ADVERTISEMENT

റുബിക്സ് ക്യൂബിൽ തന്റെ പേരു തെളിയിച്ച കൊച്ചു മിടുക്കനൊപ്പമുള്ള ശശി തരൂരിന്റെ ട്വീറ്റ് വൈറലാകുന്നതിനു മുൻപേ അഫാൻ കുട്ടിയെ ലോകം അറിയും. റുബിക്സ് ക്യൂബിനോട് അഫാന്റെ വിരലുകൾക്കു പ്രണയമാണ്. നിമിഷ നേരം കൊണ്ട് വിരലുകൾ താളാത്മകമായി ചലിപ്പിച്ച് ക്യൂബിന്റെ കട്ടകൾ ക്രമപ്പെടുത്തുന്ന മാജിക്ക് വശമുണ്ട് ഈ മിടുക്കൻ കുട്ടിക്ക്.  വിവിധ തരം റുബിക്സ് ക്യൂബുകൾ കണ്ണുകെട്ടിയും അല്ലാതെയും ക്ഷണനേരം കൊണ്ട് ശരിയാക്കുന്ന കൊട്ടാരക്കര സ്വദേശിയായ പതിനൊന്നാം ക്ലാസ് വിദ്യാർഥി അഫാനും കുടുംബവും കാലങ്ങളായി മുംബൈ നഗരത്തിലാണു താമസം. 

ചുരുങ്ങിയ സമയം കൊണ്ട് റുബിക്സ് ക്യൂബുകൾ ശരിയാക്കുന്നതിനു പുറമേ ക്യൂബുകളിൽ അക്ഷരങ്ങൾ തെളിയുന്ന രീതിയിൽ കട്ടകൾ ക്രമപ്പെടുത്തി പേരുകൾ പാട്ടുകൾ വാക്യങ്ങൾ എന്നിങ്ങനെ എഴുതാനും അഫാൻ മിടുക്കനാണ്. കണ്ണു കെട്ടിയാണ് പ്രകടനം. ഇംഗ്ലീഷ് അക്ഷരങ്ങൾക്കു പുറമേ മലയാളം, ഹിന്ദി, പഞ്ചാബി, അറബിക് അക്ഷരങ്ങളും ക്യൂബുകളിൽ വിരിയിക്കും.

afankutty-creates-wonders-in-rubix-cube-solving

ലോക്ഡൗൺ കാലത്ത് വീട്ടിൽ ലോക്കായിപ്പോയപ്പോൾ അഫാന്റെ മൊബൈൽ ഫോണിനു വിശ്രമം കുറവായിരുന്നു. ഫോണിൽ കളി കൂടിയപ്പോൾ കണ്ണിന്റെ കാഴ്ച്ച കുറഞ്ഞ മകന്റെ ഏകാഗ്രത വർധിപ്പിക്കുന്നതിനും കഴിവ് തെളിയിക്കുന്നതിനുമായി രണ്ടു വർഷം മുൻപ് പിതാവ് ബിജു കുട്ടിയാണ് റുബിക്സ് ക്യൂബുമായി കൂട്ടുകൂടാൻ പ്രേരിപ്പിച്ചത്. യൂട്യൂബ് വിഡിയോകൾ കണ്ടും വായിച്ചും തനിയേ റുബിക്സ് ക്യൂബിനെ വരുതിയിലാക്കി. 10 മണിക്കൂറോളം ഫോണിൽ ചിലവഴിച്ചിരുന്ന മകൻ റുബിക്സ് ക്യൂബുമായുള്ള ചങ്ങാത്തം തുടങ്ങിയതോടെ ഏകാഗ്രതയും പഠനശേഷിയും വർധിച്ചതായി ബിജു പറയുമ്പോൾ കണ്ണുകളിൽ അഭിമാനം നിറയുന്നു.  

3*3, 7*7,13*13 എന്നിങ്ങനെ വിവിധ തരത്തിലുള്ള ക്യൂബുകൾ ക്രമപ്പെടുത്തി പഠിച്ച അഫാൻ ലിംകാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയിട്ടുണ്ട്. ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സ് എന്നിവയിൽ പല തവണയാണ് അഫാന്റെ പേര് എഴുതിച്ചേർക്കപ്പെട്ടത്. മോട്ടിവേഷൻ പ്രഭാഷണ പരമ്പരയായ ടെഡ് ടോക്സിലും ഈ മിടുക്കന്റെ ശബ്ദമുണ്ട്. അഫാൻസ് ക്യൂബ് അക്കാദമി എന്ന പേരിൽ ഒരു സ്ഥാപനവും ഈ മിടുക്കന് സ്വന്തമായുണ്ട്. റുബിക്സ് ക്യൂബിൽ മായാജാലം തീർത്ത് 12 കാറ്റഗറികളിലായി ഗിന്നസ് വേൾഡ് റെക്കോഡ് നേടാനുള്ള പരിശ്രമത്തിലാണ് അഫാൻ. മൊബൈൽ ഫോണിനോടുള്ള തീവ്രമായ അഭിനിവേശത്തിൽ നിന്ന് താൻ മുക്തനായതിനെക്കുറിച്ച് ഒരു പുസ്തകത്തിന്റെ പണിപ്പുരയിലുമാണ്. ഷീബ കുട്ടിയാണ് അമ്മ. സഹോദരൻ രഹ്യാൻ കുട്ടി.

English summary : Afankutty creates wonders in Rubix Cube solving

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com