ADVERTISEMENT

ലോകപ്രശസ്ത ഇംഗ്ലിഷ് സ്‌പെല്ലിങ് മത്സരമായ സ്‌ക്രിപ്‌സ് സ്‌പെല്ലിങ് ബീയിൽ വീണ്ടും വിജയം നേടി ഇന്ത്യൻ അമേരിക്കൻ ബാലിക. അമേരിക്കയിലെ സാൻ അന്റോണിയയിൽ താമസിക്കുന്ന 14 വയസ്സുകാരിയായ ഹരിണി ലോഗനാണ് ഇത്തവണ വിജയിച്ചിരിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാർഥിയായ ഹരിണി മറ്റൊരു ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിയായ വിക്രം രാജുമായാണ് ഫൈനൽ റൗണ്ടുകളിൽ ഏറ്റുമുട്ടിയത്. സമാസമം തുടർന്ന പോരാട്ടത്തിൽ വിജയിയെ നിർണയിക്കാൻ കഴിയാതെ വന്നതോടെ ടൈ ബ്രേക്കിങ്ങിലേക്കു കടക്കുകയായിരുന്നു മത്സരം. അമേരിക്കയിലെ ഡെൻവറിലുള്ള ഏഴാം ക്ലാസ് വിദ്യാർഥിയാണു വിക്രം രാജു.

1925ൽ തുടങ്ങിയ സ്‌പെല്ലിങ് ബീ മത്സരത്തിൽ ആദ്യമായാണ് ടൈബ്രേക്കർ വരുന്നതെന്നതും ഇക്കൊല്ലത്തെ സവിശേഷതയാണ്. സമീപകാലങ്ങളായി ഇന്ത്യൻ വിദ്യാർഥികളാണ് മത്സരത്തിൽ ആധിപത്യം നേടിയിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ആഫ്രിക്കൻ അമേരിക്കൻ വിദ്യാർഥിയായ സാലിയ അവന്‌റ്ഗാർഡ് വിജയം നേടി. 

 

ഇതു നാലാം തവണയാണ് സ്‌ക്രിപ്‌സ് സ്‌പെല്ലിങ് ബീ മൽസരത്തിൽ ഹരിണി പങ്കെടുക്കുന്നത്. യുഎസ് വൈസ് പ്രസിഡന്‌റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിന്റെ ആരാധികയാണ് ഈ കുട്ടി.

13 മുതൽ 18 വരെയുള്ള റൗണ്ടുകളിൽ വിജയിയെ നിശ്ചയിക്കാൻ കഴിയാതെ വന്നതോടെയാണു ടൈബ്രേക്കർ ഘട്ടത്തിലേക്കു മത്സരം നീണ്ടത്. 90 സെക്കൻഡിൽ ഏറ്റവും കൂടുതൽ വാക്കുകളുടെ സ്‌പെല്ലിങ് തെറ്റിക്കാതെ പറയാൻ സാധിക്കാത്തവർക്ക് വിജയം എന്നതാണു ചട്ടം. 90 സെക്കൻഡിൽ 21 വാക്കുകൾ ഹരിണി തെറ്റിക്കാതെ സ്‌പെല്ലിങ് പറഞ്ഞു. വിക്രം രാജുവിന് 15 വാക്കുകളേ പറയാൻ സാധിച്ചുള്ളൂ. ഇതോടെ വിജയം ഹരിണിക്കൊപ്പമായി.

 

മൂർഹെൻ എന്ന വാക്കിന്റെ സ്‌പെല്ലിങ്ങാണ് ഹരിണി അവസാനമായി തെറ്റിക്കാതെ പറഞ്ഞത്. ഒരുതരം കുളക്കോഴിയാണ് മൂർഹെൻ. തെക്കൻ ഏഷ്യയിൽ കാണപ്പെടുന്ന ഒരിനം സുഗന്ധപ്പുല്ലായ സെറേഹ്, പക്ഷിവിഭാഗമായ ഷരാഡ്രിഫോം, ഒരുതരം മാക്കറോണിയായ ഡിറ്റാലിനി തുടങ്ങിയ വാക്കുകളുടെ സ്‌പെല്ലിങ്ങും അക്ഷരം തെറ്റാതെ പറയാൻ ഹരിണിക്ക് സാധിച്ചു. പുസ്തകം വായനയാണ് ഹരിണിയുടെ പ്രധാന ഹോബി. പിയാനോ, യുകുലേലെ തുടങ്ങിയ സംഗീത ഉപകരണങ്ങളും വായിക്കും. സിനിമ കാണുന്നതും ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതും തന്‌റെ വളർത്തുനായയായ മിലോയ്‌ക്കൊപ്പം സമയം പങ്കിടുന്നതും ഹരിണിയുടെ ഇഷ്ട വിനോദങ്ങളാണ്.

 

പ്രശസ്ത സ്‌പെല്ലിങ് ബീ പരിശീലകയായ ഗ്രേസ് വാൾട്ടേഴ്‌സിന്റെ വിദ്യാർഥിയാണ് ഹരിണി. ഗ്രേസ് പരിശീലിപ്പിച്ച 4 വിദ്യാർഥികൾ ഇതിനു മുൻപ് സ്‌പെല്ലിങ് ബീ വിജയിച്ചിട്ടുണ്ട്. ഏകദേശം 40 ലക്ഷം രൂപയോളം സമ്മാനത്തുകയും പുരസ്‌കാരഫലകങ്ങളും ഹരിണിക്കു ലഭിക്കും. സാൻ അന്‌റോണിയയിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ ലോഗൻ ആഞ്ജനേയലു, രാംപ്രിയ എന്നിവരുടെ മകളാണു ഹരിണി. ഇളയ സഹോദരൻ നരേൻ ലോഗൻ. ഇന്ത്യൻ വംശജരായ വിഹാൻ സിബൽ, സഹർഷ് വുപ്പല എന്നീ വിദ്യാർഥികളാണു മൂന്നും നാലും സ്ഥാനങ്ങളിൽ എത്തിയത്.

 

English Summary : Indian American girl Harini Logan wins spelling bee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com