‘ഡാഡി നിന്നെ സ്നേഹിക്കുന്നു’; മകൾക്കായി ഹൃദയസ്പർശിയായ വിഡിയോ പങ്കുവെച്ച് അക്ഷയ് കുമാർ
Mail This Article
മകൾ നിതാരയുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ വിഡിയോ പങ്കുവെച്ച് അക്ഷയ് കുമാർ. അക്ഷയ് പലപ്പോഴും നിതാരയുമൊന്നിച്ചുള്ള ചിത്രങ്ങൾ പങ്കിടാറുമുണ്ട്. എങ്കിലും സ്വകാര്യതയെ മാനിച്ച് മക്കളുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങൾ പങ്കുവയ്ക്കാറില്ല. മകളുടെ കൈ പിടിച്ച് മരുഭൂമിയിലൂടെ നടക്കുന്ന ഒരു വിഡിയോ പങ്കുവച്ച് അദ്ദേഹം കുറിച്ചതിങ്ങനെയാണ്.
‘എന്റെ കൈ പിടിച്ച് നടന്ന കുട്ടിയിൽ നിന്നു സ്വന്തം ഷോപ്പിങ് ബാഗ് പിടിച്ച് നടക്കുന്നവളായി മകൾ വളർന്നു. ഇന്ന് 10 വയസ്സ് തികഞ്ഞു. ഡാഡി നിന്നെ സ്നേഹിക്കുന്നു’ നിതാരയുടെ പിറന്നാൾ പാർട്ടിയുടെ വിശേഷം പങ്കുവച്ച് അമ്മ ട്വിങ്കിളും ഇൻസ്റ്റഗ്രാമിലെത്തി. താരങ്ങളുൾപ്പെടെ നിരവധിപ്പേരാണ് ഈ കുട്ടിത്താരത്തിന് പിറന്നാൾ ആശംസകളുമായെത്തുന്നത്.
മകളെ ആശ്ചര്യപ്പെടുത്താനുള്ള ഒരു അവസരവും താരം ഒരിക്കലും പാഴാക്കിയില്ല, മകളുടെ ഒരോ ജന്മദിനത്തിനും അവൾക്കായി മനോഹരമായ ഒരു കുറിപ്പ് അക്ഷയ് കുമാർ എഴുതാറുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് യുകെയിലെ ഒരു അമ്യൂസ്‌മെന്റ് പാർക്കിൽ നിതാരയ്ക്കൊപ്പം നടക്കുന്ന വിഡിയോ താരം പോസ്റ്റ് ചെയ്തിരുന്നു. തന്റെ മകളെ ഒരു അമ്യൂസ്‌മെന്റ് പാർക്കിൽ കൊണ്ടുപോയെന്നും അവൾക്കായി രണ്ട് കളിപ്പാട്ടങ്ങൾ നേടിയെന്നും, അപ്പോൾ മകളുടെ സന്തോഷകരമായ പുഞ്ചിരി കണ്ടപ്പോൾ താൻ ഒരു ഹീറോ ആയതുപോലെ തോന്നിയെന്നുമാണ് അദ്ദേഹം ആ വിഡിയോയ്ക്കൊപ്പം കുറിച്ചത്.
അക്ഷയ് കുമാറിനും ഭാര്യ ട്വിങ്കിളിനും രണ്ട് കുട്ടികളാണ്, ആരവും നിതാരയും. ആരവിന്റ ഇരുപതാം പിറന്നാൾ കഴിഞ്ഞ ദിവസമായിരുന്നു. നിതാരയ്ക്കൊപ്പമുള്ള പുസ്തക വായന അക്ഷയ് ഏറ്റവും ആസ്വദിക്കുന്ന ഒന്നാണ്. അവർക്ക് കഥകൾ വായിച്ചു കൊടുക്കാനും പുതിയ വാക്കുകളും അവയുടെ അർഥവുമൊക്കെ പഠിപ്പിക്കാനും ഈ സൂപ്പർ അച്ഛൻ സമയം കണ്ടെത്താറുണ്ട്. കുട്ടികൾക്കൊപ്പമുള്ള ഈ വായന തനിക്കേറെ ഇഷ്ടമാണെന്ന് അദ്ദേഹം പറയാറുണ്ട്.
Content Summary : Akshay Kumar post a heart touching video on daughter Nitara's birthday