ADVERTISEMENT

ഇരുപത്തിയഞ്ച് വർഷം മുൻപ്  അയ്യങ്കാളിപ്പട പാലക്കാട്ട് കലക്ടറെ ബന്ദിയാക്കിയ സംഭവം പ്രമേയമാക്കിയ ‘പട’ എന്ന ചിത്രം വളരെയേറെ ശ്രദ്ധനേടുകയാണിപ്പോൾ. വാർത്തകളിടം നേടിയ ആ യഥാർഥ സംഭവം സസ്‌പെൻസ് ത്രില്ലറായാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. കമൽ കെ.എം. സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍, കനി കുസൃതി, പ്രകാശ് രാജ്, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തൻ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘പട’യിലൂടെ ഒരു കുഞ്ഞുതാരവും ഉദിച്ചുയരുകയാണ്. സിനിമയിൽ വിനായകന്റെയും കനിയുടെയും മകളുടെ വേഷം ചെയ്ത് മലയാള സിനിമയിലേയ്ക്ക് കടന്നെത്തിയിരിക്കുകയാണ് ഇഷിത സുധീഷ് എന്ന ഏഴാംക്ലാസുകാരി. ‘പട’യുടെ പ്രിവ്യൂ കണ്ടിറങ്ങിയവരിൽ പലരും  ഇഷിതയുടെ തകർപ്പൻ പെർഫോമൻസിനെ പ്രശംസിക്കുന്നു. 

∙ അവസരം തുറന്നത് കനി കുസൃതി

സി- ഡിറ്റിൽ പ്രൊഡ്യൂസർ ആയ ജീവ ജയദാസിന്റെയും ശിവ സുധീഷിന്റെയും മകളാണ് ഇഷിത സുധീഷ്. ജീവയുടെ സുഹൃത്തായ കനിയാണ്  ഇങ്ങനെയൊരു സിനിമ വരുന്നുണ്ടെന്നും അതിൽ കനിയുടെ മകളായി ഒരു കുട്ടിയെ ആവശ്യമുണ്ടെന്നും ഇഷിതയെ നിർദ്ദേശിക്കട്ടെയെന്നും ചോദിക്കുന്നത്. അങ്ങനെ മകളുടെ ഒരു വിഡിയോ അയച്ചു കൊടുക്കുകയും അതു കണ്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സിനിമയിലേക്കു തിരഞ്ഞടെുക്കുകയുമായിരുന്നു. ഇഷിതയുടെ സഹോദരനായി ചിത്രത്തിലെത്തിയത് ബാലതാരം ഡാവിഞ്ചിയാണ്. 2019 മേയ് മാസത്തിലാരംഭിച്ച ‘പട’യുടെ ഷൂട്ടിങ് കോവിഡ് കാലത്ത് 2021 ലാണ് പൂർത്തിയായത്. പീച്ചിയ്ക്കടുത്തുള്ള അസുരാംകുന്ന് ഡാമിന്റെ അടുത്തായിരുന്നു ആദ്യ ദിവസത്തെ ഷൂട്ടിങ്. 

interview-with-child-artist-ishitha-sudheesh
ഇഷിതയും അനിയത്തി ഇഷാനിയും

∙ തുടക്കം നാടകത്തിലൂടെ

ചെറിയ ക്ലാസുകളിൽ പഠിയ്ക്കുമ്പോൾ സ്കൂളിലെ നാടകങ്ങളിൽ  ഇഷിത അഭിനയിച്ചിരുന്നു. ഇന്റർസ്കൂൾ മത്സരങ്ങളിലൊക്കെ പങ്കെടുത്തു. പ്രൊഡ്യൂസർ ആയ ജീവയുടെ ഷൂട്ടിങ് ലൊക്കേഷനുകളിലേയ്ക്കുള്ള യാത്രകൾ ഇഷിതയ്ക്കും അനുജത്തി ഇഷാനിയ്ക്കും ഒപ്പം സമ്മാനിച്ചത് അഭിനയ മോഹമാണ്. എൽകെജിയിൽ പഠിക്കുന്ന ഇഷാനിയുടേയും ഇഷ്ടം ഷൂട്ടിങും അഭിനയവുമൊക്കെയാണ്. 

interview-with-child-artist-ishitha-sudheesh
ഇഷിത അച്ഛനും അമ്മയ്ക്കും അനിയത്തിയ്ക്കുമൊപ്പം

∙ ആദ്യം ടെൻഷൻ, പിന്നെ സൂപ്പർ കൂൾ

ആദ്യത്തെ സിനിമ അനുഭവമായിരുന്നതിനാൽ അല്പം ടെൻഷനിലാണ് ‘പട’യുടെ ലൊക്കേഷനിലെത്തിയതെന്ന് ഇഷിത പറയുന്നു. വിനായകൻ  അങ്കിളുമൊത്തുള്ള ആദ്യ സീൻ കഴിഞ്ഞപ്പോൾ സൂപ്പർ കൂളായി. അഭിനയം നന്നായെന്നും ഇനിയും ഇത്തരം നല്ല സിനിമകൾ അഭിനയിക്കാൻ അവസരം തേടിയെത്തട്ടെ എന്നും വിനായകൻ അങ്കിൾ പറഞ്ഞതായും ഇഷിത.

interview-with-child-artist-ishitha-sudheesh3

∙ ഒപ്പം കൂട്ടി പാട്ടും അഭിനയവും

‘പട’യിൽ രണ്ടു പാട്ടിന്റെ ഭാഗമായ ഇഷിത നാലു വർഷമായി ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നുണ്ട്. സ്കൂളിലും പാട്ടുസ്കൂളിലുമൊക്കെ ഏറെ സമ്മാനവും ഈ മിടുക്കിക്കു ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയ സംഗീതമാണ് പഠിക്കുന്നതെങ്കിലും  ഇഷിതയ്ക്കു താല്പര്യം പാശ്ചാത്യ സംഗീതമാണ്. ലോക്ഡൗൺ കാലത്ത് പാട്ടുകളുമായി യുട്യൂബ് വിഡിയോകളും ഇഷിത പുറത്തിറക്കിയിരുന്നു. 

interview-with-child-artist-ishitha-sudheesh
ഇഷിത

∙ പരസ്യ ചിത്രങ്ങളിലും തിളങ്ങി

കെഎസ്എഫ്ഡിസി വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി ‘ഡിവോഴ്സ്’എന്നൊരു ചിത്രം ചെയ്തിരുന്നു. മിനി ഐ.ജി. സംവിധാനം ചെയ്ത ആ ചിത്രത്തിലും ഇഷിത ശ്രദ്ധേയമായ ഒരു വേഷം ചെയ്തു. നാടകം കൂടാതെ പരസ്യ ചിത്രങ്ങളിലും ഈ മിടുക്കി കഴിവു തെളിയിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ചെയ്ത ‘ഡിവോഴ്സ്’ പുറത്തിറങ്ങുന്നതേയുള്ളൂ. നാലാം വയസിൽ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാൻ തുടങ്ങിയതാണ്. ട്രിനിറ്റി ഐ കെയർ ഹോസ്പിറ്റലിന്റെ പരസ്യചിത്രത്തിൽ ആയിരുന്നു ഈ രംഗത്തെ അരങ്ങേറ്റം. കേരള സർക്കാരിന്റെ ഹരിതകേരളം മിഷൻ സംഘടിപ്പിച്ച ‘ജലമാണ് ജീവന്‍’ ക്യാംപെയ്നിന്റെ ഭാഗമായ ആറ് പരസ്യചിത്രങ്ങളിലും ഇഷിത അഭിനയിച്ചിട്ടുണ്ട്. അതുപോല ബാലനിധിയുടെ പരസ്യത്തിൽ ഗായിക ചിത്രയ്ക്കൊപ്പം അഭിനയിച്ചതും വ്യത്യസ്തമായ അനുഭവമായിരുന്നു.

interview-with-child-artist-ishitha-sudheesh5

തിരുവനന്തപുരം പട്ടം സെന്റ് മേരിസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഇഷിത. ‘ഡിവോഴ്സ്’, ‘പട’എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് കോവിഡ് സമയത്തായിരുന്നതിനാൽ ക്ലാസും നഷ്ടമായില്ല. ഇഷിതയുടെ അഭിനയ മോഹത്തിന് അധ്യാപകരുടേയും ഫുൾ സപ്പോർട്ടുണ്ട്.

English : Interview with child artist Ishitha Sudheesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com