ADVERTISEMENT

കടിച്ചാൽ പൊട്ടാത്ത ഇംഗ്ലിഷ് പറയുന്ന പാത്തുവെന്ന സമ, ചേച്ചി സദയ്ക്കൊപ്പം ക്രേസി സിസ്റ്റേഴ്സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ താരമാണ്. പാത്തുവിന്റെ ഒരു വിഡിയോയെങ്കിലും കണ്ട ആരും ഈ കുസൃതിക്കുരുന്നിനെ ഫോളോ ചെയ്യാതെ പോകില്ല. ചറപറാന്ന് ഇംഗ്ലിഷ് പറയുന്നതിനിടയിൽ നല്ല സ്ഫുടമായി മലയാളം വാക്കുകളും കാച്ചും പാത്തു. ടപ്പ ടപ്പേന്നുള്ള ഈ ഇംഗ്ലിഷ് കേട്ട് കക്ഷി ഏതോ വിദേശ രാജ്യത്താണ് പഠിക്കുന്നതെന്ന് കരുതി. അന്വേഷിച്ചപ്പോഴല്ലേ അറിയുന്നത് നല്ല ഒന്നാന്തരം കാഞ്ഞിരപ്പള്ളിക്കാരിയാണ് പാത്തുവെന്ന്. പഴങ്കഞ്ഞി, ചക്കക്കുരു, ചക്കപ്പഴം, കൊഴുക്കെട്ട എന്നൊക്കെ സ്റ്റൈലിൽ പറഞ്ഞ് പാത്തു കയ്യിലെടുത്തത് നിരവധി ആരാധകരെയാണ്. സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ രണ്ടാംക്ലാസുകാരിയാണ് പാത്തു.

മിക്ക കുട്ടികളും ഇംഗ്ലിഷ് പറയും പക്ഷേ പാത്തുന്റെ ഇംഗ്ലിഷ് വേറെ ലെവലാണ്. സ്കൂളിൽ ഇംഗ്ലിഷിൽത്തന്നെ സംസാരിക്കണമെന്നാണ് നിയമം. ചേച്ചിയുെട കുഞ്ഞു പരിശീലനവുമുണ്ട് പാത്തുവിന്റെ ഈ സ്റ്റൈലൻ സംസാരത്തിനു പിന്നിൽ. സ്കൂളിൽ കൂട്ടുകാരെയൊക്കെ ഇങ്ങനെ ഇംഗ്ലിഷ് പറഞ്ഞ് ഞെട്ടിക്കാറുമുണ്ട് കക്ഷി. ടീച്ചർമാർ ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരം പറയുന്നതും ഇങ്ങനെ തന്നെയാണത്രേ. നല്ല ഒന്നാന്തരം മലയാളത്തിൽ പ്രസംഗിക്കാനും പാത്തുവിനറിയാം.

interview-with-instagram-reels-star-sama-siya-aka-pathu
പാത്തുവും ചേച്ചി സദയും. ചിത്രം: ജെസ്റ്റിന്‍ ജോസ്

പാത്തുവിന് ദേഷ്യം വരുമ്പോഴാണ് ഇത്ര കിടിലൻ ഇംഗ്ലിഷ് വരുന്നതെന്നാണ് അമ്മ ആരതി പറയുന്നത്. പക്ഷേ അങ്ങനൊന്നുമല്ലെന്നു പറയുകയാണ് ഈ കുറുമ്പി. ശരിക്കും പാത്തു സംസാരിക്കുന്നത് ഇങ്ങനെ തന്നെയാണത്രേ. പാത്തുന്റെ ബിഗ്ഗസ്റ്റ് ഫാൻ അപ്പ സിയയാണ്. ഗൾഫിലിരുന്നാണെങ്കിലും സിയാപ്പ കട്ട സപ്പോർട്ടാണ് പാത്തുവിന്. ഭക്ഷണം കഴിക്കുന്നതിനിടെയിലുള്ള വിഡിയോകളാണ് അധികമെങ്കിലും അത്ര ഭക്ഷണപ്രിയയൊന്നുമല്ലെന്നു പറയുകയാണ് പാത്തു. പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്നത് കണ്ടാൽ പാത്തുവിന്റെ ഫേവ്റെറ്റ് ഐറ്റംസാണിതൊക്കെയെന്ന് ആർക്കും തോന്നുമെങ്കിലും അത്രയ്ക്ക് താല്പര്യമൊന്നുമില്ലെന്നു പാത്തു. . 

interview-with-instagram-reels-star-sama-siya-aka-pathu
പാത്തുവും ചേച്ചി സദയും∙ ചിത്രം: ജെസ്റ്റിന്‍ ജോസ്

പാത്തുവിന്റെ തകർപ്പൻ വിഡിയോകൾ കണ്ട് ബേസിൽ ജോസഫിന്റെ പുതിയ ചിത്രമായ ‘പാൽ തൂ ജാൻവറിന്റെ പ്രൊമോ വിഡിയോ’യിൽ അഭിനയിക്കാൻ ഈ കുട്ടിത്താരത്തിന് അവസരം കിട്ടിയിരുന്നു. ചില സിനിമാ അവസരങ്ങളും പാത്തുവിനെ തേടി എത്തുന്നുണ്ട്. ഈ മിടുക്കിയുടെ ഇൻസ്റ്റഗ്രാം റീൽസ് കണ്ട്  ഇന്റർനാഷണൽ ബ്രാൻഡായ മികോ റോബട്ടിന്റെ പരസ്യത്തിൽ മോഡലായും പാത്തു അഭിനയിച്ചു കഴിഞ്ഞു. ചെയ്ത വിവിധ രാജ്യക്കാരായ കുട്ടികളുള്ള ഈ പരസ്യ ചിത്രത്തിൽ കേരളത്തിൽ നിന്നു പാത്തുവിനെയാണ് ഇവർ തിരഞ്ഞെടുത്തത്. സൗദിയിൽ ഇൻസ്ട്രമെന്റൽ അനലിസ്റ്റായ സിയ റാവുത്തറിന്റേയും ആരതി സിയയുടേയും മക്കളാണ് സമയും സദയും.

English Summary : Interview with Sama Siya aka Pathu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com