ADVERTISEMENT

അമേരിക്കയുടെ പാർലമെന്റ് സ്ഥിതി ചെയ്യുന്ന ഇടവും വിശ്വവിഖ്യാതവുമായ യുഎസ് ക്യാപ്പിറ്റൾ മന്ദിരത്തിന്റെ ചുമരിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിയുടെ പെയിന്റിങ് സ്ഥാപിക്കാൻ ഒരുങ്ങുന്നു. യുഎസിലെ ഫ്ലോറിഡയിൽ സ്ഥിതി ചെയ്യുന്ന ടംപ ഹൈ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ ശ്രദ്ധാ കാർത്തിക്കാണ് അഭിമാനനേട്ടം സ്വന്തമാക്കിയത്. ഹിൽസ്ബോറോ കൗണ്ടിയിലെ ഹൈ സ്കൂൾ വിദ്യാർഥികൾക്കായി ഒരു വാർഷിക ചിത്രപ്രദർശന പരിപാടി ടംപ ആർട് മ്യൂസിയത്തിൽ നടത്തിയിരുന്നു. ഇതിൽ ഒന്നാം സ്ഥാനം നേടിയതാണ് ശ്രദ്ധയുടെ ചിത്രത്തിനെ യുഎസ് ക്യാപ്പിറ്റളിലേക്ക് നയിച്ചത്.ഒരു വർഷം ചിത്രം ക്യാപ്പിറ്റളിന്റെ ചുമരുകളെ അലങ്കരിക്കും.

 

ചെന്നൈയിൽ നിന്നുള്ളവരാണു ശ്രദ്ധയുടെ മാതാപിതാക്കൾ. കേവലം ഒരു വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണു ശ്രദ്ധ അച്ഛനും അമ്മയ്ക്കുമൊപ്പം യുഎസിൽ എത്തിയത്. ഏഴുവയസ്സുള്ളപ്പോൾ മുതൽ ശ്രദ്ധ വരച്ചുതുടങ്ങി. ഇതെത്തുടർന്ന് ശ്രദ്ധയുടെ രക്ഷിതാക്കൾ അവളെയൊരു ചിത്രപഠന ക്ലാസിലും ചേർത്തിരുന്നു.

 ‘പെൻസീവ് ഗേസ് ’ എന്നു പേരിട്ട, ഗ്രാഫൈറ്റ് പെയ്ന്റിങ്ങാണ് ഇപ്പോൾ ശ്രദ്ധയെ പ്രശസ്തയാക്കിയിരിക്കുന്നത്. തന്റെ തന്നെ ചിത്രമാണ് ശ്രദ്ധ ഇതിൽ പെയിന്റ് ചെയ്തിരിക്കുന്നത്. താനെങ്ങനെയാണെന്നു സ്വയം ചിന്തിക്കുന്നതല്ല, മറിച്ച് യഥാർഥ തന്നെ ഈ ചിത്രത്തിലൂടെ വരച്ചിരിക്കുകയാണെന്നു ശ്രദ്ധ പറയുന്നു. ഗ്രാഫൈറ്റിന്റെ വിവിധ ഷേഡുകൾ ഉപയോഗിച്ച് ആഴവും പരപ്പും നൽകിയാണ് സങ്കീർണമായ തന്റെ പെയ്ന്റിങ് ശ്രദ്ധ പൂർത്തീകരിച്ചത്. താടിക്കു കൈ കൊടുത്തു താൻ നോക്കിയിരിക്കുന്ന രീതിയിലാണു ശ്രദ്ധ പെയിന്റിങ് പൂർത്തീകരിച്ചത്.

 

ചിത്രകലയോടുള്ള അഭിനിവേശം മൂലമാകാം, ഹൈസ്കൂൾ പഠനം കഴിഞ്ഞ് ആർക്കിടെക്ചർ ബിരുദത്തിനു ചേരാനാണു ശ്രദ്ധയ്ക്കു താൽപര്യം. നിലവിൽ ഫ്ലോറിഡയിലെ സിക്കിൾസ് ഹൈ സ്കൂളിലാണു ശ്രദ്ധ പഠിക്കുന്നത്. ഇതാദ്യമായല്ല ശ്രദ്ധ കാർത്തിക് ഒരു ചിത്രകലാപ്രദർശനത്തിൽ പങ്കെടുക്കുന്നത്. എട്ടാം ക്ലാസ് മുതൽ പലപ്രദർശനങ്ങളിലും ശ്രദ്ധ ഭാഗഭാക്കാണ്. സാൽവഡോർ ഡാലി മ്യൂസിയം ആനുവൽ ആർട് കോംപറ്റിഷൻ തുടങ്ങിയ ശ്രദ്ധേയ പ്രദർശനങ്ങളും ഇതിൽ പെടും. ഇതിൽ പലതിലും തന്റെ പെയിന്റിങ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും ശ്രദ്ധ പറയുന്നു. കലയ്ക്കും ചിത്രരചനയ്ക്കുമൊക്കെ വലിയ പ്രാധാന്യം കൊടുക്കുന്ന സ്ഥലമാണ് ഹിൽസ്ബൊറോ കൗണ്ടി. ഇതു വഴി 43.32 കോടി യുഎസ് ഡോളർ വരുമാനവും ഇവിടുണ്ടത്രേ. 15000 പേർ ഇവിടെ കലാമേഖലയിൽ ജോലി ചെയ്യുന്നുമുണ്ട്.ശ്രദ്ധ പങ്കെടുത്ത വാർഷിക ചിത്രപ്രദർശന പരിപാടിയിൽ 21 സ്കൂളുകളിലെ വിദ്യാർഥികളാണു പങ്കെടുത്തത്.

 

English Summary : Artwork of Indian American student to be displayed at US capitol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com