ഡൗൺ സിൻഡ്രോം ഒന്നിനും ഒരു തടസമല്ല; ലോകത്തിന്റെ നെറുകയിൽ അവ്നിശ്
Mail This Article
ഡൗൺ സിൻഡ്രോം ബാധിച്ച, മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിനെ ദത്തെടുത്തു കൊണ്ട് വാർത്തകളിലും ജനമനസുകളിലും ഇടം നേടിയ യുവാവാണ് ആദിത്യ തിവാരി. വെറും ഇരുപത്തിരണ്ട് മാസം മാത്രം പ്രായമുള്ളപ്പോഴാണ് ഈ കുഞ്ഞിനെ ആദിത്യ സ്വന്തമാക്കുന്നത്. അവ്നിശ് തിവാരി എന്ന പേരിട്ടു വളർത്തിയ ഈ കുഞ്ഞ് ആദിത്യയുടെ ജീവിതത്തിന്റെ ഭാഗമായി മാറി. ഏറ്റവും പ്രായം കുറഞ്ഞ സിംഗിള്‍ പേരന്റ് എന്നതായിരുന്നു ആദിത്യയ്ക്കു കിട്ടിയ വിശേഷണം. ഇപ്പോഴിതാ അവ്നിശിന്റെ ഒരു നേട്ടം ലോകത്തെ അറിയിക്കുകയാണ് ആദിത്യ തിവാരി. ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ് കൊടുമുടിയുടെ നെറുകയിലെത്തിയ സന്തോഷവാർത്തയാണ് ചിത്രങ്ങൾക്കൊപ്പം അദേഹം അഭിമാനപൂർവം പങ്കുവച്ചത്.
എവറസ്റ് കൊടുമുടിയുടെ 5500 മീറ്റർ ഉയരത്തിൽ ഇന്ത്യൻ പതാകയുമേന്തി നിൽക്കുന്ന തന്റേയും അവ്നിശിന്റേയും ചിത്രങ്ങളാണ് ആദിത്യ പങ്കുവച്ചത്. ഏഴ് വയസ്സാണ് അവ്നിശിനിപ്പോൾ. എവറസ്റ് കൊടുമുടിയുടെ 5,500 മീറ്റർ (18,200 അടി) ഉയരത്തിൽ എത്തിയ ക്രോമസോം ഡിസോർഡറുമായി ജനിച്ച ആദ്യത്തെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയുമാണ് അവ്നിശ്. പ്രത്യേക പരിഗണന വേണ്ടുന്നവരോടും അനാഥരോടുമുള്ള ധാരണ മാറ്റാനാണിതെന്നെന്നും ഭയത്തിന്റെ അഭാവമല്ല ധൈര്യം മറിച്ച് അതിന്റെ വിജയമാണെന്ന് ഞാൻ മനസ്സിലാക്കി. ഭയം തോന്നാത്തവനല്ല, ആ ഭയത്തെ ജയിക്കുന്നവനാണ് ധീരൻ എന്നും ആദിത്യ തിവാരി കുറിയ്ക്കുന്നു.
കൃത്യമായ ചികിത്സ, പരിശീലനം, ശ്രദ്ധ, പരിചരണം എന്നിവയിലൂടെ അവ്നിശിൽ പ്രത്യക്ഷമായ മാറ്റങ്ങളുണ്ടാക്കാൻ ഈ അച്ഛനായി. സാധാരണ രീതിയിലുള്ള ഒരു കുട്ടിയെ അമ്മയില്ലാതെ നോക്കുക എന്നത് തന്നെ ശ്രമകരമായ ഒരു കാര്യമായി കാണുന്ന അവസ്ഥയിലാണ് ആദിത്യ ഇങ്ങനെയൊരു കുഞ്ഞിനെ ദത്തെടുക്കുന്നത്. ഇതിനിടക്ക് ആദിത്യ വിവാഹിതനായി. അതോടെ അവിക്ക് ഒരു അമ്മയുടെ സ്നേഹം കൂടി ലഭിച്ചു തുടങ്ങി. ഡൗൺ സിൻഡ്രോം എന്നത് സ്നേഹം നിറഞ്ഞ പരിചരണത്തിലൂടെ ഒരു പരിധിവരെ മറികടക്കാൻ കഴിയുന്ന അവസ്ഥയാണ് എന്ന് തെളിയിക്കുകയായിരുന്നു ഈ അച്ഛനും മകനും.
English summary : Avnish on mount Everest world's highest peak