ADVERTISEMENT

മെക്സിക്കോയിലെ ലഹ്വാക് എന്ന ചേരി പ്രദേശത്താണ് അഥാര പെരസ് എന്ന എട്ടുവയസ്സുകാരിയുടെ വീട്. പരിമിതമായ ജീവിത സാഹചര്യങ്ങൾക്കിടയിലും തന്റെ ബുദ്ധിശക്തികൊണ്ട് ലോകത്തിലെ കോടിക്കണക്കിന് കുട്ടികളിൽ നിന്നും വ്യത്യസ്തയാവുകയാണ് അഥാര. ആൽബർട്ട് ഐൻസ്റ്റീൻ, സ്റ്റീഫൻ ഹോക്കിങ് എന്നിവരെ വെല്ലുന്ന ബുദ്ധിശക്തിയാണ് ഈ മിടുക്കിയുടേത്. അഥാര ഓട്ടിസം ബാധിതയാണ് എന്നുള്ളതാണ് എടുത്തുപറയേണ്ട കാര്യം. 

മൂന്ന് വയസ്സ് പ്രായമുള്ളപ്പോഴാണ് അഥാരയ്ക്ക് ആസ്പേർജസ് സിൻഡ്രോം ആണെന്ന് കണ്ടെത്തിയത്. ഇത്തരക്കാർക്ക് സാമൂഹികമായി ഇടപെടാനുള്ള കഴിവ് കുറവായിരിക്കും. സ്കൂൾ സമയങ്ങളിൽ അഥാര ക്ലാസിലിരുന്ന് ഉറങ്ങുന്നതായും പഠനത്തിൽ താൽപര്യം കാണിക്കുന്നില്ല എന്നുമായിരുന്നു അധ്യാപകരുടെ പരാതി. ഇതിനൊപ്പം കൂട്ടുകാരുടെ കളിയാക്കൽ കൂടിയായതോടെ സ്കൂളിലേക്ക് പോകാൻ തന്നെ അഥാരയ്ക്ക് മടിയായി. 

മകൾക്ക് സാരമായ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കിയ അമ്മ സൈക്യാട്രിസ്റ്റിന്റെ സഹായം തേടി. ചികിത്സയുടെ ഭാഗമായാണ് ഐക്യു നില പരിശോധിച്ചത്. ടെസ്റ്റിൽ 162 ആയിരുന്നു അഥാരയുടെ സ്കോർ. ഐസ്റ്റീന്റെയും ഹോക്കിങ്ങിന്റെയും  ഐക്യു സ്കോർ 160 ആണ്. അതായത് പഠിക്കാൻ സഹായകരമാകുന്ന ഒരു പരിതസ്ഥിതി ഉണ്ടാവണം എന്നത് മാത്രമായിരുന്നു അഥാരയുടെ പ്രശ്നം. അങ്ങനെ ഒരു സ്കൂൾ കണ്ടെത്തിയായിരുന്നു പിന്നീടുള്ള പഠനം. എട്ടു വയസ്സ് പ്രായം എത്തിയപ്പോഴേക്കും ഹൈസ്കൂൾ തലം വരെയുള്ള വിദ്യാഭ്യാസം അഥാര പൂർത്തിയാക്കി. ഇതിനിടെ ഓൺലൈനായി രണ്ട് ബിരുദങ്ങളും  കരസ്ഥമാക്കി. 

സ്വന്തം അനുഭവങ്ങൾ വിവരിച്ചുകൊണ്ട് 'ഡു നോട്ട് ഗിവ് അപ്' എന്ന ഒരു പുസ്തകവും ഈ കൊച്ചു മിടുക്കി രചിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളുടെ വികാരങ്ങൾ  നിരീക്ഷിക്കുന്നതിന് സഹായകരമാകുന്ന ഒരു സ്മാർട്ട് ബ്രേസ്‌ലെറ്റിന് രൂപം നൽകി കൊണ്ടിരിക്കുകയാണ് അഥാര ഇപ്പോൾ. കുട്ടികൾ സമ്മർദ്ദത്തിലാകും മുൻപേ മാതാപിതാക്കൾക്ക് അത് തിരിച്ചറിയാൻ  ഈ ഉപകരണം സഹായിക്കും എന്നാണ് അഥാരയുടെ കണക്കുകൂട്ടൽ. അരിസോണ സർവകലാശാലയിൽ നിന്നും ആസ്ട്രോഫിസിക്സ് പഠിക്കണം എന്നതാണ് ഈ അത്ഭുതബാലികയുടെ ആഗ്രഹം. പ്രവേശന പരീക്ഷ പാസാകുന്നത് ഇംഗ്ലീഷ് പഠിച്ചെടുക്കാനുള്ള ശ്രമത്തിലാണ് അഥാര.

English summary: Eight year old Mexican girl with a higher IQ than Einstein

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com