പ്രിയപ്പെട്ട ചോക്ലേറ്റ് വാങ്ങാൻ ഇന്ത്യൻ അതിർത്തി പതിവായി നീന്തിക്കടന്ന് ബംഗ്ലദേശ് ബാലൻ !
Mail This Article
ഇഷ്ടപ്പെട്ട ഒരു സാധനം വാങ്ങാൻ എത്ര ദൂരം വരെയും സഞ്ചരിക്കുന്ന ചിലരുണ്ട്. എന്നാൽ തനിയ്ക്ക് പ്രിയപ്പെട്ട ചോക്ലേറ്റ് വാങ്ങാൻ ഇന്ത്യൻ അതിർത്തി നീന്തി കടന്ന ഒരു ബംഗ്ലാദേശി ബാലന്റെ സാഹസിക യാത്രയാണ് വാർത്തയാകുന്നത്. ബംഗ്ലാദേശ് ഗ്രാമത്തിലെ താമസക്കാരനായ ഇമാൻ ഹൊസൈൻ എന്ന കുട്ടിയാണ് തന്റെ പ്രിയപ്പെട്ട ഇന്ത്യൻ ചോക്ലേറ്റ് വാങ്ങുന്നതിനായി ഷൽദാ നദി പതിവായി നീന്തിക്കടന്നിരുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള രാജ്യാന്തര അതിർത്തിയാണീ നദി. ത്രിപുരയിലെ സിപാഹിജാല ജില്ലയിലെ ഒരു കടയിൽ നിന്നാണ് ചോക്ലേറ്റ് വാങ്ങിയിരുന്നത്. രാജ്യങ്ങൾ തമ്മിൽ വേർതിരിക്കുന്ന മുള്ളു വേലിയിലെ ദ്വാരത്തിലൂടെ നുഴഞ്ഞുകയറുകയും തിരികെ അതേ പോലെ തന്നെ വീട്ടിലേയ്ക്ക് മടങ്ങുകയുമാണ് ഇമാന്റെ പതിവ്.
ഈ സാഹസിക യാത്ര ഒടുവിൽ ഇമാന്റെ അറസ്റ്റിലാണ് അവസാനിച്ചത്. അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) പിടികൂടിയതോടെ ഈ ബാലന്റെ പതിവായുള്ള സാഹസികതയും അവസാനിച്ചു. ബംഗ്ലാദേശിലെ കൊമില്ല ജില്ലയിൽ താമസിക്കുന്ന കുട്ടി ചോക്ലേറ്റ് വാങ്ങുന്നതിനായി ഇന്ത്യയിലേക്ക് വരുന്നതാണെന്ന് സമ്മതിച്ചു. ഇമാന്റെ പക്കൽ നിന്നും 100 ബംഗ്ലാദേശി ടാക്ക മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. നിയമവിരുദ്ധമായി ഒന്നും കൈവശം വെച്ചിട്ടില്ലെങ്കിലും സാധുവായ രേഖകളില്ലാതെ ഇന്ത്യയിൽ പ്രവേശിച്ചതിനാണ് അറസ്റ്റ് ചെയ്തത്.
English Summary : Bangladeshi boy swims across India border to buy his favourite chocolate