ ഇടയ്ക്കിടെ വിഡിയോകളും അപ്‌ലോഡ് ചെയ്യുന്നുണ്ട്.
പഠനത്തിലും ഇതേ നിലവാരം ആദി കാത്തുസൂക്ഷിക്കുന്നുണ്ട്. കഴിഞ്ഞ അധ്യയനവർഷം സ്കൂളിലെ ഏറ്റവും മികച്ച വിദ്യാർഥിയായിരുന്നു. സ്പെല്ലിങ് ബീ മത്സരത്തിൽ ദേശീയതലത്തിൽ 25ാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും ആദിക്കുണ്ട്. ദിനോസറുകൾ കൂടാതെ ചിത്രരചന, ഫുട്ബോൾ, ക്രിക്കറ്റ് എന്നിവയും ഈ ഏഴ് വയസ്സുകാരന്റെ പ്രിയപ്പെട്ട ഹോബികളാണ്. ഐടി മേഖലയിൽ ജോലി ചെയ്യുന്നതിനാൽ മക്കളുടെ കാര്യങ്ങളൊക്കെ നോൽക്കാനും താൽപര്യങ്ങൾ മനസ്സിലാക്കാനും മാതാപിതാക്കൾക്കു സാധിക്കുമോയെന്ന് നിരവദിപ്പേർ തന്നോടു ചോദിക്കാറുണ്ടെന്ന് വിജിത പ്രസാദ് പറയുന്നു. എന്നാൽ ഐടിയിലുള്ള മാതാപിതാക്കൾക്കു പ്രത്യേകിച്ചു വ്യത്യാസമൊന്നുമില്ലെന്നും മറ്റെല്ലാവരെയും പോലെ തന്നെ കുട്ടികളുടെ താൽപര്യങ്ങൾക്ക് ഇവർ പ്രഥമ പരിഗണന കൊടുക്കാറുണ്ടെന്നുമാണ് ഈ അമ്മയുടെ അഭിപ്രായം. ആദിക്ക് ഒന്നരവയസ്സുള്ള ഒരു കുഞ്ഞനിയൻ കൂടിയുണ്ട്, അദ്വിത്കൃഷ്ണൻ വി.ഭരത് എന്നാണു പേര്.
English summary : Keralite toddler cracks dinosaurian challenge bags three records