മകന്റെ കയ്യിൽ 21 വരകൾ; അതിന്റെ അർഥമറിഞ്ഞ് ഹൃദയം നുറുങ്ങി അച്ഛൻ
Mail This Article
കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും കുഞ്ഞു മനസുകളെ ഏറെ നോവിക്കുക തന്നെ ചെയ്യും. അത് മുതുർന്നവരിൽ നിന്നായാലും ക്ലാസിലെ കൂട്ടുകാരിൽ നിന്നായാലും. പലർക്കും മനസിനേക്കുന്ന ആഘാതം വളരെ വലുതായിരിക്കും. നിറത്തിന്റേയും ശരീരത്തിന്റേയുമൊക്കെ പേരിൽ കേൾക്കുന്ന കളിയാക്കലുകൾ അവരെ വല്ലാത്ത അരക്ഷിതാവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കും.. അതവരുടെ പഠനത്തേലും സ്വഭാവത്തേയും പോലും സാരമായി ബാധിക്കും. അത്തരത്തിൽ സ്കൂളിൽ നിന്നേറ്റ ഒറ്റപ്പെടുത്തലുകളും പരിഹാസവും മൂലം സങ്കടത്തിലായ മകനെ കുറിച്ച് പറയുകയാണ് ലണ്ടനിൽ നിന്നുള്ള മാത്യു ബെയേർഡ് എന്ന അച്ഛൻ.
മകന്റെ കയ്യിൽ പേനകൊണ്ടുള്ള 21 വരകൾ കണ്ട് അതെന്തിനാണെന്ന് തിരക്കിയതാണ് അദ്ദേഹം. ആ വരകള്‍ കൊണ്ട് മകൻ അർഥമാക്കിയത് എന്താണെന്നറിഞ്ഞ മാത്യു ബെയേർഡ് ആകെ തകർന്നുപോയി. പുതിയ സ്കൂളിലെത്തിയ അവനെ കുട്ടികൾ ഒറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തതിന്റെ എണ്ണമാണവൻ തന്റെ കയ്യിൽ വരച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ താൻ എത്ര തവണ വാക്കാലോ ശാരീരികമായോ ഉപദ്രവിക്കപ്പെട്ടു എന്നതാണവൻ കയ്യിൽ പേനകൊണ്ട് അടയാളപ്പെടുത്തിയത്.
പതിയ സ്കൂളില്‍ ചേർന്ന് രണ്ട് ദിവസത്തിനുള്ളിൽ 21 തവണയാണ് അവനെ കൂടെയുള്ള കുട്ടികൾ വാക്കാലോ ശാരീരികമാണോ ഉപദ്രവിച്ചത്. ഈ വരകളുടെ ചിത്രം പങ്കുവച്ച് മാത്യു ബെയേർഡ് ട്വിറ്ററിൽ കുറിച്ചതിങ്ങനെയാണ് 'ഇത് ഹൃദയം തകർക്കുന്ന സംഭവമാണ്. സ്കൂൾ ഇവർക്കെതിരെ നടപടി എടുത്തേ മതിയാകൂ. അവരുടെ മാതാപിതാക്കൾക്ക് പിഴ നൽകണം നമ്മുടെ കുട്ടികൾ സ്കൂളിൽ സുരക്ഷിതരാണ് എന്ന് നാം കരുതും. പക്ഷേ, അവർ സുരക്ഷിതരല്ല. എല്ലാവരുമിത് അറിയുന്നതിന് വേണ്ടിയാണ് ഈ ഫോട്ടോ ഷെയർ ചെയ്യുന്നത്.’
നിരവധി രക്ഷിതാക്കളാണ് മാത്യുവിനും മകനും പിന്തുണയുമായെത്തുന്നത്. അവന്റെ വികാരങ്ങൾ ഞങ്ങൾക്ക് മനസിലാകുന്നുണ്ടെന്നും ഇത് ഭയാനകമാണെന്നും. സ്കൂൾ ഇത് ഗൗരവമായി കാണുകയും ഇതിനെതിനെ നടപടി എടുക്കണം എന്നുമൊക്കെയാണ് പലരും കമന്റുകൾ ചെയ്യുന്നത്.
Content Summary : Father reveals meaning behind drawings on his sons hand